കൊല്ലം കുളത്തൂപ്പുഴ വനം റെയ്ഞ്ചില്‍പ്പെട്ട അരിപ്പ മേഖലയിലെ വിനോദസഞ്ചാരപദ്ധതികള്‍ വിപുലീകരിക്കുന്നു. തദ്ദേശീയരായ ആദിവാസിവിഭാഗങ്ങളുടെ പാരമ്പര്യകലകളടക്കം ഉള്‍പ്പെടുത്തിയാണ് പുതിയ പാക്കേജ് വരുന്നത്. ഇന്ത്യയില്‍ത്തന്നെ ശുദ്ധജല ചതുപ്പുനിലങ്ങളിലെ ആവാസവ്യവസ്ഥ (ജാതിവന ചതുപ്പ്-മിറിസ്റ്റിക്ക സ്വാമ്പ്) കാണാന്‍ കഴിയുന്ന ഏക പ്രദേശമാണിത്. മറ്റിടങ്ങളില്‍ കൊടുംകാടിനു നടുവിലാണ് സാധാരണ ഇത്തരം ചതുപ്പുകള്‍.

To advertise here,

പാക്കേജ് വിപുലീകരിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള പരിസ്ഥിതിപ്രേമികളെയും ഗവേഷകരെയും ഇവിടേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍തന്നെ അറുപതിലേറെ വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ അരിപ്പ സന്ദര്‍ശിച്ചിട്ടുണ്ട്. അപൂര്‍വ പക്ഷിവര്‍ഗമായ 'മക്കാച്ചിക്കാട' എന്ന ശ്രീലങ്കന്‍ ഫ്രോഗ് മൗത്തിനെ ആദ്യമായി കണ്ടെത്തിയത് ഇവിടെയാണ്. ഇവയുള്‍പ്പെടെ 270-ലേറെ പക്ഷിവര്‍ഗങ്ങളുടെ സാന്നിധ്യമുള്ളതും വിദേശസഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കാരണമാണ്.

പദ്ധതിയുടെ ഭാഗമായി സഞ്ചാരികളെ ജാതിവന ചതുപ്പ് പരിചയപ്പെടുത്തും. കാട്ടിനുള്ളിലെ ഒരുദിവസത്തെ താമസമടക്കമുള്ള പഴയ പാക്കേജാണ് കേരള ഫോറസ്റ്റ് ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വിപുലീകരിക്കുന്നത്. 1960-കളിലാണ് കൊല്ലം ജില്ലയിലെ ശെന്തുരുണി-കുളത്തൂപ്പുഴ വനമേഖലയില്‍ ആദ്യമായി ജാതിവന ചതുപ്പ് കണ്ടെത്തിയത്. കാട്ടുജാതി മരത്തിന്റെ കുടുംബത്തിലെ സസ്യങ്ങളാണിവ. ഭൂമിക്കു മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന കെട്ടുപിണഞ്ഞ വേരുകളാണ് ഇതിന്റെ പ്രത്യേകത. 'റ' പോലെ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന വേരുകളിലൂടെയാണ് ഇവയുടെ ശ്വസനപ്രക്രിയ നടക്കുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ചതുപ്പുകള്‍ കൂടുതലുള്ളതാണ് 'അരിപ്പ' എന്ന സ്ഥലനാമത്തിനു കാരണമെന്നും പറയുന്നു. വെള്ളം ശേഖരിച്ചുനിര്‍ത്തി അരിച്ച് ഭൂമിയിലേക്ക് താഴ്ത്തുന്നതിനാലാകണം 'അരിപ്പ' എന്ന പേരു വന്നതെന്നാണ് അനുമാനം.

ഒരുരാത്രി കാട്ടിനുള്ളില്‍ തങ്ങാം

ഉച്ചയ്ക്ക് രണ്ടുമണിക്കു തുടങ്ങി പിറ്റേദിവസം ഉച്ചയ്ക്ക് അവസാനിക്കുന്ന രീതിയിലാണ് അരിപ്പ ഇക്കോടൂറിസം പാക്കേജ്. കാടിനു നടുവിലെ ജ്യോതിസ്മതി ബംഗ്ലാവ്, ശംഖിലി മാന്‍ഷന്‍ എന്നിവിടങ്ങളിലാണ് താമസസൗകര്യം. വേലികെട്ടി സുരക്ഷിതമാക്കിയ ഈ ബംഗ്ലാവുകള്‍ക്കു ചുറ്റും ആനയും കേഴയും കാട്ടുപോത്തുമൊക്കെ എത്താറുണ്ട്. ക്യാമ്പ് ഫയര്‍, അത്താഴം, പുലര്‍ച്ചെ ട്രക്കിങ്, ഉച്ചയൂണ് എന്നിവയാണ് പാക്കേജിലുള്ളത്. ഉള്‍ക്കാട്ടിലൂടെ നടന്ന് വൈഡൂര്യക്കുന്നും വനജാതി ചതുപ്പും കണ്ട്, പോട്ടോമാവ് ആദിവാസി ഊരിലുമെത്താം. ഇവിടെ പരമ്പരാഗത കലാപ്രകടനങ്ങള്‍കൂടി ഉള്‍പ്പെടുത്താനാണ് പരിപാടി. ഊരിലുള്ളവര്‍ക്ക് ഇതുവഴി വരുമാനം ലഭിക്കും. ഭക്ഷണം ഉള്‍പ്പെടുത്തിയും ഇല്ലാതെയുമുള്ള പാക്കേജുകളുണ്ടെന്ന് തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഇ. അന്‍സീര്‍ പറഞ്ഞു. തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാനപാതയില്‍ കുളത്തൂപ്പുഴയ്ക്ക് 10 കിലോമീറ്റര്‍ തെക്കുമാറിയാണ് വനംവികസന കോര്‍പ്പറേഷന്റെ അധീനതയിലുള്ള അരിപ്പ ഇക്കോടൂറിസം കേന്ദ്രം. ഓണ്‍ലെനായും ഓഫ്ലൈനായും ബുക്ക് ചെയ്യാം. www.kfdcecotourism.com. ഫോണ്‍: 82898 21004.

ശാസ്താംനടയും മുപ്പതടിയിലെ വെള്ളച്ചാട്ടവും

ശിങ്കലി വനമേഖലയിലേക്കുള്ള വഴിയില്‍ കാട്ടിനുള്ളില്‍ പഴയ ശാസ്താംനടയുണ്ട്. 1909 എന്ന് കരങ്കല്ലില്‍ രേഖപ്പെടുത്തിയതു കാണാം. വീണ്ടും മുന്നോട്ടുപോയാല്‍ മുപ്പതടിയിലെത്തും. ഇവിടെ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന കല്ലുപാലത്തിന്റെ അവശിഷ്ടങ്ങളുണ്ട്. പുതിയ ചീപ്പുപാലത്തിലൂടെ വെള്ളം തുള്ളിച്ചാടുന്നതു കാണാന്‍ നല്ല ഭംഗിയാണ്. ആദിവാസികള്‍ പൂവാര്‍ എന്നുവിളിക്കുന്ന ഈ വലിയ തോട് കുളത്തൂപ്പുഴയാറ്റില്‍ ചെന്നുചേരുന്നു.

placeholder
വനമധ്യത്തിലെ ശാസ്താംനട

 

കാടറിയുന്ന കിഷോര്‍

കാട്ടിനുള്ളിലെ യാത്രയ്ക്ക് ആറ് ഗൈഡുമാരെ നിയോഗിച്ചിട്ടുണ്ട് എല്ലാവരും പോട്ടോമാവ് ആദിവാസി ഊരിലുള്ളവരാണ്. മാതൃഭൂമി സംഘത്തിനൊപ്പം വന്നത് ഇരുപത്തിമൂന്നുകാരനായ കിഷോറാണ്. ആനച്ചൂരും കാട്ടു പോത്തിന്റെ സാന്നിധ്യവും കൃത്യമായി അറിയുന്ന കിഷോര്‍ ഓരോ ചുവടും സൂക്ഷിച്ചാണ് മുന്നോട്ടു നയിച്ചത്. മരക്കൊമ്പ് വലിച്ചിരിഞ്ഞിരിക്കുന്നതു കണ്ട് കിഷോര്‍ കാതും കണ്ണും കൂര്‍പ്പിച്ചു. 'ഇരുക്കള്‍ എന്ന പേരുള്ള രണ്ടു കൊമ്പനാനകള്‍ ഇവിടത്തെ പതിവുകാരാണ്.'-കിഷോര്‍ പറഞ്ഞു.