കേരളമാകെ ഉഷ്ണത്തില്‍ നീറിപ്പുകയുമ്പോള്‍ കാന്തല്ലൂര്‍ മഞ്ഞുമൂടിയനിലയില്‍. ചെറുമഴയെത്തിയതോടുകൂടി കാന്തല്ലൂര്‍ മലനിരകള്‍ മഞ്ഞുകൊണ്ട് മൂടി. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിമുതലാണ്, അടുത്തുനിന്നാല്‍പ്പോലും കാണാന്‍കഴിയാത്തവിധം മലനിരകള്‍ മഞ്ഞുമൂടിയത്.

To advertise here,

മൂന്നാറില്‍പ്പോലും കനത്ത ചൂടനുഭവപ്പെടുമ്പോള്‍ കാന്തല്ലൂരില്‍ രാത്രിയില്‍ തണുപ്പ് അനുഭവപ്പെട്ടുതുടങ്ങി. ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജായി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂരില്‍ മേയ് ഏഴുമുതല്‍ 12 വരെ ടൂറിസം ഫെസ്റ്റ് നടത്തുകയാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഫെസ്റ്റിന്റെ വിഭവങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നതിനോടൊപ്പം തണുപ്പും ആസ്വദിക്കാം.

കാന്തല്ലൂര്‍ കേരളത്തിന്റെ ആപ്പിള്‍ താഴ്വര

ഇടുക്കിയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമപ്രദേശമാണ് കാന്തല്ലൂര്‍. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ ഉദുമല്‍പേട്ടയ്ക്കും മൂന്നാറിനുമിടയില്‍ സ്ഥിതി ചെയ്യുന്ന തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന മനോഹരമായ ഒരു മലയോരഗ്രാമം. ശാന്തമായ കാലാവസ്ഥയാലും മനോഹരമായ പ്രകൃതിഭംഗിയാലും പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാന്തല്ലൂരിലെ ആപ്പിള്‍ വളരെ പ്രശസ്തമാണ്. ആപ്പിള്‍ താഴ്വരയിലൂടെ നടക്കാനും ആപ്പിള്‍ നേരിട്ട് പറിക്കാനും നിരവധി പേര്‍ ഇവിടെയെത്താറുണ്ട്. 

ജൂണ്‍, ജൂലായ്‌, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവിടുത്തെ ആപ്പിള്‍ത്തോട്ടങ്ങളില്‍ കായ്കള്‍ പാകമാവാറുള്ളത്. ഡിസംബര്‍ അവസാനവും ജനുവരി, ഫെബ്രുവരി മാസങ്ങളിലും ആപ്പിള്‍ പൂവിട്ട് നില്‍ക്കുന്നത് കാണാന്‍ സഞ്ചാരികള്‍ എത്താറുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 1,525 മീറ്റര്‍ ഉയരത്തിലാണ് കാന്തല്ലൂര്‍. പേരക്ക, മാതളനാരങ്ങ, സ്ട്രോബറി, വെളുത്തുള്ളി എന്നിവയും ഇവിടെ കൃഷി ചെയ്യാറുണ്ട്. 

പട്ടിശ്ശേരി ഡാം, കുളച്ചിവയല്‍ പാറകള്‍, കീഴാന്തൂര്‍ വെള്ളച്ചാട്ടം, ഇരച്ചില്‍പ്പാറ വെള്ളച്ചാട്ടം, ആനക്കോട് പാറ, ശ്രീരാമന്റെ ഗുഹാക്ഷേത്രം, മുനിയറകള്‍ തുടങ്ങി നിരവധി കാഴ്ചകളാണ് കാന്തല്ലൂരില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. സമീപത്ത് തന്നെയുള്ള ആനമുടിച്ചോല ദേശീയ ഉദ്യാനവും മനോഹരമാണ്. മൂന്നാറും വട്ടവടയുമെല്ലാമാണ് സമീപത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍.