മൈസൂരു: കടുവയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്നത് തുടരുന്നതോടെ ബന്ദിപ്പുർ, നാഗർഹോളെ ടൂറിസം സഫാരി നിരോധനം നീളും. വന്യജീവി ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്നത് പതിവായതോടെ നവംബർ എട്ടുമുതലാണ് അനിശ്ചിതകാലത്തേക്ക് സഫാരികൾ സർക്കാർ നിർത്തിവെച്ചത്.

To advertise here,

സഫാരി വാഹനങ്ങൾ കാരണമാണ് കടുവകൾ ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നതെന്ന അനുമാനത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്. വന്യജീവി ആക്രമണം കുറയുന്നെങ്കിൽമാത്രമേ സഫാരി സർവീസുകൾ പുനഃസ്ഥാപിക്കുകയുള്ളൂവെന്നും നിരോധന ഉത്തരവിൽ വനം മന്ത്രി ഈശ്വർ ബി. ഖന്ദ്രെ സൂചിപ്പിച്ചിരുന്നു.

എന്നാൽ, നിരോധനത്തിനുശേഷവും കടുവകൾ ജനവാസകേന്ദ്രത്തിലിറങ്ങുകയും ആളുകളെ കൊല്ലുന്നതും തുടരുകയാണ്. ശനിയാഴ്ച വനംവകുപ്പ് വാച്ചർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ രണ്ടുമാസത്തിനിടെ കടുവ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരാളുടെ നില ഇപ്പോഴും ഗുരുതരമാണ്. ഇതോടെ സഫാരി നിരോധനം തുടരാനുള്ള സാധ്യത ഏറി.

ക്രിസ്മസ് അവധിമുതൽ ഫെബ്രുവരിവരെയാണ് സഫാരിക്ക് കേരളത്തിൽനിന്നടക്കം ഏറ്റവുംകൂടുതൽ ആളുകൾ എത്തുന്നത്. ഈ സമയത്തെ സഫാരി നിരോധനംമൂലം ടൂറിസം മേഖലയിൽ വരുമാനം കുത്തനെ കുറഞ്ഞിരിക്കുകയാണ്.

ജംഗിൾ ലോഡ്ജുകൾക്കും റിസോർട്ടുകൾക്കും പ്രതിദിനം ഏകദേശം പത്തുലക്ഷംരൂപ നഷ്ടമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. സഫാരി ഫീസായി വനംവകുപ്പിന് പ്രതിദിനം 30 ലക്ഷം രൂപയോളമാണ് കിട്ടിക്കൊണ്ടിരുന്നത്. സഞ്ചാരികളുടെ എണ്ണത്തിൽ 40 ശതമാനത്തോളം കുറവുണ്ട്.

സുരക്ഷാമാർഗങ്ങളോടെ സഫാരി സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് മൈസൂരു ട്രാവൽ അസോസിയേഷൻ, കർണാടക ഇക്കോ-ടൂറിസം റിസോർട്ട്‌സ് അസോസിയേഷൻ, ടൂർ ഓപ്പറേറ്റർമാർ എന്നിവർ വനംമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

എന്നാൽ, വന്യജീവി ആക്രമണം കുറഞ്ഞാൽമാത്രമേ സർക്കാർ ഇതിൽ തീരുമാനമെടുക്കൂവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വനം വാച്ചറുടെ മരണത്തോടെ ഇതിനുള്ള സാധ്യത പൂർണമായും അടഞ്ഞിരിക്കുകയാണ്. കൂടാതെ കഴിഞ്ഞ രണ്ടുമാസത്തിനിടെ ജനവാസകേന്ദ്രത്തിലിറങ്ങിയ 22 കടുവകളെയാണ് വനംവകുപ്പ് പിടികൂടിയത്.

സഫാരി സർവീസുകൾ പുനരാരംഭിച്ചാൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് കർഷകരുടെ മുന്നറിയിപ്പുമുണ്ട്. സർവീസ് ആരംഭിച്ചാൽ ഗ്രാമീണരെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്ന് സംസ്ഥാന കരിമ്പ് കർഷക അസോസിയേഷൻ ഓർഗനൈസിങ് സെക്രട്ടറി അതഹള്ളി ദേവരാജും ജനറൽ സെക്രട്ടറി ബരദനപുര നാഗരാജും അറിയിച്ചു. കർഷകരെ അണിനിരത്തി വനംവകുപ്പ് ഓഫീസുകൾ ഉപരോധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.