വിമാനയാത്രക്കാര്‍ക്കുള്ള നിയമങ്ങള്‍ കടുപ്പിച്ച്‌ സ്പിരിറ്റ് എയര്‍ലൈന്‍സ്. അശ്ലീലം നിറഞ്ഞതോ, കുറ്റകരമായ സ്വഭാവമുള്ളതോ ആയ ബോഡി ആര്‍ട്ട് ചെയ്തവര്‍ക്കും ശരീരം പ്രദര്‍ശിപ്പിക്കുംവിധം വസ്ത്രധാരണം ചെയ്യുന്നവര്‍ക്കും ഇനി തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നാണ് വിമാനക്കമ്പനി വ്യക്തമാക്കുന്നത്. ഫെബ്രുവരി അഞ്ചിന് പുതുക്കി ഇറക്കിയ കോണ്‍ട്രാക്ട് ഓഫ് ക്യാരീജിലാണ് ഇക്കാര്യങ്ങളുള്ളത്.

To advertise here,

നഗ്നപാദരായി എത്തുന്നവര്‍ക്ക് വിമാനത്തില്‍ യാത്രചെയ്യാന്‍ കഴിയില്ലെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. സുതാര്യമായ വസ്ത്രങ്ങള്‍ ധരിച്ചവര്‍ക്കും ശരീരഭാഗങ്ങള്‍ 'വേണ്ടത്ര' മൂടാത്തവര്‍ക്കും സ്തനങ്ങളും നിതംബങ്ങളും മറ്റ് സ്വകാര്യഭാഗങ്ങളടക്കം വെളിപ്പെടുത്തുന്നതരത്തിലുള്ള വസ്ത്രം ധരിക്കുന്നവര്‍ക്കും തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് വിമാനക്കമ്പനി പറയുന്നു. വസ്ത്രത്തിലോ ബോഡി ആര്‍ട്ടിലോ അശ്ലീലം നിറഞ്ഞതോ കുറ്റകരമായ സ്വഭാവമുള്ളതോ ആയ പരാമര്‍ശങ്ങള്‍ ഉള്ളവര്‍ക്കോ സ്പിരിറ്റ് എയര്‍ലൈന്‍സില്‍ യാത്രാവിലക്കുണ്ടാവുമെന്നും കമ്പനി വ്യക്തമാക്കി. ദുര്‍ഗന്ധം പേറിയെത്തുന്നതും യാത്ര നിഷേധിക്കാന്‍ കാരണമാവാമെന്നാണ് കമ്പനി പറയുന്നത്.

മേല്‍പ്പറഞ്ഞ നിബന്ധനകള്‍ പാലിക്കാത്തവരെ വിമാനത്തില്‍ കയറാന്‍ സമ്മതിക്കാതിരിക്കുകയോ വിമാനത്തില്‍നിന്ന് പുറത്തിറക്കുകയോ ചെയ്യാമെന്നാണ് മാര്‍ഗരേഖ പറയുന്നത്. വിമാനയാത്രക്കാര്‍ക്കും ക്രൂവിനും ഉള്‍പ്പെടെയുള്ളതാണ് മാര്‍ഗരേഖ. ഇതോടെ ശരീരഭാഗങ്ങള്‍ വെളിപ്പെടുത്തുന്ന തരത്തിലുള്ള ക്രോപ് ടോപ്പുകള്‍ ധരിക്കുന്നതിനും ചില ടാറ്റൂകള്‍ക്കും വിമാനത്തില്‍ വിലക്കുണ്ടാവും. എന്നാല്‍, വിലക്കപ്പെടുന്ന ടാറ്റൂകള്‍ എത് തരത്തിലുള്ളതാണെന്ന് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ, ക്രോപ് ടോപ് ധരിച്ചതിന് യുവതികളെ വിമാനത്തില്‍നിന്ന് പുറത്താക്കിയ സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ നടപടി വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ലോസ് ആഞ്ചിലിസില്‍നിന്ന് ന്യൂ ഓര്‍ലിയന്‍സിലേക്ക് പോയ വിമാനത്തില യാത്രക്കാരെയാണ് കഴിഞ്ഞ ഒക്ടോബറില്‍ പുറത്താക്കിയത്.