ഫ്രിക്ക വന്യമായ ഒരു സ്വപ്നമായിരുന്നു. യാഥാർഥ്യമായ ശേഷവും അത് ഒരു സ്വപ്നം പോലെ അവശേഷിക്കുന്നു. ഒരു പക്ഷെ, സ്വപ്നത്തേക്കാൾ അവിശ്വസനീയമായ യാഥാർഥ്യം പോലെ. സമ്മിശ്രമായ അനുഭവങ്ങളാണ് ആഫ്രിക്ക എനിക്കു സമ്മാനിച്ചത്. പ്രതീക്ഷിക്കാവുന്നതിനേക്കാൾ വിചിത്രമായ അനുഭവങ്ങൾ. 

ക്യാമറയും കാടുമായുള്ള പ്രണയത്തിന്റെ സംഭവബഹുലമായ ദിനസരികൾ. കെനിയയിലെ മസായി മാര നാഷണൽ പാർക്കിലാണ് കാടിന്റെ ഹൃദയം തേടിയുള്ള യാത്ര തുടങ്ങുന്നത്. മസായി മാരയിലേക്കു കാലെടുത്തു വെക്കുമ്പോൾ തന്നെ നമുക്കു മനസ്സിലാവും. ഇത് ലോകത്തെ ഏഴാമത്തെ ആധുനിക അദ്ഭുതങ്ങളിൽ ഒന്നായത് എങ്ങിനെയാണ് എന്ന്. നൂറുകണക്കിന് അപൂർവ പക്ഷികൾ. നൂറായിരം വന്യജീവികൾ. അതിസുന്ദരമായ താഴ്വരകളും മലനിരകളും. നിറങ്ങളുടെ മേൽക്കൂര പോലെ ആകാശം. പ്രകൃതിയെ തേടുന്ന ഒരു ഫോട്ടോഗ്രാഫർക്ക് സ്വപ്നം കാണാൻ മാത്രം കഴിയുന്ന വിസ്മയലോകം. മലനിരകൾക്കും താഴ്വരക്കും മേലേ വീണു കിടക്കുന്ന മേഘങ്ങളുടെ നിഴൽ തന്നെ വ്യാമോഹിപ്പിക്കുന്ന കാഴ്ചയാണ്. അത് വിശദീകരിക്കാനോ എഴുതി ഫലിപ്പിക്കാനോ കഴിയില്ല. നേരിൽ കാണുക തന്നെ വേണം.

Masai Mara 2
വലവിരിച്ചിരിക്കുന്ന വേട്ടക്കാര്‍: ഇരകളെ കാത്തിരിക്കുന്ന ചീറ്റ സഹോദരന്മാര്‍

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പമാണ് മസായി മാരയെക്കുറിച്ചുള്ള മായാത്ത ഓർമ. മൃഗങ്ങളിങ്ങനെ മേഞ്ഞു നടക്കുന്ന കീകറോക് വൈൽഡ് റിസോർട്ട് ഒരു തുരുത്തു പോലെ ഓർമയിൽ ഉയർന്നു നിൽക്കുന്നു. കാടിനു നടുവിൽ പ്രകൃതിയിൽ അലിഞ്ഞു ചേർന്ന പോലൊരു വേലിയില്ലാത്ത വീട്. അതിലായിരുന്നു ഞങ്ങളുടെ താമസം. അതിധീരരായ മസായി ഗോത്ര വംശജരായ കാവൽക്കാരുടെ കരുത്തിലാണ് ആ താമസം. റിസോർട്ടിന്റെ പിന്നിലെ തടാകം ഓർമയിൽ ഇപ്പോഴും ഓളമിളക്കുന്നു. ഹിപ്പോകളും ആനകളും കാട്ടികളും നീരാടുന്ന പൊയ്ക. വിരൽ നീട്ടിയാൽ തൊടാവുന്നത്ര അരികെ അവരെ കാണാം. ഏതു നേരത്തു ചെന്നാലും അവിടെ കുറഞ്ഞത് 20 ഇനം പക്ഷികളെങ്കിലും ഉറപ്പായും ഉണ്ടാവും. ഒരു മണിക്കൂർ പക്ഷിനിരീക്ഷണത്തിനായി ദിവസവും ഒരുപാസന പോലെ ഞങ്ങൾ മാറ്റിവെച്ചു. 

കാട്ടിലെ വാസത്തിനിടയിൽ ഏതാണ്ടെല്ലാ മൃഗങ്ങളെയും ഞങ്ങൾ വേട്ടയാടി. വെളിച്ചം ചീറ്റുന്ന ലെൻസ് കൊണ്ടായിരുന്നു ആ നായാട്ട്. സിംഹം, പുലി, ആന, ഹിപ്പോ, കാട്ടുപോത്ത്, സീബ്ര, മാൻ, ജിറാഫ്, പലതരം പക്ഷികൾ.. വിശപ്പു മാറാത്ത ക്യാമറക്ക് ഇരകളെ ലോഭമില്ലാതെ കിട്ടിക്കൊണ്ടിരുന്നു. പല നേരങ്ങളിൽ പല മുഖങ്ങളുമായി അവർ ക്യാമറക്കു മുന്നിൽ നിന്നു. ക്രൂരന്മാരെന്നു ഖ്യാതിയുള്ള സിംഹങ്ങളുടെ വാ ത്സല്യം കൈമാറുന്ന മുഖവും കുതിക്കാൻ തയ്യാറെടുക്കുന്ന ചീറ്റയുടെ തീക്കണ്ണുകളും അതിൽ ഒരേ നിറവിൽ പതിഞ്ഞു. ഒരു മസായി യോദ്ധാവ് ആനയെ ആട്ടിയോടിക്കുന്ന ദൃശ്യവും ആൽബത്തിൽ അമൂല്യമായ ഈടുവെപ്പായി ബാക്കി നിൽക്കുന്നു.

Giraff
മരങ്ങളില്‍ നിന്ന് ഇല തിന്നാനാണ് ജിറാഫുകള്‍ക്ക് ഇഷ്ടം.
കണ്ണെത്താത്ത പുല്‍മേട്ടില്‍ മരം തേടിയാവാം ഇവരുടെ സഞ്ചാരം

ഒറ്റക്കു നിൽക്കുന്ന കാട്ടുപോത്തിന്റെ ചിത്രം ജീവൻ എടുത്തു പിടിച്ചാണ് പകർത്തിയത്. അവൻ ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ​ഗൈഡ് മുന്നറിയിപ്പു തന്നിരുന്നു. അതു പോലെ ഹിപ്പോകളെ പകർത്തുന്നതും അപകടകരമായ ദൗത്യമാണെന്ന് മസായി ഗൈഡുകൾ സദാ ഓർമിപ്പിച്ചു. ആഫ്രിക്കയിൽ മനുഷ്യമരണങ്ങൾക്ക് ഏറ്റവുമധികം വഴി വെക്കുന്ന കാട്ടുമൃഗം ഹിപ്പോയാണത്രേ. സീബ്രകൾ ഫോട്ടോ ഫ്രൻഡ് ലിയാണ്. പോസ് ചെയ്യുന്നതു പോലെ നിന്നു തരും. രണ്ടു സീബ്രകൾ എതിർദിശകളിൽ നോക്കി നിൽക്കുന്ന ചിത്രം പകർത്തിയപ്പോഴാണ് എന്തൊരു രസമുള്ള പോസ് എന്നു തോന്നിപ്പോയത്. എന്നാൽ സിംഹനഖങ്ങൾക്കു കീഴെ സദാ ജീവിക്കുന്ന അവ ആത്മരക്ഷക്കു കാവൽകോട്ട് കെട്ടുന്ന മൃഗചോദനയാണ് ആ പോസ് എന്നു മനസ്സിലാക്കാൻ മസായി ഗൈഡിന്റെ വിശദീകരണം വേണ്ടി വന്നു. ഏതു വശത്തു നിന്നു സിംഹം വന്നാലും കാണാൻ വേണ്ടിയാണത്രേ അവ പരസ്പരം തിരിഞ്ഞു നിൽക്കുന്നത്. എന്തെല്ലാം മൃഗപാഠങ്ങൾ! 

മൃഗങ്ങളിൽ നിന്ന് ഏറെ അകലമില്ലാത്ത ജീവിതങ്ങളാണ് മനുഷ്യരുടെയും. വിഭവങ്ങളാൽ ഏറ്റവും ധനികമായ ഭൂഖണ്ഡത്തിലെ വിധിയാൽ ഏറ്റവും ദരിദ്രരാക്കപ്പെട്ട മനുഷ്യർ. കാട്ടിലെ മൃഗങ്ങളേക്കാൾ പ്രാകൃതരായാണ് അവരിൽ പലരും ഇപ്പോഴും ജീവിക്കുന്നത്. കാട്ടിലെ മൃഗജീവിതങ്ങളേക്കാൾ അവിശ്വസനീയമാംവിധം "മൃഗീയ'മായ ജീവിതം. ആധുനികമായ ജീവിതസുഖങ്ങളിൽ നിന്നകലെ അവർ പരാതികളില്ലാതെ ജീവിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ജീവിതചര്യകൾ അവർ നിത്യജീവിതത്തിൽ പുലർത്തുന്നത് ഒരുതരം നിഷ്ഠയോടെയാണ്. പുറംലോകത്തിന്റെ പ്രലോഭിപ്പിക്കുന്ന സുഖങ്ങളിൽ ജീവിക്കുന്നവർക്ക് ഭാവന ചെയ്യാൻ പോലും പറ്റാത്ത ജീവിതക്രമങ്ങൾ അവരിപ്പോഴും പാലിക്കുന്നു.

Leopard
ക്യാമറയ്ക്കുവേണ്ടി ഒരു പോസ്. മരക്കൊമ്പിലിരിക്കുന്ന പുലിയുടെ നിസ്സംഗത വയര്‍ നിറഞ്ഞതുകൊണ്ടാവാം. അതോ ഗര്‍ഭിണിയായ പെണ്‍പുലിയോ?

ബാരിങ് ഗോയിലേക്കുള്ള ഒരു പ്രഭാതഡ്രൈവിനിടെ ഒരു പെൺകുട്ടിയെ ഞാൻ കണ്ടു. അവൾ സ്കൂളിലേക്ക് പോവുകയാണ്. നടന്നല്ല, നിറുത്താതെ ഓടി ക്കൊണ്ട്. അവൾ എന്നും അങ്ങിനെയാണ് പോവുന്നത്. ഓടിക്കൊണ്ടേയിരിക്കുന്ന അവളെയും വീട്ടുപടിക്കൽ വരുന്ന സ്കൂൾ ബസ് കയറിപ്പോകു ന്ന നമ്മുടെ കുഞ്ഞുങ്ങളെയും ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ധാരാളം കുഞ്ഞുങ്ങൾ സ്കൂളിലേക്ക് ഓടുന്നത് ഞങ്ങൾ കണ്ടു. ഒരു പക്ഷെ അപ്പോഴാവാം ഞങ്ങളത് കൂടുതലായി ശ്രദ്ധിച്ചത്. ഗ്രാമത്തിലെ മനുഷ്യരും ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുന്നത് അധികവും ഓടിക്കൊണ്ടാണ്. കുറച്ചൊന്നുമല്ല, കിലോമീറ്ററുകളോളം. ഒരു ഗ്രാമത്തിൽ ചെന്നപ്പോൾ അവിടെ ലഭ്യമായ ചികിത്സാസൗകര്യത്തെക്കുറിച്ച് ഞാൻ ഗൈഡിനോടു തിരക്കുകയുണ്ടായി. 20 കിലോമീറ്റർ ദൂരെ ഒരു ആശുപ്രതിയുണ്ട് എന്നാണ് അയാൾ പറഞ്ഞത്. അത്രയും ദൂരം എല്ലാവരും ഓടിയാണത്രേ സ്ഥിരം സഞ്ചരിക്കുന്നത്.

Lion

Yathra Cover August 2020
യാത്ര വാങ്ങാം

ആഫ്രിക്ക നിധികൾ നിറഞ്ഞ ഒരു ഖനിയാണ്. പച്ചപ്പിന്റെ മേലാപ്പിനു കീഴെ പ്രകൃതിയുടെ കലർപ്പേശാത്ത സ്വർണക്കട്ടികൾ ഇരുട്ടിൽ തിളങ്ങുന്ന നിലവറ. എന്നാൽ അതീവദുർബലമാണ് അതിന്റെ നിലനിൽപ്പ്. ആഗോള താപനത്തിന്റെ തീനാമ്പുകൾ ഈ കാടുകളേയും വേട്ടയാടാൻ തുടങ്ങി യിരിക്കുന്നു. പച്ചപ്പു നീങ്ങാം, എല്ലാം കരിഞ്ഞുണങ്ങിപ്പോവാം... ഒന്നോ രണ്ടോ വരൾച്ച മതി! അതിനു മുമ്പ് ഒരിക്കൽക്കൂടി അവിടെ പോവണം. അതൊക്കെ രേഖപ്പെടുത്തി വെക്കണം. അതു മാത്രമായിരുന്നു മടങ്ങുമ്പോൾ മനസ്സിൽ.

(മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Masai Mara, Kenya Travel, Wildlife Photography, What to See at Masai Mara National Park