ഭേദചിന്തകളൊന്നുമില്ലാതെ, മാനവസമൂഹം ഏകോദരസഹോദരങ്ങളായി ജീവിക്കണമെന്ന സന്ദേശവുമായി ലോകസഞ്ചാരം നടത്തുന്ന ദക്ഷിണ കൊറിയക്കാരന്‍ സിന്‍ഫിവാന്‍ യാത്രാമധ്യേ ശിവഗിരിയിലെത്തി. ശ്രീനാരായണ ഗുരുവിനെയും ഗുരുദര്‍ശനത്തെയും കൂടുതല്‍ അറിയുന്നതിനാണ് ശിവഗിരിയിലെത്തിയതെന്ന് സിന്‍ഫിവാന്‍ പറഞ്ഞു. നേപ്പാളില്‍നിന്ന് കേദാര്‍നാഥ്, ഋഷികേശ് എന്നിവിടങ്ങളിലൊക്കെ സഞ്ചരിച്ചശേഷം വര്‍ക്കല ബീച്ചിലെത്തി.

To advertise here,

അവിടെ പരിചയപ്പെട്ട ഗൈഡില്‍നിന്ന് വഴി മനസ്സിലാക്കിയാണ് ശിവഗിരിയിലെത്തിയത്. മനുഷ്യരെല്ലാവരും ഒന്നാണെന്ന സങ്കല്പം ശിവഗിരിമഠത്തില്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാനായെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദേവ മഹാസമാധിയിലും ശാരദാമഠത്തിലും പര്‍ണശാലയിലും പ്രാര്‍ഥനയിലും പങ്കെടുത്തു.

ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അനുഗ്രഹം തേടുകയും ഉപദേശം സ്വീകരിക്കുകയും ചെയ്തു. മടക്കയാത്രാവേളയില്‍ പര്‍ണശാലയ്ക്കു മുന്നില്‍ ഗുരുദേവ ചരിത്രം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയില്‍നിന്ന് സ്വീകരിച്ചു.