കാക്കത്തുരുത്ത് | Photo: Mathrubhumi
അരൂര്‍: ആഗോള ടൂറിസം കേന്ദ്രമായി ശ്രദ്ധ നേടിയിട്ടും കാക്കത്തുരുത്ത് ദ്വീപിലെ ജനങ്ങള്‍ ഒരു വ്യാഴവട്ടക്കാലമായി പാലത്തിനായി തറച്ച തൂണുകള്‍ക്കിടയിലൂടെ ചെറുവള്ളങ്ങളിലാണ് മറുകര കടക്കുന്നത്. പാലം എന്നത് നടക്കാത്ത മനോഹര സ്വപ്നമായി തുടരുകയാണ്.
എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപ് ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചത് ഏതാനും വര്‍ഷം മുമ്പാണ്. നാഷണല്‍ ജ്യോഗ്രഫിക് മാസിക നടത്തിയ സര്‍വേയില്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സുന്ദര സ്ഥലങ്ങളില്‍ ഒന്നായി കാക്കത്തുരുത്തിനെ ഉള്‍പ്പെടുത്തിയതോടെയാണ് ഈ മനോഹര തീരങ്ങള്‍ ലോക ശ്രദ്ധ നേടുന്നത്. നാനൂറോളം കുടുംബങ്ങളുള്ള കാക്കത്തുരുത്ത് ദ്വീപ് അതിനും മുന്നേ തന്നെ ഒരു പാലത്തിനുവേണ്ടി മുട്ടാത്ത വാതിലുകളില്ല. നടത്താത്ത പ്രക്ഷോഭ സമരങ്ങളുമില്ല.
എന്നാല്‍ ചെറുവള്ളങ്ങളില്‍ എരമല്ലൂര്‍ ഫെറിയിലെത്തി കാല്‍നടയായി ദേശീയപാത വരെ സഞ്ചരിച്ച് നിത്യവൃത്തിക്കുള്ള സാമഗ്രികള്‍ ശേഖരിക്കാനുള്ള തലവിധിയാണ് ദ്വീപ് നിവാസികള്‍ക്ക്. എന്തിനധികം, സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ വരെ തുരുത്തുനിവാസികള്‍ പണം മുടക്കി ദേശീയപാതയോരത്തുള്ള പോളിങ് ബൂത്തുകളില്‍ എത്തണമായിരുന്നു.

ഓരോ ഇലക്ഷനും പാലമെന്ന സുന്ദര സ്വപ്നം ദ്വീപ് നിവാസികള്‍ക്ക് മുമ്പാകെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഉയര്‍ത്തിക്കാട്ടും. മൂന്ന് കിലോമീറ്റര്‍ നീളവും ഒന്നര കിലോമീറ്റര്‍ വീതിയുമുള്ള കാക്കത്തുരുത്ത് ദ്വീപിലെ ജനസംഖ്യ ആയിരത്തോളം വരും. എന്തിനുമേതിനും ചെറുവള്ളങ്ങളെ ആശ്രയിക്കുന്ന തുരുത്തിലെ ജനത മഴക്കാലമായാല്‍ വീട്ടില്‍ അടച്ചിരിക്കാറാണ് പതിവ്. കായലില്‍ പായല്‍ നിറഞ്ഞാലും ഇതുതന്നെ അവസ്ഥ.
2006-ല്‍ ഒരു കാര്‍ട്ടബിള്‍ പാലത്തിനായി എട്ട് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. അന്നത്തെ എം.എല്‍.എ. ആയ എ.എം. ആരിഫിന്റെ ശ്രമഫലമായിരുന്നു ഇത്. അതിവേഗം ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി. എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ അധികാരം വിട്ടതോടെ കാര്‍ട്ടബിള്‍ പാലവും ഇല്ലാതായി. തുടര്‍ന്ന് വന്ന യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് പാലത്തിനായി എട്ടു തൂണുകള്‍ നാട്ടി. എന്നാല്‍ തുരുത്തുഭാഗത്തെ സ്ഥലമുടമ അനുമതി തരാത്തിനെത്തുടര്ന്ന് പണികള്‍ നിലച്ചു. തുടര്‍ന്ന് കേസും നിയമ നടപടികളുമായി. അനുമതി തരാത്ത കാക്കത്തുരുത്ത് നിവാസിയെ അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. നിലവില്‍ 36 കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെങ്കിലും പണ്ട് നാട്ടിയ തൂണുകളില്ത്തന്നെ ഒതുങ്ങിയിരിക്കുകയാണ് കാക്കത്തുരുത്തിലേക്കുള്ള പാലം.


- എ.എം. ആരിഫ് എം.പി.
ഉടന്‍ വേണ്ടത് ഒരു നടപ്പാലം

- ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ.
പാലം പണി തിരഞ്ഞെടുപ്പ് പ്രഹസനം

- എന്‍.പി. തമ്പി
ആടിനെ തൂപ്പുകാണിച്ച് കൊണ്ടുപോകും പോലെയാണ് കാക്കത്തുരുത്ത് പാലം നിര്‍മാണം

പാലത്തിനായി തറച്ച തൂണുകളും തുരുത്തുനിവാസികളെ കഷ്ടത്തിലാക്കുകയാണ്. തൂണുകളില്‍ തടഞ്ഞുനില്‍ക്കുന്ന പായല്‍ക്കൂട്ടം മൂലം ആകെയുള്ള വഞ്ചിയാത്രയും നടത്താന്‍ പറ്റാതായി.
എന്തായാലും കാക്കത്തുരുത്തില്‍ ജനിച്ചു വളര്‍ന്ന ഞങ്ങള്‍ക്ക് ഇവിടം വിട്ടുപോകാനാകുന്നില്ല. ഇനിയെങ്കിലും തുരുത്തുനിവാസികളോട് കരുണ കാട്ടണം.
- സുദേവന്, ഫൊട്ടോഗ്രാഫര്‍ കാക്കത്തുരുത്ത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..