കോഴിക്കോട്: രാജ്യത്ത് പരമ്പരാഗത ഐ.സി.എഫ്. കോച്ചുകളുമായി സർവീസ് നടത്തുന്ന അവസാന ജനശതാബ്ദി എക്‌സ്പ്രസായ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിനും പുതിയ എൽ.എച്ച്.ബി. റേക്ക് അനുവദിച്ച് റെയിൽവേ. മേയ് 28-ന് തിരുവനന്തപുരത്തുനിന്ന് രാവിലെ ആരംഭിക്കുന്ന സർവീസ് മുതലാണ് പുതിയ കോച്ചുകൾ അനുവദിക്കുക.

To advertise here,

പുതിയ എൽ.എച്ച്.ബി. റേക്കിലും 22 കോച്ചുകൾ ഉണ്ടാകും. ഇതിൽ മൂന്നെണ്ണം എ.സി. ചെയർകാറാണ്. ഓരോ കോച്ചിലും 78 വീതം സീറ്റുകൾ ഉണ്ടാകും. ആകെ 234 സീറ്റുകൾ. 17 കോച്ചുകൾ സെക്കൻഡ് സിറ്റിങ് കോച്ചുകളാണ്. 108 വീതം സീറ്റുകളാണ് ഓരോ കോച്ചിലും ഉണ്ടാവുക. ആകെ 1836 സീറ്റുകൾ. 30 പേർക്ക് എസ്.എൽ.ആർ. കോച്ചിലും യാത്രചെയ്യാം.

ജർമൻ സാങ്കേതികവിദ്യയിൽ ആധുനികസൗകര്യങ്ങളോടെ നിർമിച്ച എൽ.എച്ച്.ബി. കോച്ചുകൾ വരുന്നതോടെ യാത്രാസുരക്ഷ വർധിക്കും. എന്നാൽ, സീറ്റുകൾ ഏതുരീതിയിലുള്ളതാണെന്ന് കോച്ചുകൾ എത്തിയാലേ അറിയൂ. 2024-ൽ എൽ.എച്ച്.ബി.യിലേക്ക് മാറിയ കണ്ണൂർ ജനശതാബ്ദിയിൽ മെമു വണ്ടികളിലുള്ള സീറ്റുകളാണ് നൽകിയത്.

ഇത് യാത്രക്കാർക്ക് വൻ തിരിച്ചടിയായിരുന്നു. ഇപ്പോൾ വേണാട് എക്‌സ്പ്രസിന്റെ 2019-ൽ നിർമിച്ച എൽ.എച്ച്.ബി. കോച്ചുകൾ പുതിയ കോച്ചുകളോടൊപ്പം കൂട്ടിക്കലർത്തിയാണ് കണ്ണൂർ ജനശതാബ്ദി സർവീസ് നടത്തുന്നത്. ഈ കോച്ചുകളിൽ സീറ്റുകൾ പരമ്പരാഗത ഐ.സി.എഫ്. (ജനശതാബ്ദി എക്‌സ്പ്രസുകളിൽ ഉപയോഗിക്കുന്ന സെക്കൻഡ് ജൻ ചെയർകാർ) കോച്ചുകളിലേതിന് സമാനമാണ്.