വൈക്കം മഹാദേവ ക്ഷേത്രം | ഫോട്ടോ: ജി. ശിവപ്രസാദ്
ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത ഈ വര്‍ഷം നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ വൈക്കത്തിനും മറവന്‍തുരുത്തിനും പ്രത്യേക പരാമര്‍ശം. വൈക്കം മഹാദേവക്ഷേത്രത്തിലെ വൈക്കത്തഷ്ടമിയും മറവന്‍തുരുത്തിലെ ഗ്രാമീണതയ്ക്കുമാണ് അംഗീകാരം. ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലാദ്യമായി വാട്ടര്‍ സ്ട്രീറ്റ് പ്രവര്‍ത്തനം ആരംഭിച്ചത് മറവന്‍തുരുത്തിലാണ്. ഇപ്പോള്‍ കയാക്കിങ്ങിന്റെ മുഖ്യആകര്‍ഷണകേന്ദ്രമാണിവിടം.
വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ഒരേസമയം ചെറിയ കനാലുകളിലൂടെയും കൈത്തോടുകളിലൂടെയും ആറ്റിലൂടെയും കായലിലൂടെയും കയാക്കിങ് ചെയ്യാനാകുമെന്നത് മറവന്‍തുരുത്തിന്റെ മാത്രം പ്രത്യേകതയാണ്. കയാക്കിങ്ങിനിടയില്‍ വീടുകളില്‍ പോയി കരിക്ക് കഴിക്കാനും ഭക്ഷണം കഴിക്കാനും തഴപ്പായ, ഓലമെടയല്‍, കള്ള് ചെത്ത്, മീന്‍ വളര്‍ത്തലും മീന്‍പിടിത്തം തുടങ്ങിയവ കാണാനും അവസരമുണ്ട്. സൂര്യോദയ, സൂര്യാസ്തമയ കാഴ്ചകളാണ് മറ്റൊരു പ്രത്യേകത.

സാംസ്‌കാരിക പാരമ്പര്യമുള്ള വൈക്കത്തഷ്ടമി
ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമിയെക്കുറിച്ചാണ് മറ്റൊരു പരാമര്‍ശം. സാംസ്‌കാരിക പാരമ്പര്യവും ഇടകലര്‍ന്നതാണ് വൈക്കത്തഷ്ടമി. അന്നദാനപ്രഭുവായ പെരുംതൃകോവിലപ്പന്റെ സന്നിധിയിലെ പ്രധാന ആട്ടവിശേഷമാണ് വൃശ്ചിക മാസത്തിലെ കൃഷ്ണാഷ്ടമി.
വൈക്കത്തെ പഴയബോട്ടുജെട്ടിയും കായലോര ബീച്ചും ശില്പഉദ്യാനവും മുനിസിപ്പല്‍ പാര്‍ക്കും സത്യാഗ്രഹ സ്മാരക ഗാന്ധിമ്യൂസിയവും പഴയ പോലീസ് സ്റ്റേഷനും ഏറെ ആകര്‍ഷകമാണ്. വൈക്കം സത്യാഗ്രഹത്തിന്റെ ശേഷിപ്പുകള്‍ ഇന്നും ഇവിടെയുണ്ട്.

മുമ്പേ പറന്ന കുമരകം
ഉത്തരവാദിത്വ ടൂറിസത്തിന് ഏറെ കാലങ്ങള്‍ക്ക് മുന്‍പുതന്നെ അംഗീകാരം ലഭിച്ച ഗ്രാമമാണ് കുമരകം. വേമ്പനാട്ട് കായലാല്‍ ചുറ്റപ്പെട്ട ഗ്രാമത്തിന്റെ തനതായ ജീവിതരീതികള്‍ ആസ്വദിക്കാന്‍ എത്തുന്നവരാണ് അധികവും. വേമ്പനാട് കായലിലൂടെയും ചെറു തോടുകളിലൂടെയുമ സഞ്ചരിക്കാനാണ് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പ്രിയം. ഒന്‍പത് നക്ഷത്രഹോട്ടലുകള്‍ കുമരകത്തുണ്ട്. അയ്മനം പഞ്ചായത്തിലെ ചീപ്പുങ്കല്‍, ആര്‍പ്പൂക്കര പഞ്ചായത്തിലെ കൈപ്പുഴമുട്ട് എന്നീ പ്രദേശങ്ങള്‍ പുരവഞ്ചി താവളങ്ങളാണ്. കുമരകം ബോട്ട് ജെട്ടി, കവണാറ്റിന്‍കര എന്നിവയാണ് കുമരകം പഞ്ചായത്തിലെ പുരവഞ്ചി താവളങ്ങള്‍. നാല് ബോട്ട് ജെട്ടികളിലുമായി 200ഓളം പുരവഞ്ചികളും 150ഓളം ശിക്കാരമോട്ടോര്‍ ബോട്ടുകളും സര്‍വീസ് നടത്തുന്നു. കവണാറ്റിന്‍കരയിലെ സ്വാഭാവിക പക്ഷിസങ്കേതമാണ് മറ്റൊരു പ്രധാന കാഴ്ച. പുഞ്ചകൃഷി ആരംഭിക്കുന്ന നവംബര്‍മുതല്‍ ടൂറിസം സീസണും ആരംഭിക്കുന്നു.
Content Highlights: Vaikathashtami Maravanthuruthu New York Times list Of ‘52 Places To Go In 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..