കോഴിക്കോട്: കൂട്ടംകൂടിയുള്ള ഉല്ലാസയാത്രയുടെ രസംപങ്കിട്ട് ഗ്രൂപ്പ് ടൂറിസം കേരളത്തിലും തരംഗമാകുന്നു. മൂന്നുവർഷത്തിനിടെ ഗ്രൂപ്പ് യാത്രകളിലുണ്ടായ വർധന 30 ശതമാനത്തിലേറെയാണെന്നാണ് ട്രാവൽ ഏജൻസികളുടെ കണക്ക്. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം പാക്കേജുകളും ഈ വഴിയേ. യാത്രപോകുന്നവരിൽ 50 ശതമാനത്തിൽക്കൂടുതലും സംഘമായെത്തുന്നവർ.

To advertise here,

ട്രെ‍ൻഡിനൊപ്പം പോകാൻ റെസിഡെന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ക്ലബ്ബുകൾ, സുഹൃദ്സംഘങ്ങൾ എന്നിവർക്ക് കെ.എസ്.ആർ.ടി.സി. ഗ്രൂപ്പ് ബുക്കിങ് സൗകര്യവുമൊരുക്കി. കാഴ്ചകാണലിനുപരി ഒരുമിച്ചുള്ള അനുഭവങ്ങളും സൗഹൃദവും പങ്കിടുകയാണ് ഇത്തരം യാത്രകളുടെ ലക്ഷ്യം. വാരാന്ത്യങ്ങളിൽ വയനാട്, മൂന്നാർ, വാഗമൺ തുടങ്ങിയ ഇടങ്ങളിലേക്ക് ബൈക്ക് റൈഡർമാരുടെ സംഘങ്ങളും കോളേജ് സുഹൃത്തുക്കളുടെ കൂട്ടായ്മകളും കുടുംബശ്രീ-വനിതാ ഗ്രൂപ്പുകളും നടത്തുന്ന യാത്രകളേറെ.

ചെലവുകുറയും, സൗഹൃദം കൂടും

യാത്രാച്ചെലവ്, താമസം, ഭക്ഷണം, വാഹനവാടക എന്നിവ വീതിക്കപ്പെടുന്നതിനാൽ ഒരുമിച്ചുള്ള യാത്ര സാമ്പത്തികമായും ലാഭകരം. റൂട്ട് തയ്യാറാക്കുന്നതും ടിക്കറ്റ് ബുക്കുചെയ്യുന്നതും ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങളും പങ്കുവെക്കാനാകും. പുതിയ സൗഹൃദം നാമ്പിടാനും പഴയവ പുതുക്കാനും വഴിതുറക്കുന്നു.

സഞ്ചാരികൾ ഇതിലേ

കോവിഡിനുശേഷം സംഘമായെത്തുന്നവരുടെ എണ്ണം 30 ശതമാനത്തിലധികം കൂടിയതായി എൻ.ബി.4 ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മധു ഗോപാലൻ പറഞ്ഞു. തിരുവനന്തപുരത്തെ പ്രമുഖ വനിതാ ടൂർ ഓപ്പറേറ്റേഴ്സായ ക്യൂൻ ബീസ് ഉടമ സൗമ്യ ശ്യാമപ്രസാദിെന്റ അനുഭവവും ഇതുതന്നെ. സമീപിക്കുന്ന സഞ്ചാരപ്രേമികളിൽ 40 ശതമാനത്തിലധികവും സംഘമായെത്തുന്നവരാണെന്ന് കോഴിക്കോട്ട് ‘അമ്മിണി വീട്’ ഹോംസ്റ്റേ നടത്തുന്ന ഗാർഗിയും പറഞ്ഞു.