മൈസൂരു : കനത്ത മഴയെത്തുടർന്ന് നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകൾ അടച്ചിടാൻ വനംവകുപ്പ് തീരുമാനിച്ചു. വനപാതകളിലൂടെ സഫാരി വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം. ബുധനാഴ്ചമുതൽ കേന്ദ്രത്തിലെ നാനാച്ചി, വീരനഹോസഹള്ളി ഗേറ്റുകളിൽനിന്ന് സഫാരി നിർത്തിവെച്ചു. എന്നാൽ, ദമ്മനക്കട്ടെ(കബിനി)യിൽനിന്നുള്ള സഫാരി പതിവുപോലെ തുടരും.മൺസൂൺകാലത്ത് മഴ ആസ്വദിക്കാൻ മലയോരജില്ലകളായ കുടക്, ഹാസൻ, ചിക്കമഗളൂരു ജില്ലകളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നതിനാൽ വനം, പോലീസ് വകുപ്പുകൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ്.

To advertise here,

കുടകിലും വയനാട് മേഖലയിലും തുടർച്ചയായി പെയ്യുന്ന മഴകാരണം കൃഷ്ണരാജ സാഗർ (കെആർഎസ്), കബനി അണക്കെട്ടുകളിലുള്ള ജലനിരപ്പ് ഉയരാൻ കാരണമായി. കെആർഎസ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി 49.45 ടിഎംസി (തൗസന്റ് മില്യൺ ക്യുബിക് ഫീറ്റ്) ആണ്. ഇപ്പോൾ സംഭരണശേഷി 17.16 ടിഎംസിയിലെത്തിയിരിക്കുകയാണ്. ഇത് കാവേരി അച്ചുകൂടത്തിലെ കർഷകർക്ക്, പ്രത്യേകിച്ച് നെല്ലും കരിമ്പും കൃഷിചെയ്യുന്നവർക്ക് ആശ്വാസംപകരുന്നു.

കബനി ജലസംഭരണിയിൽ പരമാവധിശേഷി 2,284 അടിയാണ്. നിലവിൽ ജലനിരപ്പ് 2,267.7 അടിയിലെത്തിയിരിക്കുകയാണ്. വയനാട്ടിൽ തുടർച്ചയായി മഴപെയ്യുന്നതിനാൽ ജലസംഭരണികളിലെ ജലനിരപ്പ് ഇനിയും ഉയർന്നേ കുടക് ജില്ലയിൽ കടപുഴകിവീണ മരങ്ങളും തകർന്ന വൈദ്യുതത്തൂണുകളും കഴിഞ്ഞ മൂന്നുദിവസമായി പല പ്രദേശങ്ങളെയും ഇരുട്ടിലാക്കി. മഴ തുടരുന്നതിനാൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിൽ ഉദ്യോഗസ്ഥർ കനത്ത ബുദ്ധിമുട്ട് നേരിടുകയാണ്.

മൈസൂരു ജില്ലയിലെ ഒൻപത് താലൂക്കുകളിലും മേയ് ഒന്നുമുതൽ 27 വരെ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചു. മേയിൽ ശരാശരി 102.5 മില്ലിമീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ഇതുവരെയായി ആകെ 158.1 മില്ലിമീറ്റർ മഴ ലഭിച്ചു. കെആർ നഗർ, ഹുൻസൂർ, പെരിയപട്ടണ, ടി നരസിപുര, സരഗൂർ എന്നീ താലൂക്കുകളിലാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്.

ഊട്ടി-ഗൂഡല്ലൂർ റോഡ് രാത്രി അടച്ചിടും

ഊട്ടി: നീലഗിരിയിൽ കനത്തമഴ തുടരുന്നതിനിടെ ഊട്ടി-ഗൂഡല്ലൂർ റോഡിൽ നടുവട്ടത്തിനടുത്ത് പാറകൾ റോഡിലേക്ക് വീഴാൻ സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ വഴിയിൽ ഗതാഗതം ഭാഗികമായി അടച്ചു. പകൽസമയത്ത് നിയന്ത്രണങ്ങളോടെ അത്യാവശ്യ വാഹനങ്ങൾ കടത്തിവിടും. രാത്രി ഗതാഗതം അനുവദിക്കില്ല.

കൂറ്റൻപാറ റോഡിലേക്കുവീഴുന്ന രീതിയിൽ നിൽക്കുന്നതിനാലാണ് നിയന്ത്രണമെന്ന് കളക്ടർ ലക്ഷ്മി ഭവ്യ തനരു അറിയിച്ചു. ആംബുലൻസിന് പോകാൻ സൗകര്യമൊരുക്കും.നീലഗിരിയിൽ 29, 30 തീയതികളിൽ ചുവപ്പ് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഊട്ടിയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും രണ്ടുദിവസത്തേക്ക് അടച്ചിടും.