
കേരള ട്രാവൽ ആൻഡ് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ 'കാണാത്ത കേരളം' എന്ന പുതിയൊരു സർക്യൂട്ടുമായി കൊച്ചി ആസ്‌ഥാനമായ ബെന്നിസ് റോയൽ ടൂർസ്. ഈ ട്രാവൽ സർക്യൂട്ടിന്റെ ഔദ്യോഗിക പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. പുതിയ ട്രാവൽ സർക്യൂട്ടിന്റെ ഫ്ലാഗ്ഷിപ് പ്രോഗ്രാമിനെ കുറിച്ച് ബെന്നിസ് റോയൽ ടൂർസ് മാനേജിങ് ഡയറക്ടർ ബെന്നി പാനികുളങ്ങര എറണാകുളം പ്രസ് ക്ലബ്ബിൽ വച്ച് നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയുണ്ടായി. വൈബ് മൂന്നാർ മാനേജിങ് ഡയറക്ടർ ജോളി ആന്റണിയും പ്രസ് മീറ്റിൽ സന്നിഹിതനായിരുന്നു.
വിദേശികളെ കേരളം കാണിക്കുന്നപോലെ സ്വദേശികളെ കേരളം കാണിക്കാനാണ് ഈ സർക്യൂട്ടിലൂടെ ലക്ഷ്യമിടുന്നത്. നവംബർ 30ന് ബേക്കലിലെ താജ് ഹോട്ടലിൽ നിന്ന് വോൾവോ കോച്ചിൽ ആരംഭിക്കുന്ന യാത്ര 14 ജില്ലകളിലൂടെ കടന്ന്, നദികളിലൂടെയും കായലിലൂടെയുമുള്ള യാത്ര അനുഭവങ്ങളും പകർന്നു 15-ാം ദിവസം കന്യാകുമാരിയിൽ അവസാനിക്കുന്നതാണ്. ആദ്യമായിട്ടാണ് കേരളത്തെ മുഴുവനായി കാണിക്കുന്ന ഒരു സമ്പൂർണ ട്രാവൽ സർക്യൂട്ട് അവതരിപ്പിക്കപ്പെടുന്നത്. ഓരോ ജില്ലകളിലെയും കല, സംസ്കാരം, പൈതൃകം, രുചി വൈവിധ്യങ്ങൾ കോർത്തിണക്കിയ ഈ യാത്ര കേരളത്തിന്റെ ആത്മാവിനെ തൊട്ടറിയാനുള്ള അവസരമാണെന്ന് ബെന്നി പാനികുളങ്ങര പറഞ്ഞു.
മുസിരിസ് പൈതൃകവും കൊളോണിയൽ ഹെറിറ്റേജ്, മലബാർ ട്രയിൽസ്, ട്രാവൻകൂർ ഹെറിറ്റേജ് തുടങ്ങിയ പൈതൃക പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നതാണ് പുതിയ സർക്യൂട്ട്. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നീണ്ടുകിടക്കുന്ന കേരളത്തിന്റെ കാഴ്ചകളിലൂടെയുള്ള യാത്രയാണ് പുതിയ സർക്യൂട്ട് ലക്ഷ്യമിടുന്നത്. കേരളത്തിലെ 14 ജില്ലകളെയും ബന്ധിപ്പിക്കുന്ന ആദ്യ ഫ്ലാഗ്ഷിപ് ടൂറിസം പാക്കേജിൽ വ്യത്യസ്തമായ കാഴ്ചകളും ഇതുവരെ ആരും കാണാത്ത സ്ഥലങ്ങളുമാണ് ഒരുക്കുന്നത്. കേരളത്തിന്റെ രാജവംശങ്ങളായ അറയ്ക്കൽ കുടുംബം, തിരുവിതാംകൂർ കുടുംബം എന്നിവരെ സന്ദർശിക്കാനുള്ള അവസരവുമുണ്ട്. പൈതൃകം ഉയർത്തുന്ന പകൽ തെയ്യവും രാത്രി തെയ്യവും തുളുനാടൻ ഭക്ഷണ വൈവിധ്യങ്ങളും ഉൾപ്പെട്ട കാസർകോടൻ രാത്രികൾ യാത്രയുടെ പ്രത്യേകതയാണ്. മലബാറിലെ മുസ്ലിം സമൂഹത്തിന്റെ കലാ രൂപങ്ങളായ ഒപ്പന, ദഫ്‌മുട്ട്, കോൽകളി, മാപ്പിളപ്പാട്ട് എന്നിവയും വിവിധ രുചികൾ അടങ്ങുന്ന മാപ്പിള കുലിനറി എക്സ്പീരിയൻസും യാത്രയുടെ ഭാഗമാണ്. വടക്കൻ പാട്ടിലെ പ്രസിദ്ധമായ ഉണ്ണിയാർച്ചയുടെയും തച്ചോളി ഒതേനന്റെയും ലോകനോർക്കാവ് സന്ദർശിക്കാനും തച്ചോളി മാണിക്കോത് തറവാട്ടിലെ തെയ്യം, കളരിപ്പയറ്റ്, കളരി ഭക്ഷണവും ആസ്വദിക്കാൻ സാധിക്കും. കൂടാതെ തച്ചോളി മാണിക്കോത് തിറ ഈ യാത്രയോടു അനുബന്ധിച്ചു പുനഃരാവിഷ്കരിക്കും. അന്നേദിവസം തച്ചോളി ഒതേനന്റെ ഉറുമി, പരിച, വാൾ, ചന്ദനക്കട്ടിൽ എന്നിവ കാണാനുമുള്ള അവസരമുണ്ടാകും.
മുസിരിസ് കാഴ്ചകളിലൂടെയുള്ള യാത്രയും കേരളത്തിലെ കൊളോണിയൽ പൈതൃകത്തെ ഉണർത്തുന്ന കലാരൂപമായ ചവിട്ടുനാടകം, അത് പിറവികൊണ്ട ഗോതുരുത്തിന്റെ ദേവാലയ മുറ്റത്തിനു മുന്നിലെ ആംഫി തിയറ്ററിൽ വൈവിധ്യമാർന്ന കൊളോണിയൽ ഭക്ഷണം ആസ്വദിക്കാനും സാധിക്കും. തുടർന്നു കൊച്ചിയിലേക്കുള്ള അവിസ്മരണീയ ബോട്ട് യാത്രയാണ് ഏറ്റവും വലിയ ആകർഷണം. കുട്ടനാട്ടിലെ അഷ്ടമുടി കായലിലൂടെ കുമരകത്തു നിന്നും ആലപ്പുഴയിലേക്കുള്ള ബോട്ട് യാത്രയാണ് മറ്റൊരു ആകർഷണം. മധ്യകേരളത്തിലെ ക്രിസ്തീയ സമൂഹത്തിന്റെ സംഭാവനയായ മാർഗംകളിയും, പരിച മുട്ടും, നസ്രാണി ഭക്ഷണ വിരുന്നും ചേർന്ന ആലപ്പുഴയിലെ ഒരു രാത്രി അവിസ്മരണീയ നിമിഷങ്ങൾ പകരുന്നവയാണ്. കലയുടെ കോവിലമായ കലാമണ്ഡലത്തിലെ സന്ദർശനവും കൂത്തമ്പലത്തിൽ വൈവിധ്യ കലാരൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഓട്ടൻ തുള്ളൽ എന്നിവ ചേർന്നുള്ള കലാവിരുന്നും യാത്രയുടെ ആകർഷണമാണ്.
ഈ യാത്രയിൽ വയനാട്ടിലെ ആദിവാസി സമൂഹത്തോടൊപ്പം ചെലവഴിക്കാനും അവരുടെ ഭക്ഷണ വൈവിധ്യങ്ങളിൽ പങ്കാളികളാകാനും അവസരമുണ്ട്. തുടർന്ന് സഞ്ചാര ലോകത്തിലെ കുലപതിയായ എസ്.കെ പൊറ്റക്കാടിനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട മിട്ടായി തെരുവിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമയിൽ ആദരം അർപ്പിക്കുവാനും അവസരമുണ്ടാകും. ബേക്കലിലെ സൂര്യാസ്തമനം കണ്ടുതുടങ്ങുന്ന ഈ യാത്ര കന്യാകുമാരിയിലെ സൂര്യാസ്തമയം കണ്ടാണ് അവസാനിക്കുന്നതെന്നതും പ്രത്യേകതയാണ്.
'കാണാത്ത കേരളം' എന്ന പുതിയ യാത്രയിൽ കാസർകോട്ടെ പ്രസിദ്ധമായ കവ്വായി കണ്ടൽകാടുകളും കൊയിലാണ്ടിയിലെ ഹുക്കയും വയനാട്ടിലെ മുത്തങ്ങ വൈൽഡ് ലൈഫ് സാൻച്വറിയും പഴശ്ശിരാജയുടെ ബലികുടീരവും ബാണാസുര ഡാമിലെ ബോട്ട് യാത്രയും കാപ്പാട് തുറമുഖവും കൊളുക്കുമലയും മൺറോ തുരുത്തും കേരളത്തിലെ നൈറ്റ് ലൈഫിന് പ്രസിദ്ധമായ വർക്കല ബീച്ച് ക്ലിഫും കൗഡിയാർ കൊട്ടാരവും പത്മനാഭപുരം പാലസും കന്യാകുമാരി ത്രിവേണി സംഗമവും യാത്രയിലെ പ്രധാന ആകർഷണമാണ്.
കേരളത്തിലെ കാണാത്ത കാഴ്ചകളുമായി ഒരുക്കുന്ന 'കാണാത്ത കേരളം' എന്ന പുതിയ സർക്യൂട്ടുകളിലൂടെ സഞ്ചാരികൾക്കായി വ്യത്യസ്ത അനുഭവങ്ങളാണ് ബെന്നിസ് റോയൽ ടൂർസ് ലക്ഷ്യമിടുന്നത്. 'കാണാത്ത കേരളം' എന്ന സീരിയസിൽ ഇതുപോലെ വ്യത്യസ്തമായ 25 ട്രാവൽ സർക്യൂട്ടുകളാണ് ബെന്നിസ് റോയൽ ടൂർസ് നടത്താൻ ഉദ്ദേശിക്കുന്നത്.
Content Highlights: First comprehensive 14-district travel circuit covering Kerala from Bekal to Kanyakumari., Launched by Benny's Royal Tours, officially introduced by CM V.D. Satheesan., Highlights include art, culture, heritage, royal families, local cuisine, and lesser-known destinations., Planned as the first of 25 unique travel circuits in the 'Kaanatha Keralam' series.
Published: 08 Oct 2026, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented