മുതലമട: ഒൻപതുമാസത്തെ ഇടവേളയ്ക്കുശേഷം പറമ്പിക്കുളം കടുവസങ്കേതം വിനോദസഞ്ചാരികൾക്കായി ശനിയാഴ്ച തുറക്കും. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മാർച്ച് പത്തിനാണ് പറമ്പിക്കുളം സങ്കേതത്തിൽ വിനോദസഞ്ചാരം നിർത്തിയത്.

To advertise here,

സംസ്ഥാനത്തെ ഇതര വനം-വിനോദസഞ്ചാരകേന്ദ്രങ്ങൾ നേരത്തെ തുറന്നെങ്കിലും തമിഴ്നാട്ടിലെ ആനമല കടുവസങ്കേതത്തിലൂടെ മാത്രം പ്രവേശനമുള്ള പറമ്പിക്കുളം തുറക്കാനായില്ല. മൂന്നുമാസം മുൻപ് ആനമല കടുവസങ്കേതത്തിലൂടെ പറമ്പിക്കുളത്തേക്ക് സഞ്ചാരികൾക്ക് കടന്നുവരാൻ അനുമതി വേണമെന്നറിയിച്ച് ആനമല ഡെപ്യൂട്ടി ഡയറക്ടർക്ക് പറമ്പിക്കുളം കടുവസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ വൈശാഖ് ശശികുമാർ കത്ത് നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. എന്നാൽ, വെള്ളിയാഴ്ചമുതൽ ആനമല സങ്കേതം തുറന്നതിനാൽ പറമ്പിക്കുളവും തുറക്കാൻ തീരുമാനിക്കുകയായിരുന്നു.

കാടിന്റെ വശ്യതയും വന്യതയും കൊണ്ട് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പറമ്പിക്കുളം ധാരാളം വന്യമൃഗങ്ങളെ അടുത്ത്‌ കാണാൻ കഴിയുന്ന അപൂർവം സങ്കേതങ്ങളിലൊന്നാണ്. ടൂറിസവുമായി ബന്ധപ്പെട്ട് പറമ്പിക്കുളത്തെ വിവിധ ആദിവാസി ഊരുകളിലെ 130 പേർ പ്രത്യക്ഷമായും 200 പേർ പരോക്ഷമായും ജോലി ചെയ്യുന്നുണ്ട്.

സഞ്ചാരികളെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ 10 മിനി ബസ്സുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏകദിന സഫാരിക്ക്‌ വരുന്നവർക്ക്‌ പുറമേ താമസിക്കാനെത്തുന്നവർക്കും വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏറുമാടങ്ങളും കോട്ടേജുകളും ഐ.ബി.കളും ഡോർമിറ്ററികളും പറമ്പിക്കുളത്തുണ്ട്. ഇവിടെ ഒരേസമയം 100 പേർക്ക് താമസിക്കാം. നേരത്തെ ഏകദിനസഫാരിക്ക് 200 രൂപ ഈടാക്കിയിരുന്നു. ഇനിമുതൽ 300 രൂപ നൽകണം. താമസസൗകര്യങ്ങൾക്ക് 10 ശതമാനം നിരക്കുവർധനയുണ്ടായിട്ടുണ്ട്. 2019-ൽ 5.6 കോടി രൂപ പറമ്പിക്കുളം വിനോദസഞ്ചാരത്തിന് വരുമാനമുണ്ടായിരുന്നു.

ഈ വർഷത്തെ പ്രധാനസമയങ്ങളായ വിഷു, സ്കൂൾ വേനലവധി, ഓണം, ദീപാവലി എന്നിവ നഷ്ടമായത് ആദിവാസികളായ ജീവനക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ഏകദിന സഫാരിക്കു വരുന്നവർ 9442201691 എന്ന നമ്പറിൽ വിളിച്ച് സഫാരി ഉറപ്പാക്കണം.

താമസത്തിന്‌ വരുന്നവർ www.parambikulam.org എന്ന വെബ് സൈറ്റിൽ ബുക്ക് ചെയ്താൽ മാത്രമേ പറമ്പിക്കുളത്തേക്ക് പ്രവേശിക്കാൻ കഴിയൂ.

Content Highlights: Parambikulam Tiger Reserve, Parambikulam Safari, Kerala Tourism, Travel News