
മൈസൂരു: ക്രിസ്മസ്, പുതുവത്സര അവധിക്കാലത്ത് സഫാരി കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നത് വിനോദ സഞ്ചാര മേഖലയ്ക്ക് വൻതിരിച്ചടി. വന്യജീവി ആക്രമണങ്ങൾക്ക് ടൂറിസം വാഹനങ്ങൾ കാരണമായേക്കാമെന്ന ആശങ്കയെത്തുടർന്നാണ് ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതത്തിലെ ടൂറിസം സഫാരികൾ സർക്കാർ നവംബർ എട്ടുമുതൽ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചത്.
സരഗൂർ താലൂക്കിലെ ബന്ദിപ്പുർ വനമേഖലയുടെ അതിർത്തിയിലുള്ള ഗ്രാമങ്ങളിൽ കടുവ ആക്രമണങ്ങളിൽ മൂന്ന് പേർ മരിക്കുകയും ഒരു കർഷകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിരുന്നു. ഇതേതുടർന്നാണ് തീരുമാനം. ഇതോടെ ടൂറിസം മേഖലയിൽ വരുമാനം കുത്തനെ കുറഞ്ഞതായാണ് മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വന്യജീവി ആക്രമണങ്ങളുടെ ശാസ്ത്രീയ കാരണം ഇപ്പോഴും വനം വകുപ്പിന്റെ അന്വേഷണത്തിലാണ്. എന്നാൽ സഫാരി വാഹനങ്ങൾ കടുവകളെ കാട്ടിൽനിന്ന് മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വലിച്ചിഴച്ചതായിരിക്കാമെന്ന അനുമാനത്തിലാണ് സർക്കാർ. സാധാരണ ക്രിസ്മസ് അവധിക്കാലത്താണ് കേരളത്തിൽനിന്നുള്ള സഞ്ചാരികൾ കൂടുതൽ ഇവിടെയെത്തുക. എന്നാൽ, സഫാരി നിർത്തലാക്കിയതോടെ ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളിലെത്തുന്ന മലയാളി സംഘങ്ങൾ നിലവിൽ നാമമാത്രമാണ്.
ഗുണ്ടൽപേട്ട്, എച്ച്ഡി കോട്ടെ, ഹുൻസൂർ, സരഗൂർ എന്നിവിടങ്ങളിലെ വ്യാപാരികൾക്ക് സഞ്ചാരികൾ കുറഞ്ഞതോടെ കനത്തനഷ്ടം നേരിടുകയാണ്. സഫാരി സന്ദർശകർക്കായി പ്രത്യേകമായി റോഡരികിൽ നിരവധി സ്റ്റാളുകൾ പലരും സ്ഥാപിച്ചിരുന്നു. ഇതെല്ലാം നഷ്ടത്തിലാണ്. ഹോട്ടലുകളിൽ മിക്ക റൂമുകളും ഒഴിഞ്ഞുകിടക്കുന്നതിനാൽ ഫോറസ്റ്റ് ഗസ്റ്റ് ഹൗസുകളിലും റിസോർട്ടുകളിലും ജോലിചെയ്യുന്ന ഏകദേശം 2,000 കുടുംബങ്ങളുടെ വരുമാനത്തിൽ ഗണ്യമായ ഇടിവാണുണ്ടായിരിക്കുന്നത്.
ഹോട്ടലുകളിൽ മുറിവാടക കുറച്ചിട്ടും ബുക്കിങ്ങ് തീരെ കുറവാണ്. സഫാരികൾ എല്ലായ്പോഴും ആവശ്യമായ എല്ലാ മുൻകരുതലുകളോടും കൂടി നടത്തിയിട്ടുണ്ട്. അതിനാൽ എല്ലാ സുരക്ഷിത മാർഗങ്ങളും സ്വീകരിച്ച് സഫാരി സേവനം പുനരാരംഭിക്കുക തന്നെ വേണമെന്നാണ് വ്യാപാരികളുടെ അഭിപ്രായം.
Content Highlights: Bandipur & Nagarhole wildlife safaris suspended due to fears of animal attacks on tourist vehicles. This closure impacts local businesses & tourism revenue significantly during holiday season.
Published: 24 Dec 2025, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented