
മുംബൈ: ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ കോക്പിറ്റിനുള്ളിൽ ഉണ്ടായ അടിയന്തര സാഹചര്യത്തിൽ, വൻ വിമാനദുരന്തം ഒഴിവാക്കിയത് ഇന്ത്യൻ ക്യാപ്റ്റൻ. ഫ്ലൈ ദുബായ് വിമാനത്തിൽ ബുധനാഴ്ചയുണ്ടായ സംഭവത്തിനിടയിൽ കുത്തേറ്റത് ഇന്ത്യൻ പൗരനായ സ്മിത് മച്ചാറിനാണെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. സ്മിത് മച്ചാറെയും സഹപൈലറ്റിനെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ ലഭ്യമായിട്ടില്ല.
ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം 2022 ജൂൺ മുതൽ ഫ്ലൈ ദുബായിയുടെ ബോയിങ് 737 വിഭാഗത്തിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു വരികയാണ് സ്മിത് മച്ചാർ. അതിനുമുമ്പ് മുംബൈയിലെ സ്പൈസ് ജെറ്റിൽ 11 വർഷം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അവിടെ സീനിയർ കമാൻഡറായും 2020 നവംബർ മുതൽ മറ്റ് പൈലറ്റുമാരുടെ പരിശീലകനായും ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബോയിങ് 737-800, 737 മാക്സ് 8, 9 എന്നീ വിമാനങ്ങളിൽ 9,750 മണിക്കൂർ പറന്നതിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്.
ദുബായിൽനിന്ന് പുറപ്പെട്ട ഫ്ലൈ ദുബായിയുടെ വിമാനം ഇസ്രയേൽ അതിർത്തിയിലേക്ക് അടുക്കവേ ബുധനാഴ്ചയാണ് ഈ അടിയന്തര സാഹചര്യമുണ്ടായത്. കോക്പിറ്റിനുള്ളിൽവെച്ച് ഒമാൻ സ്വദേശിയായ സഹപൈലറ്റ്, ക്യാപ്റ്റനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും വിമാനം തകർക്കാനുമായിരുന്നു സഹപൈലറ്റിന്റെ ശ്രമം. കുത്തേറ്റ ശേഷവും ക്യാപ്റ്റൻ സഹപൈലറ്റിനെ ചെറുത്തുതോൽപ്പിച്ചു. വിമാനം താഴേക്ക് പതിക്കുന്നതിനിടെ നടന്ന ഈ പോരാട്ടംമൂലം 180-ലധികം ആളുകളുടെ ജീവൻ രക്ഷിക്കാനായി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും ഇസ്രയേലികളായിരുന്നു.
വിമാനം താഴേക്ക് പതിക്കുമ്പോൾ മുൻനിരയിലിരുന്ന ചില ഇസ്രയേലി യാത്രക്കാർ കോക്പിറ്റിലേക്ക് കയറി സഹപൈലറ്റിനെ നേരിട്ടുവെന്ന് 'ജെറുസലേം പോസ്റ്റിനോട്' ഒരു യാത്രക്കാരൻ പറഞ്ഞു. തുടർന്ന് അക്രമിയെ കോക്പിറ്റിൽനിന്ന് പുറത്താക്കുകയും യാത്രക്കാരായി സഞ്ചരിക്കുകയായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ ഉള്ളിൽ പ്രവേശിക്കുകയും ചെയ്തു. ഇതിൽ ഒരാൾ ഉടൻതന്നെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും യാത്രക്കാരൻ പറഞ്ഞു.
കുത്തേറ്റ ക്യാപ്റ്റന്റെ നില ഗുരുതരമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു ഇസ്രയേലി ദന്തഡോക്ടറാണ് പരിക്കേറ്റ ക്യാപ്റ്റന് അടിയന്തര ചികിത്സ നൽകിയത്. ഇതാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്നും യാത്രക്കാരൻ പറഞ്ഞു. ഓഫ് ഡ്യൂട്ടി പൈലറ്റുമാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കാൻ സഹായിക്കുകയും ചെയ്തുവെന്നും യാത്രക്കാരൻ കൂട്ടിച്ചേർത്തു.
Content Highlights: Mumbai-native Indian captain Smith Machar successfully prevented a major aviation disaster on a Fly Dubai flight by bravely fighting off a violent cockpit attack despite sustaining stab wounds.
Published: 30 Sept 2026, 07:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented