കേരളത്തിലെ യാത്രാനുഭവം പങ്കുവെച്ച് വിദേശ വനിതയും മകനും. രണ്ടാഴ്ച്ച കേരളത്തിൽ താമസിച്ചതിനെ കുറിച്ചുള്ള മനോഹരമായ ഒരു വീഡിയോയാണ് എമ്മ ജൂഡ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഒപ്പം മകൻ തോമസ് ജൂഡുമുണ്ടായിരുന്നു. കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞുവെന്നും അവിടുത്തെ ഓരോ ചടങ്ങുകളും പുതിയ അനുഭവം സമ്മാനിച്ചുവെന്നും അവർ വീഡിയോയിൽ പറയുന്നു.

To advertise here,

'യാത്രയിൽ നമ്മോടൊപ്പം നിൽക്കുന്ന ചില നിമിഷങ്ങളുണ്ട്. ഞാൻ എന്റെ മകനോടൊപ്പം കേരളത്തിൽ രണ്ടാഴ്ച്ച ചെലവഴിച്ചു. വിവരിക്കാനാകാത്ത അനുഭവമായിരുന്നു അത്. അവിടെ കണ്ട മനുഷ്യരെല്ലാം വളരെ മനോഹരമായി വസ്ത്രം ധരിച്ചിരുന്നു. ക്ഷേത്രോത്സവത്തിലെ ഓരോ കാഴ്ച്ചകളും എനിക്ക് പുതിയതായിരുന്നു.'-എമ്മ വീഡിയോയിൽ പറയുന്നു.

അതിനുശേഷം കൊച്ചിയിലേക്കാണ് പോയതെന്നും അവിടെ എത്തിയപ്പോൾ കാഴ്ച്ചകളെല്ലാം മാറിയെന്നും അവർ കൂട്ടിച്ചേർക്കുന്നു. കൊച്ചിയിൽ ഒരു ഹെറിറ്റേജ് ഹോട്ടലിലാണ് താമസിച്ചിരുന്നത്. അവിടെ നിന്ന് കണ്ടെയ്‌നർ ഷിപ്പുകളും മത്സ്യബന്ധന ബോട്ടുകളും പോകുന്നത് കണ്ടു. നിങ്ങളും അതിൽ യാത്ര ചെയ്യുന്നു എന്ന തരത്തിലാണ് ആ നിമിഷം തോന്നു.'-എമ്മ പറയുന്നു. കൊച്ചിയിൽനിന്ന് ഒരു ഇക്കോ വില്ലേജിലേക്കാണ് യാത്ര തുടർന്നത്. തലമുറകളായി കൈമാറി വരുന്ന വൈദഗ്ദ്ധ്യം പങ്കുവെച്ച് ആളുകൾ ജോലി ചെയ്യുന്നത് അവിടെ കണ്ടു. വളരെ വേഗത കുറഞ്ഞ, സമാധാനം നിറഞ്ഞ ജീവിതമാണ് ഇക്കോ വില്ലേജിലുള്ളത്.

'പ്രാദേശിക സംസ്‌കാരത്തിന്റെ ഇത്രയധികം വ്യത്യസ്ത വശങ്ങൾ കാണാൻ കഴിഞ്ഞത് അവിശ്വസനീയമായിരുന്നു. ഓരോ കോണും ഒരു കഥ പറയുന്നു. ഈ യാത്ര നിങ്ങൾ കാണുന്നതിനെക്കുറിച്ചുള്ളതല്ല, അത് നിങ്ങളെ എങ്ങനെ തോന്നിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണ്. കേരളം അത് നിങ്ങളുടെ മനസ്സിൽ എന്നുമുണ്ടാകും'-എമ്മ വീഡിയോയിൽ പറയുന്നു.

ഇതിന് താഴെ മലയാളികളായ ഒട്ടേറെപ്പേരാണ് എമ്മയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. കേരളത്തെ കുറിച്ച് ഒരു ബിബിസി ഡോക്യുമെന്ററി കാണുന്നത് പോലെയുണ്ടെന്നും കാര്യങ്ങൾ വളരെ നന്നായി വിശദീകരിച്ചിട്ടുണ്ടെന്നും ഒരാൾ കുറിച്ചു. കേരളത്തിലേക്ക് വന്നതിനും ഞങ്ങളുടെ സ്‌നേഹം അനുഭവിച്ചതിനും നന്ദി എന്നായിരുന്നു മറ്റൊരു കമന്റ്.