രണ്ട് രാത്രിയും ഒരു പകൽ മുഴുവനും താണ്ടി സമ്പർക്കക്രാന്തി എക്സ്പ്രസ് അസമിലെ വയൽക്കരകളിലൂടെ പായുന്നു. ഇടയ്ക്ക് വേഗം കുറച്ച്, ഏതൊക്കെയോ സ്റ്റേഷനുകളിൽ പിടിച്ചിട്ട്, പിന്നാലെ വേഗത്തിലോടി ഗുവാഹത്തിയോടടുക്കുകയാണ് വണ്ടി.

To advertise here,

മിനിഞ്ഞാന്ന് അർധരാത്രി ഡൽഹി റെയിൽവേ സ്റ്റേഷനിൽ സമ്പർക്കക്രാന്തി വന്ന് നിൽക്കുമ്പഴേയ്ക്ക് തിരക്കോട് തിരക്കായിരുന്നു. ബിഹാർ വഴിയോടുന്ന മറ്റേതൊരു തീവണ്ടിയും പോലെ വലിയ തിരക്ക്. രാജ്യത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും പണിയെടുക്കാനായി പോയി ഇടവേളയിൽ വീടും നാടും അനുഭവിക്കാനായി മടങ്ങിയെത്തുന്ന മനുഷ്യരാണ് അവരിലേറെയുമെന്ന് തോന്നുന്നു.

ജനറൽ കമ്പാർട്മെന്റുകൾക്ക് മുന്നിലേയ്ക്ക് ഓടിയെത്തിയ മഹാഭൂരിപക്ഷത്തിന്റേയും കയ്യിൽ നിറംകുറഞ്ഞ, വലുതും ചെറുതുമായ കുറേ ബാഗുകളുണ്ടായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങളും. തീവണ്ടിപ്പാതയോരങ്ങളിൽ ഏറ്റവും സുന്ദരമായതിലൊന്നാണ് അസം. കഴിഞ്ഞ ദിവസത്തിലെപ്പെഴോ പെയ്ത മഴയിൽ കലങ്ങിമറിഞ്ഞ എത്രയെത്ര വയലുകളാണ് കാണുന്നത്. ഇപ്പോഴും നമ്മുടെ ഗ്രാമങ്ങളിൽ കെട്ടിയുയർത്താത്ത അനേകം കുളങ്ങളില്ലേ? അതേപോലെ വയലും ചീനവലപോലെ കെട്ടിവെച്ച വലകളും കുളങ്ങളുമെല്ലാം നിറഞ്ഞ കാഴ്ച.

പണ്ട് വീട്ടുപറമ്പിലെ അഞ്ചുപുരക്കാരും വെള്ളമെടുത്തിരുന്നത് താഴത്തെ കിണറ്റിൽ നിന്നായിരുന്നു. വേനലായാൽ കിണർ വറ്റി പാറ കാണും. പാറയുടെ ഒരറ്റത്ത് കലങ്ങിച്ചാഞ്ഞ് കിടക്കുന്ന വെള്ളം താഴത്തെ വീട്ടിലുള്ളവർക്ക് പോലും തികയില്ല. ആ ദിവസങ്ങളിൽ വൈകുന്നേരം അലക്കാനുള്ളതെല്ലാമെടുത്ത് ബക്കറ്റിലിട്ട് അമ്മ മുന്നിൽ നടക്കും. തോർത്തും സോപ്പുമായി പിന്നാലെ ഞങ്ങൾ കുട്ടികളും. ഇടയിറങ്ങി വാരര്കണ്ടി മുത്തപ്പന്റെ അമ്പലവും കഴിഞ്ഞ് താഴേയ്ക്ക് നടക്കുമ്പഴേയ്ക്ക് വയല് കണ്ടുതുടങ്ങും. കുലയ്ക്കാറായ വാഴത്തോട്ടത്തിനോരത്ത് കാണിയിൽ വീഴാതെ, വരമ്പത്ത് കൂടി നേരെ നടന്നാൽ മൊലേലേരിക്കുളമായി. വയലിനോട് ചേർന്ന് കിടക്കുന്ന കുളം.

പെരുവണ്ണാമൂഴി കനാൽ തുറന്ന് കിലോ മീറ്ററുകൾക്കിപ്പുറത്തേയ്ക്ക് ഒഴുകിയെത്തിയ വെള്ളം കുളത്തെ ആരോഗ്യവതിയാക്കിയിട്ടുണ്ടാകും. ചെളി കലങ്ങാതെ ശ്രദ്ധിച്ച് കുട്ടികളെല്ലാം കുളിച്ചു രസിക്കും. വെള്ളത്തോട് ചേർന്ന് അൽപ്പം ഉയർത്തിയിട്ട കരിങ്കല്ലിലടിച്ചും കുത്തിപ്പിഴിഞ്ഞും അമ്മ കുപ്പായവും സാരിയുമെല്ലാം അലക്കിയെടുക്കുകയാകും. വെള്ളത്തിൽനിന്ന് മുങ്ങിയെഴുന്നേറ്റ് ഇടയ്ക്ക് അമ്മയ്ക്കടുത്തുപോയി ആ സോപ്പ് വാങ്ങി മേത്ത് തേയ്ക്കും. പിന്നേയും വെള്ളത്തിൽ മുങ്ങും.

കനാൽ വെള്ളം വരുന്നതിന് ആഴ്ചകൾക്ക് മുൻപ് നാട്ടുകാരെല്ലാം ചേർന്ന് ഇതേ കുളം വറ്റിച്ച് ആവോളം മീൻപിടിച്ചതാണ്. വെള്ളം തേകി മറിച്ച്, ചെളി നീക്കി കയ്ച്ചിലിനേയും കടുവിനേയുമെല്ലാം പിടിച്ച് കരയ്ക്കെറിയും. ആ ദിവസം നാട്ടിലാകെ വയൽമീനിന്റെ ചാകരയാണ്. തേങ്ങയരച്ച് കറിവെച്ചും മുളക് പുരട്ടി പൊരിച്ചുമെല്ലാം വയൽമീൻ ഇരുത്തികളിൽ നിറയും.

ഇരുപത് വർഷമെങ്കിലും പഴക്കമുള്ള സുന്ദരമായ ആ ഓർമകളാണ് അസമിലെ തീവണ്ടിക്കാഴ്ച എനിയ്ക്ക് പുതിയതായി സമ്മാനിക്കുന്നത്. പുതിയ പല കാഴ്ചകളും നമ്മെ പഴയ കുറേ മനോഹര നിമിഷങ്ങളിലേയ്ക്ക് കൂടി കൈപിടിച്ച് നടത്തും. ചിലപ്പോൾ ആ പഴമപ്പെയ്ത്തിൽ മുക്കിത്തുവർത്തും. അസം ആ വഴിയിലേയ്ക്ക് കൂടി നടത്തുന്നു.

വശങ്ങൾ കെട്ടിയുയർത്താതെ വയലുകൾക്കിടയിൽ കാണുന്ന ഈ കുളക്കരയിലും അലക്കുകല്ലുണ്ട്. നേരം വെളുത്തിട്ട് കുറച്ചേ ആയുള്ളു. അതുകൊണ്ടാവും അലക്കാനൊന്നും ആരും വന്നു കാണുന്നില്ല. കൊതുമ്പുവള്ളം പോലെ ചെറുതോണിയിൽ അർധനഗ്‌നയായ മനുഷ്യനതാ വയലിന്റെ ഒത്ത നടുക്ക്. നീട്ടിയിട്ട വലപൊക്കി നോക്കിക്കൊണ്ടേയിരിക്കുകയാണ് അദ്ദേഹം. പക്ഷേ, മീനുകളൊന്നും കാണുന്നില്ല. ആ കാഴ്ച പൂർണമാക്കാൻ സമ്മതിക്കാതെ വണ്ടി വേഗത്തിൽ ഗുവാഹത്തിയിലേയ്ക്ക് കുതിക്കുന്നു.

വയലും പറമ്പുമെല്ലാം പിന്നിട്ട് നഗരത്തിരക്കിലേയ്ക്ക് കടന്ന തീവണ്ടിയുടെ വേഗം കുറയുകയാണ്. സീറ്റിന് മുകളിലും താഴെയുമെല്ലാമായി അടുക്കിവെച്ചിരുന്ന പെട്ടിയും ബാഗുകളുമെല്ലാം ആളുകൾ വഴിയോരത്തേയ്ക്ക് നീക്കിവെച്ചു. തീവണ്ടിയുടെ വേഗം പിന്നേയും കുറഞ്ഞു, ഗുവാഹത്തി സ്റ്റേഷനിലേയ്ക്ക് കയറി.

ചുവന്ന നിറത്തിലുള്ള നീളൻ കുപ്പായമിട്ട കുറേ തൊഴിലാളികൾ എസി കമ്പാർട്ട്മെന്റുകൾക്ക് മുന്നിൽ കാത്തുനിൽപ്പുണ്ട്. പലരും കൂലി പറഞ്ഞുറപ്പിക്കുന്നു, ചിലർ കൂലിയെക്കുറിച്ചൊന്നും പറയാതെ തന്നെ പെട്ടികളെടുക്കാൻ പറയുന്നു. തിരക്കുകളെ വകഞ്ഞ് തൊഴിലാളികൾ യാത്രക്കാർക്ക് വഴികാണിച്ച് ടാക്സി സ്റ്റാന്റുള്ളിടത്തേയ്ക്ക് നടക്കുകയാണ്.

ബാഗുകളെല്ലാം തോളിലും കയ്യിലുമായി ഞാനും വൈശാഖും പുറത്തേയ്ക്കിറങ്ങി. റെയിൽവേ സ്റ്റേഷനിലെ കാഴ്ചകളെല്ലാം ഫോട്ടോയും വീഡിയോയുമെടുക്കുകയാണ് വൈശാഖ്. പ്ലാറ്റ്ഫോമിന്റെ നടുവിലായി കുറേപ്പേർ പായവിരിച്ചുറങ്ങുന്നു.

പുലർച്ചെയ്ക്കെപ്പെഴോ എത്തിയ തീവണ്ടിയിൽ നിന്നിറങ്ങിയവരായിരിക്കും. അല്ലെങ്കിൽ അന്തിയുറങ്ങാൻ വേറെ ഇടമില്ലാത്തവർ.

എസ്‌കലേറ്ററിലെ തിരക്കിലേയ്ക്ക് കയറിപ്പറ്റി. പ്രധാന കവാടത്തിലേയ്ക്ക് പോയില്ല, അവിടെയല്ല എതിർവശത്തെ ബസ്റ്റോപ്പിനടുത്താണ് ഷില്ലോങ്ങിലേയ്ക്കുള്ള ഷെയർ ടാക്സികൾ നിർത്തിയിടുക. സ്റ്റേഷന് പുറത്തിറങ്ങുമ്പോൾ പലതരം വാഹനങ്ങൾ കാത്തിരിക്കുന്നു. പ്രായമുള്ള കുറച്ച് മനുഷ്യർ സൈക്കിൾറിക്ഷകളുമായി യാത്രക്കാരെ കാത്തിരിക്കുന്നു. ഏതൊക്കെയോ സ്ഥലങ്ങളുടെ പേര് അവർ വിളിച്ച് പറയുന്നുണ്ട്. ഷില്ലോങ്ങിലേയ്ക്കാണ് എന്ന് പറഞ്ഞപ്പോൾ അവരിലൊരാൾ വശത്തേയ്ക്ക് ചൂണ്ടിക്കാണിച്ചു.

''അവിടെ ഷെയർ ടാക്സിയുണ്ട്.''

ബസ്റ്റോപ്പിന് മുന്നിൽ പലയിടങ്ങളിലേയ്ക്ക് പോകുന്ന പച്ചനിറത്തലുള്ള പുതിയ ബസ്സുകൾ. വഴിയോരത്തെ പെട്ടിക്കടകളിൽ ചായയും ബിസ്‌ക്കറ്റും വിൽക്കുന്നവർ. അതിലും ചെറിയ കടകളിൽ പഴങ്ങൾ വിൽക്കുന്നവർ. രാവിലെത്തന്നെ നഗരം ഉണർന്നിരിപ്പാണ്. ടാക്സി സ്റ്റാൻഡിലേയ്ക്ക് എത്തും മുമ്പ് തന്നെ മൂന്നാലാളുകൾ ചുറ്റും വന്നു.

''എവിടേയ്ക്കാണ്, വരൂ.”

ഷില്ലോങ്ങിലേയ്ക്കുള്ള വണ്ടി റെഡിയാണ്.

നിങ്ങൾക്ക് രണ്ടാൾക്കുമുള്ള സീറ്റുണ്ട്''

ആ വണ്ടിയിലൊന്നും കയറിയില്ല. മൂന്ന് മണിക്കൂറോളം യാത്ര ചെയ്താലേ ഷില്ലോങ്ങിലെത്തൂ. മാത്രമല്ല, പുറത്തേ കാഴ്ചകളെല്ലാം കണ്ട് പോകണമെങ്കിൽ നമുക്ക് സൈഡ് സീറ്റ് വേണമല്ലൊ. അവരുടെ വണ്ടികളിലെ സൈഡ് സീറ്റിലൊക്കെ ആളാണ്. പിറകിലുള്ള സ്വിഫ്റ്റ് ഡിസയർ കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ യുവാവുണ്ട്. അവൻ വലിയ ബഹളമൊന്നും ഉണ്ടാക്കുന്നില്ല.

ഷില്ലോങ്ങിലേയ്ക്ക് എത്രയാ?

''ഒരാൾക്ക് 1000 രൂപ. എല്ലാ വണ്ടിയിലും ഒരേ ചാർജ്ജാണ്''

അതെ, എല്ലാ വണ്ടിയിലും ഒരേ ചാർജ്ജാണ്. ബാഗും സാധനങ്ങളും ഡിക്കിയിലേയ്ക്ക് വച്ചു. ബാക്കി സീറ്റിലേയ്ക്ക് കൂടി ആളുകയറാലേ വണ്ടി പുറപ്പെടു. രണ്ട് പേരുകൂടി വേണം. അതിനായി കാത്തിരിപ്പ് തുടങ്ങുന്നു. ഇവിടെനിന്ന് ഷില്ലോങ്ങിലേയ്ക്ക് പോകും വഴിയാണ് ബെർണിഹാട്ട്. ലോകത്തിലെ ഏറ്റവും മലിനമായ പ്രദേശം. നമുക്കവിടെ പോകണം, ഇത്ര ഭീകരാവസ്ഥയിലേയ്ക്ക് ആ നാട് വീണുപോകാനുള്ള കാരണങ്ങളെക്കുറിച്ച് അറിയണം.