പുതുവര്‍ഷത്തോടനുബന്ധിച്ച് ഷാര്‍ജ ഒഴികെയുള്ള എമിറേറ്റുകളില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികളുണ്ടാകും. അബുദാബി ശൈഖ് സായിദ് ഉത്സവനഗരിയില്‍ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രയോഗമുണ്ട്. സമയം, അളവ്, ഘടന എന്നിവയില്‍ മൂന്ന് ഗിന്നസ് ലോക റെക്കോഡുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. യാസ് ബേയിലും യാസ് ലിങ്ക്സിലും രാത്രി ഒമ്പതുമണിമുതല്‍ കരിമരുന്നുപ്രയോഗം ആരംഭിക്കും. ഫോര്‍ സീസണ്‍സ്, ഗ്രാന്‍ഡ് ഹയാത്ത്, ഹുദൈയിരാത്ത് ദ്വീപ്, അല്‍ മറിയ ദ്വീപ് എന്നിവിടങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ആസ്വദിക്കാം.
ദുബായ് ബുര്‍ജ് ഖലീഫ, ഹത്ത, അല്‍ സീഫ്, ബ്ലൂവാട്ടേഴ്‌സ്, ദ ബീച്ച് എന്നിവിടങ്ങളിലും തകര്‍പ്പന്‍ ആഘോഷങ്ങള്‍ നടക്കും. ഒട്ടുമിക്ക ഇടങ്ങളിലും ഞായറാഴ്ച രാത്രി എട്ടുമണിക്ക് തുടങ്ങുന്ന ആഘോഷ പരിപാടികള്‍ പുലര്‍ച്ചെ ഒരു മണിവരെയുമുണ്ടാകും. ദ ബീച്ച്, ജെ.ബി.ആര്‍., ബ്ലൂ വാട്ടേഴ്‌സ് എന്നിവിടങ്ങളിലെ ഡ്രോണ്‍ പ്രദര്‍ശനങ്ങള്‍ ആഘോഷപരിപാടികള്‍ക്ക് പകിട്ടേകും. അറ്റ്ലാന്റിസ്, ഓപ്പറ, ബീച്ച് ഫെസ്റ്റിവല്‍, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലും വ്യത്യസ്തമാര്‍ന്ന ആഘോഷപരിപാടികള്‍ അരങ്ങേറും.
പതിനായിരത്തിലേറെ ഡ്രോണുകള്‍ ഉപയോഗിച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ നേര്‍രേഖാ ഡ്രോണ്‍ പ്രദര്‍ശനം, വെള്ളത്തിലെ ഏറ്റവും നീളമേറിയ കരിമരുന്ന് പ്രയോഗം എന്നിങ്ങനെ രണ്ടു ലോക ഗിന്നസ് റെക്കോഡുകളാണ് റാസല്‍ഖൈമ ലക്ഷ്യമിടുന്നത്. അല്‍ മര്‍ജാന്‍ ദ്വീപ് മുതല്‍ അല്‍ ഹംറ വില്ലേജുവരെ നീളുന്ന നാലരക്കിലോമീറ്റര്‍ ബീച്ച് ഫ്രണ്ടില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം എട്ടുമിനിറ്റ് നീണ്ടുനില്‍ക്കും. പരിപാടി കാണാനായി ഇത്തവണ അരലക്ഷത്തിലേറെ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്ലോബല്‍ വില്ലേജില്‍ ഏഴ് രാജ്യങ്ങളുടെ വെടിക്കെട്ട്
പുതുവര്‍ഷാഘോഷത്തോട് അനുബന്ധിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ഏഴ് രാജ്യങ്ങളുടെ ഗംഭീര വെടിക്കെട്ട് നടക്കും. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ചൈനയുടെ വെടിക്കെട്ടാണ്. ഒമ്പത് മണിക്ക് തായ്ലന്‍ഡ്, 10-ന് ബംഗ്ലാദേശ്, പത്തരയ്ക്ക് ഇന്ത്യ, 11-ന് പാകിസ്താന്‍, 12-ന് യു.എ.ഇ., ഒരു മണിക്ക് തുര്‍ക്കി എന്നിവരും വെടിക്കെട്ട് ഒരുക്കുന്നുണ്ട്.
ഓരോ മണിക്കൂറിലും സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ പുതുവത്സരാഘോഷങ്ങള്‍ ആസ്വദിക്കാനുള്ള അവസരമാണിത്. വൈകീട്ട് നാല് മണിമുതല്‍ സന്ദര്‍ശകര്‍ക്കായി ആഗോള ഗ്രാമം തുറക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ അര്‍ധരാത്രി രണ്ട് മണിവരെ വില്ലേജ് പ്രവര്‍ത്തിക്കും. ഞായറാഴ്ച കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും മാത്രമാണ് വില്ലേജിലേക്ക് പ്രവേശനം.
മെട്രോ സമയം ദീര്‍ഘിപ്പിച്ചു
പുതുവത്സരാഘോഷങ്ങള്‍ക്കായി ദുബായ് മെട്രോ സമയം ദീര്‍ഘിപ്പിച്ചതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ട് മണിമുതല്‍ തിങ്കളാഴ്ച അര്‍ധരാത്രി വരെ മെട്രോ പ്രവര്‍ത്തിക്കും. ദുബായ് ട്രാം ഞായറാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിവരെയും പ്രവര്‍ത്തിക്കും.
Content Highlights: uae new year celebrations
Published: 28 Dec 2023, 10:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented