കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് മേഖലയിൽ കെഎസ്ഇബിക്കുകീഴിലുള്ള ഹൈഡൽ ടൂറിസത്തിൽ ബോട്ട് സർവീസ് മുടങ്ങി. അടിസ്ഥാനസൗകര്യങ്ങൾപോലും യാഥാർഥ്യമാകാത്ത ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദസഞ്ചാരികൾക്ക് ആകെയുള്ള ആശ്രയമായിരുന്നു ഡാം റിസർവോയറിലൂടെയുള്ള സ്പീഡ് ബോട്ട് സർവീസ്. മേയ് മാസം പകുതിയോടെ ബോട്ട് സർവീസ് നിർത്തിയതോടെ കിലോമീറ്ററുകൾ താണ്ടി ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾ നിരാശരായാണ് മടങ്ങുന്നത്.

To advertise here,

മേയ് ഇരുപതിന് ബോട്ടിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അവസാനിക്കുന്നതിന് മുൻപുതന്നെ ബോട്ടിന്റെ വാർഷിക അറ്റകുറ്റപ്പണി പൂർത്തീകരിച്ച് ബന്ധപ്പെട്ട രേഖകൾ തുറമുഖവകുപ്പിന് കൈമാറിയിരുന്നെങ്കിലും സർവേയർ സ്ഥലം സന്ദർശിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാലാണ് ബോട്ടിങ് മുടങ്ങിയിരിക്കുന്നത്. ഒരുമാസത്തോളമായി ബോട്ട് സർവീസ് നിർത്തിവെച്ചതോടെ ഹൈഡൽ ടൂറിസത്തിന് വൻ സാമ്പത്തികനഷ്ടവും നേരിടുന്നുണ്ട്. 

ബലിപെരുന്നാൾ അവധിക്ക് നൂറുകണക്കിന് സഞ്ചാരികളാണ് ടൂറിസംകേന്ദ്രത്തിലെത്തിയിരുന്നത്. സർവേയർ സ്ഥലം സന്ദർശിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽമാത്രമേ ബോട്ട് സർവീസ് ആരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് ഹൈഡൽ ടൂറിസം അധികൃതർ അറിയിച്ചു.