ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസംതേടി സഞ്ചാരികൾ നെല്ലാറച്ചാലിലേക്ക്. കാരാപ്പുഴയുടെ ഓരത്തെ മൊട്ടക്കുന്നുകളിൽ സദാ സന്ദർശകരുടെ തിരക്കാണിപ്പോൾ. അവധിദിനങ്ങളിൽ അസ്തമയക്കാഴ്ച കാണാൻ നൂറുകണക്കിന് ആളുകളാണ് നെല്ലാറച്ചാലിലെത്തുന്നത്.

നെല്ലാറച്ചാലിലെ മൊട്ടക്കുന്നുകളെ ചുറ്റിപ്പുണർന്ന് കാരാപ്പുഴ അണക്കെട്ട്. ജലസമൃദ്ധമായ അണക്കെട്ടിന്റെ ഏറ്റവും ഭംഗിയാർന്ന കാഴ്ച നെല്ലാറച്ചാൽ വ്യൂപോയിന്റിൽനിന്ന് കാണാം. സദാസമയവും കാറ്റുവീശുന്ന കുന്നിൻചെരിവിൽ എപ്പോഴും സന്ദർശകരുണ്ടാകും. സായാഹ്നങ്ങളിലാണ് ഒട്ടേറെപ്പേർ ഉണ്ടാകുക. ശനി, ഞായർ ദിവസങ്ങളിൽ നൂറുകണക്കിനാളുകൾ വരും. ഇറിഗേഷൻ വകുപ്പിനുകീഴിലുള്ള നെല്ലാറച്ചാൽ വ്യൂപോയിന്റ് ഔദ്യോഗിക ടൂറിസംകേന്ദ്രമല്ല. പക്ഷേ, സാമൂഹികമാധ്യമങ്ങളിലൂടെ അറിഞ്ഞാണ് നെല്ലാറച്ചാലിന്റെ സൗന്ദര്യംതേടി സന്ദർശകർ വരുന്നത്. ഉച്ചകഴിയുന്നതോടെ സന്ദർശകർ കുടുംബസമേതം വന്നുതുടങ്ങും. വെയിലാറുംവരെ തണൽമരങ്ങൾക്കുതാഴെ ചെലവിടും. ചെഞ്ചായമണിഞ്ഞ് സൂര്യൻ മണിക്കുന്നുമലയുടെ മറവിലേക്കു നീങ്ങുമ്പോൾ ആകാശം ചുവക്കും. ജലാശയം സൂര്യശോഭയിൽ തിളങ്ങും. മത്സ്യബന്ധനത്തിനായി തുഴയെറിഞ്ഞുപോകുന്ന കുട്ടത്തോണികൾ കൗതുകമുള്ള കാഴ്ചയാകും.
അഭ്യാസികൾക്ക് നോ എൻട്രി
ഒരുവർഷംമുൻപുവരെ ആരും തിരിഞ്ഞുനോക്കാനില്ലാതെ അനാഥമായിരുന്നു ഇവിടം. സാമൂഹികമാധ്യമങ്ങളിൽ നെല്ലാറച്ചാലിന്റെ മനോഹാരിത തരംഗമായിമാറിയതോടെ സന്ദർശകർ കൂടുതലായി വന്നുതുടങ്ങി. കൂടുതലും യുവാക്കൾ. ഒരു നിയന്ത്രണവുമില്ലാത്ത കുന്നുകളിലേക്ക് വാഹനങ്ങൾ കയറ്റിയിറക്കിയും ലഹരിവസ്തുക്കൾ ഉപയോഗിച്ചും പ്രശ്നങ്ങൾ സൃഷ്ടിച്ചു. രാപകൽ വ്യത്യാസമില്ലാതെ സന്ദർശകർ വരാൻതുടങ്ങിയതോടെ പ്രദേശവാസികളുടെ ജീവിതത്തെയും ബാധിച്ചു. 2025 ജൂണിൽ കുന്നിൻചെരിവിൽ അഭ്യാസപ്രകടനം നടത്തിയ ട്രാക്ടർ തലകീഴായിമറിഞ്ഞത് വലിയ വാർത്തയായി. പിന്നാലെ ജീപ്പ് നിയന്ത്രണംവിട്ട് അണക്കെട്ടിലേക്ക് മറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധമുയർത്തി. പിന്നീട് ജലസേചനവകുപ്പ് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി പരിസരത്ത് വേലി സ്ഥാപിച്ചു.
പരിസരവാസികൾക്ക് ആശ്വാസം
ഈ സംഭവങ്ങൾക്കുശേഷം വാഹനങ്ങൾ പാർക്കിങ് ഗ്രൗണ്ടിനപ്പുറത്തേക്ക് കൊണ്ടുപോകാനാവില്ല. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതും തടയാൻ ബോർഡ് സ്ഥാപിച്ചു. ഇവ നിരീക്ഷിക്കാൻ രണ്ടു ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെ ഇവരുടെ സേവനം നെല്ലാറച്ചാൽ വ്യൂപോയിന്റിലുണ്ടാകും. ഇവർക്ക് ഇരിക്കാനുള്ള താത്കാലികകേന്ദ്രവും വ്യൂപോയിന്റിൽ ഒരുക്കിയിട്ടുണ്ട്. കർശനനിയന്ത്രണങ്ങൾ വന്നതോടെ കുടുംബസമേതം ഇവിടേക്കെത്തുന്ന സന്ദർശകരുടെ എണ്ണം കൂടി. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് കച്ചവടസ്ഥാപനങ്ങൾ തുറന്നതോടെ പ്രദേശവാസികൾക്ക് വരുമാനമാർഗമായി. പരിസരത്തെ സ്ത്രീകൾ ചേർന്ന് നടത്തുന്ന ചായക്കടകളാണ് നെല്ലാറച്ചാൽ വ്യൂപോയിന്റിലെത്തുന്ന സന്ദർശകർക്ക് ഭക്ഷണം വിളമ്പുന്നത്. അടിസ്ഥാനസൗകര്യങ്ങളൊരുക്കി ടൂറിസം വകുപ്പ് ഏറ്റെടുത്താൽ വയനാട്ടിലെ ഏറ്റവും നല്ല ടൂറിസംകേന്ദ്രമായി ഇത് മാറുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പുഴമീൻ പ്രേമികൾക്കും പ്രിയം
പുഴമീൻ ഇഷ്ടപ്പെടുന്നവർക്കും നെല്ലാറച്ചാൽ പ്രിയമുള്ളയിടമാണ്. കാരാപ്പുഴ അണക്കെട്ടിൽനിന്ന് പിടിക്കുന്ന മത്സ്യങ്ങൾ നെല്ലാറച്ചാലിൽ ലഭിക്കും. പട്ടികജാതി, പട്ടികവർഗ ഫിഷറീസ് സഹകരണസംഘത്തിന്റെ സ്റ്റാളിൽ എല്ലാദിവസവും രാവിലെയും വൈകീട്ടും പുഴമീൻ വിൽപ്പനയുണ്ട്. ഇതിനുപുറമേ കൂടുമത്സ്യക്കൃഷിയിൽ വളരുന്നവ വേറെയുമുണ്ട്. നെല്ലാറച്ചാൽ വ്യൂപോയിന്റിൽ ഇത് പകൽമുഴുവൻ ലഭ്യമാണ്.
Content Highlights: Transformation of Nellarachal from an obscure location to a popular tourist hotspot., Breathtaking sunset views overlooking the Karapuzha Dam reservoir., Implementation of safety regulations and vehicle restrictions for visitor safety., Local economic growth through food stalls and fresh river fish sales., Potential for official development as a major Wayanad tourism destination.
Published: 15 Mar 2026, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented