ന്യൂഡൽഹി: സൈനിക യൂണിഫോമിൽനിന്നും ചടങ്ങുകളിൽനിന്നും ബ്രിട്ടീഷ് ഭരണകാലത്തെ അവശേഷിപ്പുകൾ പൂർണമായും ഒഴിവാക്കാൻ ഇന്ത്യൻ സൈന്യം. റിവ്യൂയിങ് ഓഫീസർമാർ വാളുകൾ നിർബന്ധമായി ധരിക്കണമെന്ന വ്യവസ്ഥ മാറ്റി. ഇതിനൊപ്പം ചില വസ്ത്രങ്ങൾക്കൊപ്പമുള്ള 'പൗച്ച് ബെൽറ്റ്' ഒഴിവാക്കുകയും ചെയ്തു. കൂടാതെ 'റോയൽ' പോലെയുള്ള പദപ്രയോഗങ്ങളും സൈന്യം ഉപേക്ഷിച്ചു. കൊളോണിയൽ കാലം മുതൽ തുടർന്നുപോന്ന പദപ്രയോഗമാണ് നിർത്തലാക്കുന്നത്.
ഔദ്യോഗിക സിവിൽ വസ്ത്രങ്ങളിൽ ഇന്ത്യയുടെ തനത് 'ബന്ദി ജാക്കറ്റ്' സൈന്യം ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ മാറ്റങ്ങൾ അനുസരിച്ച് ഓഫീസർമാരുടെ ഔദ്യോഗിക സിവിൽ വസ്ത്രത്തിന്റെ ഭാഗമായി ഫുൾ സ്ലീവ് ഷർട്ടിനും ഔദ്യോഗിക ട്രൗസറിനും ഒപ്പം അടഞ്ഞ കഴുത്തുള്ള 'ബന്ദി ജാക്കറ്റ്' ധരിക്കാം. ഭാരതത്തിന്റെ സ്വത്വത്തിന് അനുസൃതമായി സൈനിക പാരമ്പര്യങ്ങളെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ.
സൈന്യത്തിൽ ഉടനീളം വസ്ത്രധാരണ രീതികൾ ഏകീകരിക്കുന്നതിനായി പുതുതായി പുറത്തിറക്കിയ 'ആർമി യൂണിഫോംസ്-2026' ലഘുലേഖയിലാണ് ഈ മാറ്റങ്ങൾ വിശദീകരിക്കുന്നത്. കൊളോണിയൽ കാലത്തെ അടയാളങ്ങളും പദപ്രയോഗങ്ങളും ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ വികാരവും രാജ്യത്തിന്റെ സ്വത്വവും കണക്കിലെടുത്ത്, യൂണിഫോമിൽ വലിയ പരിഷ്കാരങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് സൈന്യം അറിയിച്ചു
റിവ്യൂയിങ് ഓഫീസർമാർ വാൾ ധരിക്കുന്നത് നിർബന്ധമല്ല, മറിച്ച് അത് അവരുടെ ഇഷ്ടാനുസരണമാകും. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, കരസേനാ ദിനം, ഗാർഡ് ഓഫ് ഓണർ തുടങ്ങിയ വലിയ ചടങ്ങുകളിൽ പരേഡ് കമാൻഡർമാർ, കണ്ടിൻജന്റ് കമാൻഡർമാർ, നിശ്ചയിക്കപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമേ ഇനി വാൾ ധരിക്കാൻ അനുവാദമുള്ളൂ. പരേഡുകളിൽ റിവ്യൂയിങ് ഓഫീസർമാർ വാൾ ധരിക്കാൻ പാടില്ലെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.
ഈ മാറ്റങ്ങൾക്ക് പുറമേ, സൈന്യം പുതിയ ശൈത്യകാല വസ്ത്രവും പരിചയപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ജേഴ്സിക്ക് പകരമായി 'ബാറ്റിൽ ജാക്കറ്റ്' ഉൾപ്പെടുത്തിയ പുതിയ യൂണിഫോം 2029 ജൂണോടെ പൂർണമായും പ്രാബല്യത്തിൽ വരും. എല്ലാ റാങ്കുകളിലുള്ളവർക്കും ശൈത്യകാലത്ത് ധരിക്കാൻ ബാറ്റിൽ ജാക്കറ്റ് നിർബന്ധമാക്കും.
മാത്രമല്ല, വസ്ത്രം ധരിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചും വ്യക്തിഗത രൂപത്തെക്കുറിച്ചും കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അസാധാരണമായ ഹെയർസ്റ്റൈലുകൾ, അനുമതിയില്ലാത്ത താടി, ശരീരത്തിൽ കാണുന്ന രീതിയിലുള്ള ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, ടാറ്റൂകൾ, ബോഡി പിയേഴ്‌സിങ്, മേക്കപ്പ് എന്നിവയ്ക്ക് യൂണിഫോം ധരിക്കുമ്പോൾ വിലക്കുണ്ടാകും.
മുൻകൂട്ടി അനുമതി വാങ്ങാതെ രാഷ്ട്രീയ-മത ചടങ്ങുകളിലോ പ്രതിഷേധങ്ങളിലോ വിവാഹങ്ങളിലോ സ്വകാര്യ പാർട്ടികളിലോ പണം ലഭിക്കുന്ന മാധ്യമ പരിപാടികളിലോ യൂണിഫോം ധരിച്ച് പങ്കെടുക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.
Content Highlights: The Indian Army has introduced the 'Army Uniforms-2026' directive to completely eliminate colonial-era traditions, revising dress codes, introducing the traditional 'Bandi jacket', and enforcing strict guidelines on personal grooming and uniform discipline.
Published: 14 Jun 2026, 09:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented