ബെയ്ജിങ്ങിനും ന്യൂഡൽഹിക്കും ഇടയിൽ നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ച് എയർ ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിങ് ആണ് സാമൂഹിക മാധ്യമത്തിലൂടെ പ്രഖ്യാപനം നടത്തിയത്. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

To advertise here,

അഞ്ച് വർഷത്തത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞവർഷം ഒക്ടോബറിൽ ഇന്ത്യയിൽനിന്നും ചൈനയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചിരുന്നു. കൊൽക്കത്ത-ഗ്വാങ്ചൗ ഇൻഡിഗോ വിമാനം നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നായിരുന്നു യാത്രതിരിച്ചത്. 2026 ഫെബ്രുവരി ഒന്നിന് ഷാങ്ഹായ്-ഡൽഹി ഡയറക്ട് സർവീസ് എയർ ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ചൈനീസ് എയർലൈനായ ചൈന ഈസ്റ്റേൺ കഴിഞ്ഞ നവംബറിൽ ഷാങ്ഹായിൽ നിന്ന് ഡൽഹിയിലേക്ക് സർവീസുകൾ ആരംഭിച്ചു.

ദോക് ലാം സംഘർഷത്തിന് പിന്നാലെയാണ് ഇന്ത്യക്കും ചൈനയ്ക്കുമിടയിലെ വിമാന സർവീസുകൾ നിലച്ചത്. കോവിഡ് വ്യാപനത്തോടെ ഇത് നീളുകയായിരുന്നു. പിന്നാലെ 2020-ൽ ഗാൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അകൽച്ച വർധിക്കുകയും ചെയ്തു. ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ചൗ, ഷെങ്ദു എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് നേരത്തേ സർവീസുകളുണ്ടായിരുന്നത്.

2025-ൽ, ഷാങ്ഹായ് (എസ്‌സിഒ) ഉച്ചകോടിക്കിടെ ടിയാൻജിനിൽ നടന്ന കൂടിക്കാഴ്ചയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്തിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്.

നേരത്തേ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും ഇക്കാര്യങ്ങളിൽ ധാരണയിലെത്തിയിരുന്നു. വ്യാപാരം, കൈലാസ്‌ മാനസസരോവർ തീർഥാടന യാത്രകൾ എന്നിവ തുടരാനും ആ യോഗത്തിൽ ധാരണയായിരുന്നു. നേരിട്ടുള്ള വിമാനസർവീസുകൾ പുനഃരാരംഭിക്കുന്നതിനൊപ്പം വിനോദ സഞ്ചാരികൾക്കും ബിസിനസുകാർക്കും മാധ്യമപ്രവർത്തകർക്കും മറ്റു സന്ദർശകർക്കും ഇരുഭാഗത്തേക്കും വിസ അനുവദിക്കുന്നത് സുഗമമാക്കാനും ധാരണയായിരുന്നു.