മിനി ഗോവ എന്ന വിശേഷണമാണ് സഞ്ചാരികള്‍ക്കിടയില്‍ വര്‍ക്കലയ്ക്കുള്ളത്. ആവശ്യമായതെന്തും ഇവിടെ ലഭിക്കുമെന്നാണ് സഞ്ചാരികള്‍ പറയുന്നത്.

വര്‍ക്കല പാപനാശം തീരം.
വര്‍ക്കല: ഹെലിപ്പാഡില്‍ സൂര്യാസ്തമയം കണ്ടാസ്വദിച്ച് നില്‍ക്കുകയായിരുന്നു ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ മലയാളി യുവതി. അപ്പോഴാണ് യുവാക്കളുടെ സംഘം അടുത്തെത്തിയത്. അതിലൊരാള്‍ യുവതിയോട് അശ്ലീലം പറയുകയും കൈയില്‍ കയറി പിടിക്കുകയും ചെയ്തു. യുവതി ധൈര്യമായി പ്രതികരിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് തടയുകയും ചെയ്തു. പ്രദേശവാസികളും ടൂറിസം പോലീസും ചേര്‍ന്ന് വര്‍ക്കല സ്വദേശിയായ യുവാവിനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസമാണ് വര്‍ക്കല ടൂറിസം മേഖലയ്ക്ക് നാണക്കേടായ സംഭവം നടന്നത്.
കഴിഞ്ഞ ദിവസം ഇസ്രയേല്‍ സ്വദേശിയായ സയാറ്റ്സ് സാഗി (46)ക്ക് പാപനാശം തീരത്ത് മര്‍ദനമേറ്റിരുന്നു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബീച്ചിലെ വാട്ടര്‍ സ്പോര്‍ട്സ് കരാര്‍ ജീവനക്കാരനാണ് മര്‍ദിച്ചത്. പരിക്കേറ്റ സഞ്ചാരിക്ക് ആശുപത്രിയില്‍ ചികിത്സതേടേണ്ടിവന്നു. ടൂറിസം മേഖലയായ വര്‍ക്കലയില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വര്‍ക്കലയിലേക്ക് നൂറുകണക്കിനു സഞ്ചാരികളാണ് എത്തുന്നത്. സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുമ്പോഴും അതിനാവശ്യമായ സുരക്ഷ ഒരുക്കുന്നില്ല.
കോവിഡ്കാലത്തിനു ശേഷം ആഭ്യന്തര സഞ്ചാരികളുടെ വലിയ ഒഴുക്കാണ് വര്‍ക്കലയിലേക്ക്. മിനി ഗോവ എന്ന വിശേഷണമാണ് സഞ്ചാരികള്‍ക്കിടയില്‍ വര്‍ക്കലയ്ക്കുള്ളത്. ആവശ്യമായതെന്തും ഇവിടെ ലഭിക്കുമെന്നാണ് സഞ്ചാരികള്‍ പറയുന്നത്. വര്‍ക്കലയിലെ നൈറ്റ് ലൈഫ് ഇവരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമായി മാറിയിട്ടുണ്ട്. തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നും സംഘമായാണ് സഞ്ചാരികള്‍ അവധിദിവസങ്ങളിലും വാരാന്ത്യങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സംഘമായി എത്തുന്ന യുവാക്കള്‍ ലഹരി ഉപയോഗിച്ചശേഷം അക്രമങ്ങള്‍ കാട്ടാറുണ്ട്. ബഹളമുണ്ടാക്കിയും വലിയ ശബ്ദത്തില്‍ പാട്ടുവെച്ചും മറ്റും കുടുംബങ്ങളായി എത്തുന്ന സഞ്ചാരികള്‍ക്ക് ഇവര്‍ ശല്യമാകാറുണ്ട്. യുവതികളോടു മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. കഴിഞ്ഞദിവസം ഓടയം ബീച്ചില്‍ ഇത്തരത്തില്‍ സംഭവമുണ്ടായി. സ്ഥാപനങ്ങള്‍ നടത്തുന്ന തദ്ദേശീയരെവരെ യുവാക്കളുടെ സംഘം ആക്രമിച്ചിട്ടുണ്ട്. റിസോര്‍ട്ടുകളും ഹോം സ്റ്റേകളും നിരവധിയുള്ളതിനാല്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഒളിസങ്കേതമായും വര്‍ക്കല തിരഞ്ഞെടുക്കുന്നു.
ഇന്റര്‍പോളിന്റെ അറസ്റ്റ് വാറണ്ടുള്ള അന്താരാഷ്ട്ര കുറ്റവാളി ലിത്വാനിയ പൗരന്‍ അലക്സേജ് ബെസിയോക്കോവ് ഒളിയിടമാക്കിയത് വര്‍ക്കലയിലെ ഹോം സ്റ്റേയായിരുന്നു. തമിഴ്നാട്ടില്‍ മോഷണവും അക്രമവും നടത്തുന്നവരും വര്‍ക്കല ഒളിത്താവളമാക്കുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ തമിഴ്നാട്ടില്‍നിന്നുള്ള അഞ്ചംഗ ക്രിമിനല്‍ സംഘത്തെ വര്‍ക്കലയില്‍നിന്നും ടൂറിസം പോലീസ് പിടികൂടിയിരുന്നു. കുറ്റവാളികളുടെ ടവര്‍ ലൊക്കേഷന്‍ തമിഴ്നാട് പോലീസ് പരിശോധിക്കുമ്പോള്‍ അടുത്തിടെയായി വര്‍ക്കലയാണ് കൂടുതലായി കാണിക്കുന്നത്.
ആയിരക്കണക്കിനു സഞ്ചാരികള്‍ എത്തുന്ന തീരത്തും ക്ലിഫിലുമായി ആകെ മൂന്ന് ടൂറിസം പോലീസുകാരുടെ സേവനം മാത്രമാണ് ഒരുസമയം ലഭിക്കുന്നത്. പാപനാശത്തും ഹെലിപ്പാഡിലും പോലീസ് എയ്ഡ് പോസ്റ്റുകളുണ്ടെങ്കിലും പോലീസുകാര്‍ ആവശ്യത്തിനില്ല. അംഗബലമില്ലാത്തതിനാല്‍ അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇവര്‍ക്ക് വേണ്ടവിധം ഇടപെടാന്‍ കഴിയാറില്ല. നിര്‍ദേശം നല്‍കുമ്പോള്‍ ടൂറിസം പോലീസിനെയും ലൈഫ് ഗാര്‍ഡുകളെയും മര്‍ദിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ടൂറിസം മേഖലയിലെ സുരക്ഷാ ക്യാമറകളെല്ലാം കേടാണ്. അവ നടപ്പാതയിലെ കേബിളില്‍ തൂങ്ങിയാടുന്ന നിലയിലാണ്. ടൂറിസം മേഖലയിലെ തെരുവുവിളക്കുകളും കത്താറില്ല. മുന്‍പ് രാത്രി 11-ന് സ്ഥാപനങ്ങള്‍ അടയ്ക്കുമായിരുന്നു. ഇപ്പോള്‍ അര്‍ധരാത്രി കഴിഞ്ഞും പാട്ടും ഡിജെയുമെല്ലാമുണ്ടാകും. ഡ്രൈ ഡേകളില്‍ പോലും വലിയ വിലനല്‍കിയാല്‍ ടൂറിസം മേഖലയില്‍ മദ്യം സുലഭമായി ലഭിക്കും. ഇതെല്ലാം സമൂഹവിരുദ്ധര്‍ക്ക് അനുകൂലമായ ഘടകങ്ങളാണ്. രാത്രിയില്‍ ലഹരി ഉപയോഗിച്ചശേഷം ഇവര്‍ കാട്ടുന്ന കോപ്രായങ്ങള്‍ നാട്ടുകാര്‍ക്കും തലവേദനയാണ്.
ആഭ്യന്തര സഞ്ചാരികള്‍ കൂട്ടമായി എത്തിയതോടെ വിദേശസഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. പുതിയ സീസണ്‍ തുടങ്ങാനിരിക്കേ, സുരക്ഷ ശക്തമാക്കിയില്ലെങ്കില്‍ വര്‍ക്കലയിലെ ടൂറിസത്തെ ദോഷകരമായി ബാധിക്കും.
Content Highlights: Worrisome rise in tourist attacks and harassment in Varkala, Kerala. Foreign and domestic visitors face safety issues due to inadequate security measures and anti-social elements.
Published: 06 Oct 2025, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented