ചെന്നൈ: കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിൻ പാതകൾ നിർമിക്കുന്നതിന് സാധ്യതാപഠനം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ റെയിൽവേ ബോർഡിന് കത്തയച്ചു. ചെന്നൈയിൽനിന്ന് തിരുച്ചിറപ്പള്ളി-നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും സേലം-കോയമ്പത്തൂർ വഴി എറണാകുളത്തേക്കുമാണ് പാതകൾ പരിഗണിക്കുന്നത്.

To advertise here,

നിർമാണം പുരോഗമിക്കുന്ന അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പാതയുടെ മാതൃകയിൽ രാജ്യത്തെ പ്രധാന നഗരങ്ങളെ കൂട്ടിയിണക്കി അതിവേഗ റെയിൽ ഇടനാഴികൾ നിർമിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതിനിടെയാണ് കേരളത്തിലേക്കുള്ള പാതകളുടെ സാധ്യതാപഠനം നടത്താൻ തമിഴ്നാട് മുൻകൈയെടുക്കുന്നത്.

ചെന്നൈയിൽനിന്ന് ഹൈദരാബാദിലേക്കും മൈസൂരിലേക്കുമുള്ള അതിവേഗപാതകൾ കേന്ദ്രസർക്കാർ കഴിഞ്ഞ ബജറ്റിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. അതിനുപുറമേ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള പാതകളുടെ സാധ്യത ആരായാനാണ് തമിഴ്നാടിന്റെ നിർദേശം.

ഈസ്റ്റ് കോസ്റ്റ് ചരക്കുകടത്ത് ഇടനാഴി വിജയവാഡയിൽനിന്ന് ചെന്നൈ, തൂത്തുക്കുടി, കന്യാകുമാരി നഗരങ്ങളിലേക്ക് നീട്ടണമെന്ന ആവശ്യവും തമിഴ്നാട് മുന്നോട്ടുവെച്ചിട്ടുണ്ട്. ചെന്നൈയിൽനിന്ന് കൊച്ചി വഴി തിരുവനന്തപുരത്തേക്ക് ബുള്ളറ്റ് ട്രെയിൻ പാത നിർമിക്കാനുള്ള നിർദേശം 2010-ലെ റെയിൽവേ ബജറ്റിലുണ്ടായിരുന്നു.

2009-ൽ റെയിൽവേ അവതരിപ്പിച്ച വിഷൻ-2020 കർമപദ്ധതിയിൽ ഇതടക്കം ആറ് അതിവേഗ റെയിൽപ്പാതകളാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ, പിന്നീടുവന്ന എൻ.ഡി.എ. സർക്കാർ മുംബൈ-അഹമ്മദാബാദ് പാതയാണ് ആദ്യ ബുള്ളറ്റ് ട്രെയിനിനുവേണ്ടി തിരഞ്ഞെടുത്തത്. ഈ വർഷം മറ്റ് പാതകൾകൂടി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല.