പൂച്ചാക്കൽ: കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുള്ള മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ 90 ശതമാനം പണികളും പൂർത്തിയാക്കിയത് എൽ.ഡി.എഫ്. സർക്കാരാണെന്ന് മുൻ എം.പി. എ.എം. ആരിഫ്. പാലത്തിന്റെ ഉദ്ഘാടന വേളയിലാണ് എ.എം. ആരിഫ് ഇക്കാര്യം പറഞ്ഞത്. എന്നാൽ പ്രസംഗത്തിനിടെ ഈ അവകാശവാദം ഉന്നയിച്ച ആരിഫിന് നേരെ സദസ്സിൽ നിന്ന് കൂക്കിവിളി ഉയരുന്ന സാഹചര്യമുണ്ടായി.

To advertise here,

‘പടച്ചതമ്പുരാൻ വിധിച്ചത് ഞങ്ങൾക്കാണ്, അതുകൊണ്ട് ഞങ്ങൾ ഉദ്ഘാടനം ചെയ്യുന്നു’ എന്നായിരുന്നു അധ്യക്ഷ പ്രസംഗത്തിൽ പി.കെ. ബഷീർ പറഞ്ഞിരുന്നത്. പരിപാടിയുടെ അധ്യക്ഷനായ പി.കെ. ബഷീർ പറഞ്ഞ കാര്യങ്ങളോട് താൻ പൂർണമായി യോജിക്കുകയാണെന്നും ആരിഫ് പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ പ്രവൃത്തിയുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് ബാക്കിയുണ്ടായിരുന്നതെന്ന് ആരിഫ് വ്യക്തമാക്കി. പ്രവൃത്തികൾ പൂർത്തിയായതിനാൽ ഉദ്ഘാടനം നടത്താമെന്ന് അന്ന് മന്ത്രി മുഹമ്മദ് റിയാസിനോട് താൻ പറഞ്ഞിരുന്നതാണ്. എന്നാൽ മന്ത്രി അതിന് തീയതി നൽകാതിരുന്നതുകൊണ്ടാണ് അന്ന് ഉദ്ഘാടനം നടക്കാതിരുന്നതെന്നും ആരിഫ് പറഞ്ഞു.

തീയതി നൽകാതിരുന്നതിനാൽ ഇപ്പോൾ പടച്ചതമ്പുരാൻ എന്തായാലും നിങ്ങൾക്ക് ഉദ്ഘാടനത്തിനുള്ള അവസരം ഒരുക്കിത്തന്നുവെന്നും, അതിനാൽ നിങ്ങൾ അത് ചെയ്യൂ എന്നും ആരിഫ് കൂട്ടിച്ചേർത്തു. എന്നാൽ ആരിഫിന് നേരെ സദസ്സിൽ നിന്ന് കൂക്കിവിളി ഉയരുന്ന സാഹചര്യമുണ്ടായി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് പാലം ഉദ്ഘാടനം ചെയ്തത്.

തുറവൂർ-പമ്പ സംസ്ഥാനപാതയുടെ രണ്ടാംഘട്ടമാണ് മാക്കേക്കടവ്-നേരേകടവ് പാലം. ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കുള്ള എളുപ്പ പാതയായും ഇതു മാറും. ശബരിമല തീർഥാടകർക്കും ഗുണകരമാകും. നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള യാത്രാദുരിതത്തിനും പരിഹാരമാകും. പാതയുടെ ആദ്യഘട്ടമായ തൈക്കാട്ടുശ്ശേരി-തുറവൂർ പാലം 2015-ൽ ഗതാഗതത്തിന് തുറന്നിരുന്നു. അന്നത്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനംചെയ്തത്.

മാക്കേക്കടവ്-നേരേകടവ് പാലത്തിന്‌ 2017 ജനുവരി 27-ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരനാണ് ശിലയിട്ടത്. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പാലംനിർമാണം വർഷങ്ങളോളം നിലച്ചിരുന്നു. 2024 മാർച്ചിൽ നിർമാണം പുനരാരംഭിച്ചു. 800 മീറ്റർ നീളമുള്ള പാലത്തിന് ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 11 മീറ്റർ വീതിയുമുണ്ട്.