കാട്ടുപോത്ത് ആക്രമണത്തെത്തുടര്‍ന്ന് നൂറ് ദിവസത്തിലധികമായി അടച്ചിട്ട ഇക്കോടൂറിസം കേന്ദ്രം മേയ് പത്തുമുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. കക്കയത്ത് ഫോറസ്റ്റ് ഓഫീസില്‍ സ്ഥലം എം.എല്‍.എ. സച്ചിന്‍ദേവിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് ടൂറിസം കേന്ദ്രം തുറക്കാന്‍ തീരുമാനമായത്.
ജനുവരി 20-ന് കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടര്‍ന്ന് അടച്ചിട്ട ഇക്കോ ടൂറിസം കേന്ദ്രം പിന്നീട് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരുന്നില്ല. മാര്‍ച്ച് അഞ്ചിന് കര്‍ഷകന്‍ പാലാട്ടിയില്‍ അബ്രഹാം കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിസന്ധി വര്‍ധിക്കുകയായിരുന്നു
ടൂറിസം കേന്ദ്രം അനിശ്ചിതമായി അടച്ചിട്ടതിനെത്തുടര്‍ന്ന് വ്യാപാരികളും ഓട്ടോ-ടാക്‌സി ജീവനക്കാരും നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും ജോലിയില്ലാത്തതിനാല്‍ വരുമാനം നിലച്ച ടൂറിസ്റ്റ് ഗൈഡുമാരുടെ ജീവിതം വഴിമുട്ടിയതിനെക്കുറിച്ചും 'മാതൃഭൂമി' നിരന്തരം വാര്‍ത്തകൊടുത്തിരുന്നു. മേയ് ഒന്നുമുതല്‍ കക്കയം ഡാം സൈറ്റ് മേഖലയിലെ ഇക്കോ ടൂറിസംകേന്ദ്രം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. എന്നാല്‍, ഇക്കോ ടൂറിസം സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കാത്തത് കാരണം കക്കയം, കരിയാത്തുംപാറ, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കക്കയത്തെ പ്രധാന ആകര്‍ഷണകേന്ദ്രമായ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല.
വനമേഖലയോട് ചേര്‍ന്നുള്ള ഉരക്കുഴി ഭാഗത്തേക്കുള്ള പ്രവേശനത്തിന് വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
കക്കയം ഡാം
ട്രെക്കിങ് പാതകള്‍ക്കും ബോട്ടിങ്ങിനും പ്രശസ്തമായ കോഴിക്കോട് ജില്ലയിലെ ഡാം സൈറ്റാണ് കക്കയം. ചുറ്റും അരുവികളും കുന്നുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കക്കയത്തെ മലബാറിന്റെ ഊട്ടിയെന്നും വിളിക്കാറുണ്ട്. കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ ബാലുശേരി റോഡില്‍ യാത്ര ചെയ്താല്‍ കക്കയത്ത് എത്താം. അടിയന്തരാവസ്ഥക്കാലത്തെ കുപ്രസിദ്ധമായ കക്കയം പോലീസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നതും ഇവിടെയാണ്. കക്കയം ഡാം, കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലെ ജലസംഭരണി, പവര്‍ഹൗസ്, കരിയത്താന്‍ മല, ഉരക്കുഴി വെള്ളച്ചാട്ടം തുടങ്ങി കക്കയം യാത്രയില്‍ മുന്നില്‍ തെളിയുന്ന കാഴ്ചകള്‍ നിരവധിയാണ്.

തലയാടാണ് കക്കയത്തോടടുത്ത് കിടക്കുന്ന അത്യാവശ്യം നല്ല ഒരു ടൗണ്‍. തലയാട് പിന്നിട്ടുകഴിഞ്ഞാല്‍ കക്കയം ചുരം പാത തുടങ്ങുകയായി. മലയോര മേഖലയിലെ വളഞ്ഞുപുളഞ്ഞുള്ള ചുരം പാതയിലൂടെയുള്ള യാത്ര തികച്ചും വേറിട്ട അനുഭവമാണ്. വനംവകുപ്പിന്റെ ചെക്ക്പോസ്റ്റില്‍ നിന്ന് കാല്‍നടയായി നടന്ന് ഡാമിലെത്താം. ഇവിടെ സഞ്ചാരികള്‍ക്കായി സ്പീഡ് ബോട്ടും മുളച്ചങ്ങാടവും ഒരുക്കിയിട്ടുണ്ട്. അപൂര്‍വമായ സസ്യ, വന്യജീവി സമ്പത്തിന്റെ കലവറയാണ് മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഈ വനപ്രദേശം. ബോട്ടുയാത്രയ്ക്കിടയില്‍ വന്യമൃഗങ്ങളെയും കാണാന്‍ സാധിക്കും.
കക്കയത്തെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവമേഖലകളില്‍ ഒന്നായി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ അംഗീകരിച്ചിട്ടുണ്ട്. മഴക്കാലമാണ് കക്കയം യാത്ര ഏറ്റവും മനോഹരമാവുക. ഡാം സൈറ്റില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ നടന്നാല്‍ ഉരക്കുഴി വെള്ളച്ചാട്ടത്തിലെത്താം. കോവിഡ് കാലത്ത് ഇവിടത്തെ ആള്‍ത്തിരക്ക് അല്‍പം കുറഞ്ഞുവെങ്കിലും ഇപ്പോള്‍ നിരവധി സഞ്ചാരികള്‍ കക്കയത്ത് എത്താറുണ്ട്.
Content Highlights: kakkayam ecotourism to be reopened soon
Published: 05 May 2024, 08:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented