ണാഘോഷങ്ങള്‍ക്കൊപ്പം യാത്രകള്‍ക്കായി ഒരുങ്ങി സഞ്ചാരികളും. ആഭ്യന്തരയാത്ര മുതല്‍ അന്താരാഷ്ട്ര യാത്രകള്‍ക്കുവരെ ബുക്കിങ് ഉയര്‍ന്നു. ഓണാവധി ദിവസങ്ങളില്‍ നേരിട്ടും ട്രാവല്‍ ഏജന്‍സികള്‍ക്കൊപ്പവും യാത്രചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍.

To advertise here,

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബുക്കിങ് ഉയര്‍ന്നിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ഒക്ടോബര്‍ മാസത്തേക്കുള്ള യാത്രാ ബുക്കിങ്ങും ക്ലോസ് ചെയ്യുന്ന അവസ്ഥയാണ്.

ഏതാണ്ട് 80 ശതമാനം പേരും ട്രാവല്‍ ഏജന്‍സികളുമായി സഹകരിച്ചിട്ടാണ് യാത്രകള്‍ക്കായി തയ്യാറെടുക്കുന്നത്. യാത്രയ്ക്കിടയിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും അപകടസാധ്യതകളും ഒഴിവാക്കാനാണ് ട്രാവല്‍ ഏജന്‍സികളെ സമീപിക്കുന്നത്. 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള പാക്കേജുകള്‍ക്കാണ് കൂടുതല്‍ അന്വേഷണങ്ങള്‍ വരുന്നത്.

വിദേശയാത്രകളില്‍ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകള്‍ ഇവ

വിദേശ യാത്രകളോട് മലയാളികളുടെ ഇഷ്ടം കൂടിവരുകയാണ്. ബാങ്കോക്ക്, തായ്ലാന്‍ഡ്, മലേഷ്യ തുടങ്ങി സ്ഥലങ്ങളാണ് ഇഷ്ടകേന്ദ്രങ്ങള്‍. വിയറ്റ്നാമിലേക്കും കേരളത്തിലെ സഞ്ചാരികളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. സ്ഥിരം വിമാന സര്‍വീസ് വിയറ്റ്നാമിലേക്ക് ആരംഭിച്ചാല്‍ മലയാളികളുടെ ഇഷ്ട കേന്ദ്രങ്ങളിലേക്ക് വിയറ്റ്നാമും ഉയരുമെന്ന് ടൂര്‍ മാക്സ് മാനേജിങ് ഡയറക്ടര്‍ അജീഷ് ചന്ദ്രന്‍ പറഞ്ഞു.

ആഭ്യന്തര യാത്രയ്ക്കും ഡിമാന്‍ഡ്

ഓണം സീസണില്‍ ഗോവ, ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ തുടങ്ങിയ ആഭ്യന്തര സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് കൂടുതല്‍ പേരും യാത്ര ചെയ്യുന്നത്. തീര്‍ഥാടനകേന്ദ്രം എന്ന നിലയില്‍ അയോദ്ധ്യയും പ്രിയപ്പെട്ട ഇടമായി ഉയര്‍ന്നുവന്നിട്ടുണ്ട്. നാലുദിവസത്തേക്കായുള്ള ആഭ്യന്തര യാത്രകള്‍ 45,000 രൂപ മുതല്‍ ലഭ്യമാണ്. സ്ഥലവും സൗകര്യങ്ങളും കൂടുന്നതിനനുസരിച്ച് 70,000 രൂപയുടെ വരെയുള്ള പാക്കേജുകളുണ്ട്.

ചെറുപ്പക്കാര്‍ക്ക് പ്രിയം ഗോവ

യുവാക്കളില്‍ കൂടുതല്‍ പേര്‍ ഓണത്തിന് തിരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്ന് ഗോവയാണ്. മൂന്നുദിവസത്തേക്കായി 20,000 രൂപ മുതലുള്ള പാക്കേജുകള്‍ ലഭ്യമാണെന്ന് ഫെയര്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. എസ്. രാജ് പറഞ്ഞു.

ചെറിയ യാത്രകള്‍ക്കായി വയനാട്, മൂന്നാര്‍, മൈസൂര്‍ ഒക്കെയാണ് തിരഞ്ഞെടുക്കുന്നത്. രണ്ടുദിവസം മുതല്‍ അഞ്ചുദിവസം വരെയാണ് കൂടുതല്‍ ബുക്കിങ്ങും. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കായി ഇത്തവണ സഞ്ചാരികള്‍ ഒഴുകുമെന്നാണ് വിലയിരുത്തുന്നത്. മിക്ക ഹോട്ടലുകളിലും ബുക്കിങ് കൂടിയിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ വരവ് ഉയരുമെന്നാണ് മേഖല പ്രതീക്ഷിക്കുന്നത്.

അമ്യൂസ്മെന്റ് പാര്‍ക്കുകളിലും തിരക്ക്

അമ്യൂസ്മെന്റ് പാര്‍ക്കുകളിലേക്കായുള്ള സഞ്ചാരികളുടെ വരവ് ഇത്തവണ ഉയരും. ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓണാഘോഷങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വണ്ടര്‍ലാ ഹോളിഡേയ്സ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. രണ്ട് ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ ഒരു ടിക്കറ്റ് സൗജന്യം എന്ന ഓഫറും വണ്ടര്‍ലാ ഒരുക്കിയിട്ടുണ്ട്.

ഗ്രൂപ്പ് ബുക്കിങ് കൂടി

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിലുപരി ഗ്രൂപ്പായി യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സാധാരണ ഗ്രൂപ്പുകളില്‍ പലപല സ്ഥലങ്ങളില്‍ ഉള്ളവരാണ് ഉണ്ടാകുക. എന്നാല്‍, ഒരു കുടുംബം മൊത്തമായോ സുഹൃത്തുക്കളുടെ സംഘമോ യാത്രകള്‍ ബുക്ക് ചെയ്യുന്ന പ്രവണത കൂടിയിട്ടുള്ളതായി ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ആഭ്യന്തര സഞ്ചാര കേന്ദ്രങ്ങളാണെങ്കില്‍ കുറഞ്ഞത് അഞ്ചുദിവസവും അന്താരാഷ്ട്ര കേന്ദ്രങ്ങളാണെങ്കില്‍ കുറഞ്ഞത് ഏഴുദിവസം വരെയുള്ള യാത്രകളാണ് എടുക്കുന്നത്. യൂറോപ്പ്, ചൈന, ജോര്‍ജിയ, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഗ്രൂപ്പ് യാത്രക്കാരുടെ ഇഷ്ടകേന്ദ്രങ്ങള്‍. ഏതാണ്ട് രണ്ടുലക്ഷം രൂപ മുതലുള്ള യാത്രകളുണ്ട്. സ്ഥലവും സൗകര്യങ്ങളും കൂടുന്നതിനനുസരിച്ച് നിരക്ക് ഉയരും.