രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ വന്ദേഭാരത് വണ്ടികളെ അപേക്ഷിച്ച് ദക്ഷിണറെയിൽവേയിലെ വണ്ടികളാണ് യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ.

ചെന്നൈ: ഓരോ സ്റ്റേഷനിലും തീവണ്ടിയെത്തുന്നതിന് 15 മിനിറ്റു മുൻപുവരെ തത്‌സമയ റിസർവേഷൻ (കറന്റ് റിസർവേഷൻ) സൗകര്യം നടപ്പാക്കിയതോടെ ദക്ഷിണ റെയിൽവേയിലെ വന്ദേഭാരത് തീവണ്ടികളിൽ യാത്രക്കാരുടെ എണ്ണവും വരുമാനവും കുതിച്ചുയർന്നു.
2025-26 സാമ്പത്തിക വർഷം ദക്ഷിണറെയിൽവേയിലെ 24 വന്ദേഭാരത് വണ്ടികളിലായി 77.38 ലക്ഷം പേരാണ് യാത്ര ചെയ്തതെന്ന് റെയിൽവേ തിങ്കളാഴ്ച അറിയിച്ചു. 803.86 കോടി രൂപയാണ് വരുമാനം. 2024-25 സാമ്പത്തിക വർഷം 54.12 ലക്ഷം യാത്രക്കാരെയും 540.65 കോടി രൂപ വരുമാനവും ലഭിച്ച സ്ഥാനത്താണിത്. 2024-25 സാമ്പത്തിക വർഷം കറന്റ് ബുക്കിങ് വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 2,98,989-ഉം വരുമാനം 2181 ലക്ഷം രൂപയുമായിരുന്നു. 2025-26 സാമ്പത്തിക വർഷം യാത്രക്കാർ 7,42,428-ഉം വരുമാനം 5706 ലക്ഷം രൂപയുമായി ഉയർന്നു.
2025 ഓഗസ്റ്റ്-ഒക്ടോബർ മാസങ്ങളിലായാണ് എട്ടുവണ്ടികളിൽ പരീക്ഷണാടിസ്ഥാനത്തിൽ 15 മിനിറ്റു മുൻപുവരെ കറന്റ് ബുക്കിങ് സംവിധാനം തുടങ്ങിയത്. ഈ വണ്ടികളിൽ അതിനുശേഷം കറന്റ് ബുക്കിങ് വഴിയുള്ള വരുമാനത്തിൽ 78 ശതമാനവും യാത്രക്കാരുടെ എണ്ണത്തിൽ 80 ശതമാനവും വർധനയുണ്ടായി. അതിനുശേഷം 17 വണ്ടികളിലേക്ക് ഈ സംവിധാനം വ്യാപിപ്പിച്ചു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ വന്ദേഭാരത് വണ്ടികളെ അപേക്ഷിച്ച് ദക്ഷിണറെയിൽവേയിലെ വണ്ടികളാണ് യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ. മംഗളൂരു-തിരുവനന്തപുരം, കാസർകോട്-തിരുവനന്തപുരം, ചെന്നൈ എഗ്മോർ-നാഗർകോവിൽ വന്ദേഭാരത് വണ്ടികളിൽ യാത്രക്കാരുടെ അനുപാതം സ്ഥിരമായി 100 ശതമാനത്തിൽ കൂടുതലാണ്. ഇടയ്ക്കുവെച്ച് ഇറങ്ങുകയും കയറുകയും ചെയ്യുന്നവരുടെ എണ്ണംകൂടി കണക്കിലെടുക്കുമ്പോഴാണ് യാത്രക്കാരുടെ എണ്ണം സീറ്റിന്റെ എണ്ണത്തെക്കാൾ കൂടുന്നത്.
Content Highlights: The implementation of a last-minute current reservation facility up to 15 minutes before departure has significantly boosted Southern Railway's Vande Bharat revenue to ₹803.86 crore, with Kerala routes constantly recording over 100% occupancy.
Published: 23 Jun 2026, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented