രണ്ടാം ലോക മഹായുദ്ധത്തിൽ അണുബോംബ് വീണ് തകർന്നിട്ടും തിരിച്ചുവരവിന്റെ പാതയിൽ ലോകരാജ്യങ്ങൾക്ക് എന്നും പ്രചോദനമാണ് ജപ്പാൻ. ജപ്പാൻ സന്ദർശിച്ചവർക്ക് അവിടെയുള്ള വ്യത്യസ്തമായ കാഴ്ചകളെക്കുറിച്ച് പറയാതിരിക്കാൻ ആവില്ല. പൗരന്മാരുടെ അരക്കെട്ടിന്റെ വലുപ്പം നിയന്ത്രിക്കുന്ന നിയമം മുതൽ പൊടിയില്ലാത്ത റോഡും, ഭക്ഷണം പാക്ക് ചെയ്യുന്നതിനുമെല്ലാം ജപ്പാനിൽ കർശനമായ നിയമങ്ങളുണ്ട്. പലവിധത്തിൽ അത്ഭുതപ്പെടുത്തുന്ന ജപ്പാൻ വ്യത്യസ്തമായ ബസ് സ്റ്റോപ്പുകൾ കൂടി  നിർമിച്ച് സന്ദർശകരെ അതിശയപ്പെടുത്തുന്നു.

To advertise here,

പതിവിൽ നിന്ന് വ്യത്യസ്തമായി വിവിധ തരത്തിലുള്ള പഴങ്ങളുടെ രൂപത്തിൽ നിർമിച്ചിരിക്കുന്ന ഈ ബസ് സ്റ്റോപ്പുകൾ നാഗാസാക്കി നഗരത്തിലാണ് ഉള്ളത്. ജപ്പാനിലെ ക്യുഷു ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് ജനവാസമുള്ളതും അല്ലാത്തതുമായ 594 ദ്വീപുകളുടെ കൂട്ടമാണ് നാഗസാക്കി. ഇവിടെയുള്ള ഇസഹായ നഗരത്തിൽ 16 കിലോമീറ്റർ അകലെ കൊനഗായി എന്ന ചെറിയ ഗ്രാമമാണ് പഴങ്ങളുടെ രൂപത്തിലുള്ള ബസ് സ്റ്റോപ്പുകളുടെ പ്രധാന കേന്ദ്രം.

കൊനഗായിയിൽ ഏകദേശം 16 വ്യത്യസ്ത പഴങ്ങളുടെ രൂപത്തിലുള്ള ബസ് സ്റ്റോപ്പുകൾ ഉണ്ട്. ഇവ നഗരത്തെ കൂടുതൽ മനോഹരമാക്കുകയും സഞ്ചാരികളെ ആകർഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. സ്‌ട്രോബെറി, തണ്ണിമത്തൻ, തക്കാളി, ഓറഞ്ച്, എന്നിവയുടെ രൂപത്തിലുള്ള ബസ് സ്റ്റോപ്പുകൾ ഇവിടെ കാണാം. പ്രശസ്തമായ നാടോടിക്കഥയായ സിൻഡ്രെല്ലയുടെ കഥയിലെ മത്തൻ കൊണ്ട് നിർമിച്ച രഥത്തിൽ നിന്നാണ് ഈ ബസ് സ്റ്റോപ്പുകൾ നിർമിക്കാനുള്ള പ്രചോദനം ലഭിച്ചത്.

 

1990- ൽ നാഗസാക്കി നഗരത്തിന്റെ ചരിത്രം ആഘോഷിക്കാൻ സംഘടിപ്പിച്ച നാഗസാക്കി ജേർണി എക്‌സ്‌പോയിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനാണ് ആദ്യമായി ഇവ സ്ഥാപിച്ചത്. ജപ്പാനിലെ ദേശീയപാത 207-ന്റെ വശങ്ങളിൽ കാണുന്ന പഴങ്ങളുടെ രൂപത്തിലുള്ള ബസ് സ്റ്റോപ്പുകൾ ഇപ്പോൾ 'ടോക്കിമെക്കി ഫ്രൂട്ട് ബസ് സ്റ്റോപ്പ് എന്നാണ് അറിയപ്പെടുന്നത്.