കൊണ്ടോട്ടി: പശ്ചിമേഷ്യയിലെ യുദ്ധഭീതിയിൽ വിമാനസർവീസുകൾ കൂട്ടത്തോടെ മുടങ്ങിയതോടെ ഉംറ തീർഥാടനവും പ്രതിസന്ധിയിൽ. ഉംറയ്ക്ക് കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റംസാനിൽ വിമാനങ്ങൾ മുടങ്ങിയതോടെ തീർഥാടകർക്ക് പോകാനാകുന്നില്ല. നേരത്തേ പുറപ്പെട്ട ഏറെ തീർഥാടകർ ജിദ്ദയിൽനിന്ന് തിരിച്ചുപോരാനാകാതെ കുടുങ്ങുകയുംചെയ്തു.

To advertise here,

ഹജ്ജിന് മുന്നോടിയായി ഏപ്രിൽ രണ്ടിന് ഉംറ വിസ സ്റ്റാമ്പിങ് നിർത്തും. ഏപ്രിൽ പതിനെട്ടോടെ മുഴുവൻ ഉംറ തീർഥാടകരും സ്വദേശത്തേക്കു മടങ്ങണം. കേരളത്തിൽനിന്ന് നൂറുകണക്കിനാളുകൾ റംസാനിലെ അവസാനപത്തിൽ ഉംറ തീർഥാടനത്തിനു ബുക്ക് ചെയ്തിട്ടുണ്ട്. വിമാനസർവീസുകളില്ലാത്തതിനാൽ ഇവരുടെയെല്ലാം യാത്ര അനിശ്ചിതത്വത്തിലായി. ഉംറ പാക്കേജ് നടത്തുന്ന ട്രാവൽ ഗ്രൂപ്പുകൾക്കും വിമാനപ്രതിസന്ധി തിരിച്ചടിയായി.

വിമാനടിക്കറ്റുകളും മക്കയിലെ താമസസ്ഥലങ്ങളും മുൻകൂട്ടി ബുക്ക്ചെയ്താണ് ട്രാവൽ ഗ്രൂപ്പുകൾ ഉംറ പാക്കേജ് നടത്തുന്നത്. യാത്ര അനിശ്ചിതത്വത്തിലായവരെല്ലാം നേരത്തേ പണം കൊടുത്ത് ബുക്ക്ചെയ്തവരാണ്. ജിദ്ദയിലേക്ക് വിമാനസർവീസില്ലാത്തതാണു പ്രശ്‌നം രൂക്ഷമാക്കുന്നത്. റിയാദ് വഴിയുള്ള യാത്രയും സാധ്യമാകുന്നില്ല.

ഈവർഷത്തെ ഹജ്ജ് സർവീസുകൾ ഏപ്രിൽ അവസാനവാരം തുടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഹജ്ജ് തീർഥാടനം ഏപ്രിൽ 30-നാണ് ആരംഭിക്കുന്നത്. ഇതിനുമുൻപ് ഇത്തവണത്തെ ഉംറ സർവീസുകൾ പൂർത്തിയാക്കണം. നിശ്ചിതസമയത്തിനകം മടങ്ങാനായില്ലെങ്കിൽ വിസ റദ്ദാകും. നിലവിൽ കേരളത്തിൽനിന്ന് സൗദിയിലേക്ക് നേരിട്ടും മറ്റു ഗൾഫ് രാജ്യങ്ങൾ വഴിയും 100 മുതൽ 150 വരെ പേരാണ് ഓരോ വിമാനത്തിലും ഉംറ തീർഥാടകരായുള്ളത്.

നൂറുകണക്കിന് ഉംറ വിസകൾ സ്റ്റാമ്പിങ് നടത്തി എല്ലാ നടപടികളും പൂർത്തീകരിച്ചവയാണ്. വിമാനസർവീസുകൾ പുനഃസ്ഥാപിക്കാതെ അനിശ്ചിതത്വത്തിന് അറുതിയാകില്ല. അതേസമയം ജിദ്ദയിൽ കുടുങ്ങിയ ഉംറ തീർഥാടകരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.