കോഴിക്കോട്: കനത്ത മഴയിൽ കക്കയം ഡാമിലെ ജലനിരപ്പ് കുതിച്ചുയർന്നതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 757.50 മീറ്ററിൽ എത്തിയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇതോടെ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്നും പ്രദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 

To advertise here,

കക്കുവ പുഴയും ബാവലിയും കരകവിഞ്ഞു

പേരാവൂർ: കനത്ത മഴയെത്തുടർന്ന് കക്കുവപുഴ കരകവിഞ്ഞു. ബാവലി പുഴയിലും ജലനിരപ്പുയർന്നു. വീടുകളിൽ വെളളം കയറി. മുണ്ടായംപറമ്പ് നടുക്കുന്നിയിൽ ഏഴ് വീട്ടുകാരെയും ആറളം ഫാം ബ്ലോക്ക് 13-ൽ അഞ്ച് കുടുംബങ്ങളെയും ആർആർടി ഓഫീസിന് സമീപമുള്ള അംഗൻവാടിയിലേക്കും ആറു കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. ആറളം ഫാം ബ്ലോക്ക് 11-ൽ വെളളം കയറിതോടെ കുടുംബങ്ങളെ അം​ഗൻവാടിയിലേക്ക് മാറ്റി. അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി - മുണ്ടയാംപറമ്പ് മേഖലയിൽ പുഴ കരകവിഞ്ഞു. വൈകിട്ട് ഏഴ് മണിയോടെയാണ് വെള്ളം ഉയരാൻ തുടങ്ങിയത്.  രാത്രി ഒൻപത് മണിയോടെ വെള്ളം താഴ്ന്നു തുടങ്ങി. കരിക്കോട്ടക്കരി  കളരിക്കൽ പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മുണ്ടയാംപറമ്പ് മേഖലയിലെ താഴ്ന്ന മേഖലകളിലെ വീടുകളിൽ  വെള്ളം കയറിയതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ മാറ്റിപ്പാർപ്പിച്ചു. ഇരിട്ടി അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു. കോളിത്തട്ട് ശക്തമായ കാറ്റിൽ വളകുഴി ദാസൻ്റെ വീടിനുമുകളിൽ മരം വീണ് വീട് തകർന്നു. വീട്ടിലുള്ളവർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കനത്ത മഴയെത്തുടർന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. സംസ്ഥാനത്തൊട്ടാകെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നദികളിൽ അപകടകരമാംവിധത്തിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പ്രളയസാധ്യതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.