ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമായ ഉത്തരാഖണ്ഡിലെ തുംഗനാഥ് ക്ഷേത്രം ചെരിയുന്നതായി റിപ്പോര്‍ട്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ശിവക്ഷേത്രം അഞ്ചുമുതല്‍ ആറ് ഡിഗ്രി വരെയും ക്ഷേത്രവളപ്പിലെ മറ്റ് ചില നിര്‍മിതികള്‍ പത്ത് ഡിഗ്രി വരെയും ചെരിയുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ 12800 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റിപ്പോര്‍ട്ട് പരിഗണിച്ച് ക്ഷേത്രത്തെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ക്ഷേത്രത്തെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ പെടുത്തുന്നതിന് പൊതുജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച് ക്ഷേത്രം ഭരണസമിതിക്കും ആര്‍ക്കിയോളജി വകുപ്പ് കത്ത് നല്‍കിയിട്ടുണ്ട്. ക്ഷേത്രം ഇടിഞ്ഞുവീഴുന്നതിനുള്ള സാധ്യതകളും എ.എസ്.ഐ തള്ളിക്കളയുന്നില്ല. എന്നാല്‍ ക്ഷേത്രം അടച്ചിട്ട് ചരിവ് ഇല്ലാതാക്കാനുള്ള പ്രവര്‍ത്തികള്‍ നടത്തുന്നതിനോട് ഭരണസമിതിക്ക് താല്‍പ്പര്യമില്ലെന്നാണ് സൂചനകള്‍. ആയിരത്തോളം വര്‍ഷം പഴക്കമുള്ളതാണ് ക്ഷേത്രം.
Content Highlights: tungnath is tilting by 5 to 6 degrees
Published: 19 May 2023, 05:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented