ചെന്നൈ: കൺഫേം ടിക്കറ്റ് വെയ്റ്റിങ്‌ ലിസ്റ്റായി മാറിയെന്ന പരാതിയിൽ ദക്ഷിണ റെയിൽവേയ്ക്ക് 29,000 രൂപ പിഴചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. ചെന്നൈ സ്വദേശിയായ ദിലീപ് കുമാർ ജെയ്ൻ ആണ് നോർത്ത് ചെന്നൈ ജില്ലാ ഉപഭോക്തൃ കമ്മിഷനു പരാതിനൽകിയത്. ഇദ്ദേഹത്തിന് ടിക്കറ്റ് നിരക്ക്, സേവനത്തിലെ പോരായ്മ തുടങ്ങിയവ കണക്കിലെടുത്ത് നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്.

To advertise here,

2024 ജൂൺ 23-ന് ജോലാർപേട്ടിൽനിന്ന് ചെന്നൈ സെൻട്രലിലേക്ക് മൂന്നുകുട്ടികൾ ഉൾപ്പെടെ ഒൻപതുപേർക്ക് ടിക്കറ്റ് ബുക്ക് ചെയ്തതപ്പോൾ വെയ്റ്റിങ് ലിസ്റ്റിലായിരുന്നു. യാത്രാദിവസം രാവിലെ നാലുടിക്കറ്റ് കൺഫേമും അഞ്ചെണ്ണം വെയ്റ്റ് ലിസ്റ്റിലുമാണെന്ന് മൊബൈലിൽ സന്ദേശംലഭിച്ചു. മൂന്നുപേർ കുട്ടികളായതിനാൽ നാല് ടിക്കറ്റുകളിൽ യാത്രചെയ്യാൻ തീരുമാനിച്ചു. പക്ഷേ ചാർട്ട് പുറത്തുവിട്ടപ്പോൾ ലഭിച്ചസന്ദേശത്തിൽ എല്ലാ ടിക്കറ്റുകളും വെയ്റ്റിങ്‌ ലിസ്റ്റിലായിരുന്നു.

ട്രെയിൻ എത്തിയതിനാൽ ടിക്കറ്റ് റദ്ദാക്കാൻ കഴിയില്ലെന്ന് കൗണ്ടറിൽനിന്ന് പറഞ്ഞു. തുടർന്ന് 8,022 രൂപ നൽകി കാറിൽ ചെന്നൈയിലെത്തി. പരാതിനൽകിയെങ്കിലും നടപടിയുണ്ടായില്ല.ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും ചെന്നൈ ഡിവിഷണൽ റെയിൽവേ മാനേജർക്കും എതിരേ പരാതിനൽകി. യാത്രാച്ചെലവും മറ്റു ചെലവുകളും ചേർത്ത് 4.50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.