
സമീപകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നിരവധി വിദേശപര്യടനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അദൃശ്യമായ ഒരു ചരടുണ്ട്- വജ്രഹാരം അഥവാ ഡയമണ്ട് നെക്ലസ് എന്നു വിളിക്കപ്പെടുന്ന രാജ്യസുരക്ഷാതന്ത്രം. ചുറ്റും താവളങ്ങളുണ്ടാക്കി ഇന്ത്യയെ ശ്വാസം മുട്ടിക്കാൻ വർഷങ്ങൾ കൊണ്ട് ചൈന കെട്ടിപ്പടുത്ത മുത്തുമാലയെ (സ്ട്രിങ് ഓഫ് പേൾസ്) അപ്രസക്തമാക്കാൻ ഇന്ത്യ വിളക്കിയെടുക്കുന്ന വജ്രായുധമാണതെന്ന് കരുതപ്പെടുന്നു.
ഹയ്നാനിൽ തുടങ്ങി ദക്ഷിണ ചൈനാ കടൽ, ബംഗാൾ ഉൾക്കടൽ വഴി പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ജിബൂട്ടി, ഗ്വാദർ, ഹമ്പൻതോട്ട എന്നിവ വരെ നീളുന്ന തുറമുഖങ്ങളുടെയും സൈനിക താവളങ്ങളുടെയും വാണിജ്യകേന്ദ്രങ്ങളുടെയും ശൃംഖല ബീജിങ് നിർമിച്ചെടുത്തിട്ടുണ്ട്. ഒറ്റനോട്ടത്തിൽ സാധാരണ തുറമുഖങ്ങളോ സാമ്പത്തിക പദ്ധതികളോ ആയി തോന്നുന്ന ഇതിലെ ഓരോ കണ്ണിയും ഇന്ത്യയുടെ അതിർത്തികൾക്ക് ചുറ്റുമുള്ള ചൈനയുടെ തന്ത്രപരമായ സ്വാധീനം വർദ്ധിപ്പിക്കും. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിശാലമായ നീലജലരാശിയിലെ മേധാവിത്വത്തിനായി നടക്കുന്ന ഭൗമരാഷ്ട്രീയ കിടമത്സരത്തിൽ ചൈനയുടെ അപ്രമാദിത്വം ഉണ്ടാകാനുള്ള സാഹചര്യത്തെ തടയാനാണ് ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമൊത്ത് യുഎസ് ക്വാഡ് എന്ന ചതുർരാഷ്ട്രസഖ്യമുണ്ടാക്കിയത്. നിലവിലെ സാഹചര്യത്തിൽ അതിന്റെ പ്രസക്തി സംശയാസ്പദമാണെങ്കിലും.
എന്നും ഇന്ത്യയുടെ സ്വന്തമായിരുന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ കടന്നു കയറാനുള്ള ചൈനീസ് ശ്രമങ്ങൾക്ക് ഫലപ്രദമായ മറുപടി നൽകാനുള്ള ശ്രമങ്ങൾക്ക് സമീപകാലത്ത് വേഗത കൂടിയിട്ടുണ്ട്. വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും സമഭാവനയുടെയും സൗഹൃദത്തിന്റെയും അടിസ്ഥാനത്തിലുള്ള പങ്കാളിത്തമാണ് വജ്രഹാരത്തിൽ പങ്കാളിയാവുന്ന രാജ്യങ്ങൾക്ക് ഇന്ത്യ വെച്ചുനീട്ടുന്നത്, എടുത്താൽ പൊങ്ങാത്ത കടബാധ്യതകളോ ദാസ്യമോ അല്ല. 2026 ജൂലായിൽ മോദി ഇന്തോനേഷ്യയും ഓസ്ട്രേലിയയും ന്യൂസീലൻഡും പ്രധാനമന്ത്രി സന്ദർശിച്ചത് വെറുതെയല്ല. ജപ്പാൻ, ശ്രീലങ്ക, മ്യാൻമർ തുടങ്ങിയ രാജ്യനേതാക്കൾ സമീപകാലത്ത് ഇന്ത്യ സന്ദർശിച്ചപ്പോൾ ഒപ്പുവെച്ച കരാറുകളിലും ഈ കാഴ്ചപ്പാടിന്റെ പ്രതിഫലനം കാണാമായിരുന്നു.
ഉദാഹരണത്തിന്, മെൽബണിൽ ജൂലായ് ഒമ്പതിന് മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നടന്ന മൂന്നാമത് ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടിയിൽ പതിനെട്ടോളം നിർണായക തീരുമാനങ്ങളുണ്ടായി. ഇന്ത്യയുടെ സിവിൽ ആണവ പദ്ധതിക്ക് ഓസ്ട്രേലിയൻ യുറേനിയം ലഭ്യമാക്കുന്നതിനുള്ള കരാർ, പ്രതിരോധസുരക്ഷാ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകളെയും വ്യവസായങ്ങളെയും ബന്ധിപ്പിക്കുന്ന 'ഡിഫൻസ് ഇന്നവേഷൻ കോറിഡോർ' തുടങ്ങിയ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടായി. പസിഫിക് സമുദ്രത്തിൽ ചൈന അടുത്തിടെ നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെക്കുറിച്ചുള്ള ആശങ്ക അൽബനീസ് ഈ കൂടിക്കാഴ്ചയിൽ ഉന്നയിച്ചത് ശ്രദ്ധേയമായി. പരസ്പരം തുറമുഖങ്ങളിൽ നിന്ന് യുദ്ധക്കപ്പലുകളിൽ ഇന്ധനവും മറ്റ് സാമഗ്രികളും നിറയ്ക്കാനുള്ള ലോജിസ്റ്റിക്സ് പങ്കാളിത്ത കരാർ ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുണ്ട്.
ന്യൂസീലൻഡ് സന്ദർശനത്തോടെ ഇന്ത്യയുടെ വജ്രഹാരം പസിഫിക്കിന്റെ തെക്കേ അറ്റം വരെ എത്തി. 'ഫൈവ് ഐസ്' രഹസ്യാന്വേഷണ സഖ്യത്തിലെ അംഗമായ ന്യൂസീലൻഡുമായി മോദി സമുദ്രസുരക്ഷ, മേഖലയിലെ പ്രതിരോധ സഹകരണം എന്നിവ ചർച്ച ചെയ്തു. ഗൾഫ് മുതൽ ദക്ഷിണ പസഫിക് വരെ നീളുന്ന ഇന്ത്യയുടെ പങ്കാളിത്ത ശൃംഖലയിലെ പുതിയൊരു കണ്ണിയായി രാജ്യം മാറി.
മലാക്കാ കടലിടുക്കും 'ഇന്ത്യൻ ഹോർമുസും'
മോദിയുടെ ഇന്തോനീഷ്യ സന്ദർശനത്തിലെ വലിയൊരു നാഴികക്കല്ല് സാബാങ് തുറമുഖം സംയുക്തമായി വികസിപ്പിക്കാൻ ആ രാജ്യവുമായി ഉണ്ടാക്കിയ കരാറാണ്. ചൈനയുടെ ഊർജ ഇറക്കുമതിയുടെ ഏകദേശം 80 ശതമാനവും (ആഗോള ഊർജവ്യാപാരത്തിന്റെ 40 ശതമാനം) കടന്നുപോകുന്ന കടലിടുക്കിന് സമീപമാണ് സുമാത്രയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ തുറമുഖം. കടലിടുക്കിന്റെ പ്രവേശനകവാടത്തിന്റെ കിഴക്കുഭാഗത്ത് ഗ്രേറ്റ് നിക്കോബാർ, പടിഞ്ഞാറ്/ വടക്ക് ഭാഗത്ത് സാബാങും. ഈ രണ്ടു തുറമുഖങ്ങളും തമ്മിലുള്ള ദൂരം 180 കിലോമീറ്ററിൽ താഴെയാണ്. രണ്ടിടത്തും ശക്തമായ ഇന്ത്യൻ സാന്നിദ്ധ്യം ഉറപ്പായത് ചൈനയെ വിഷമിപ്പിക്കും. ഹോർമുസിനെക്കാൾ വലിയ കുപ്പിക്കഴുത്താണ് മലാക്ക. അതിന്റെ നിയന്ത്രണം ഇന്ത്യയുടെ കൈയിലും. നിക്കോബാറിൽ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖവും വിമാനത്താവളവും മറ്റും ഇന്ത്യ അതിവേഗം നിർമിക്കുന്നതിന് കാരണം മറ്റൊന്നല്ല.
ലോജിസ്റ്റിക്സ്, നിരീക്ഷണ സൗകര്യങ്ങൾ എന്നിവയിൽ സഹകരണം വർധിപ്പിക്കൽ, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ സംയുക്ത ഉത്പാദനം, പരിശീലനം, സാങ്കേതിക കൈമാറ്റം എന്നിവയും മോദി സന്ദർശനത്തിൽ ചർച്ചയായി. ഇന്തോനീഷ്യയുടെ പ്രതിരോധ ശേഷി വളരെയധികം ഉയർത്തുന്ന കരാറുകൾ തെക്കൻ ചൈനാ കടലിലെ പിരിമുറുക്കങ്ങൾക്കിടയിൽ പ്രാധാന്യമർഹിക്കുന്നു. നാവികാഭ്യാസങ്ങൾ, തീരദേശനിരീക്ഷണം, സൈനികശേഷി വർധിപ്പിക്കൽ എന്നിവയും സന്ദർശനത്തിന്റെ ഭാഗമായിരുന്നു. തെക്കൻ ചൈനാ കടലിന് സമീപത്തെ ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്ക് ബ്രഹ്മോസ് നൽകാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു.
മലാക്ക കടലിടുക്കിന്റെ വടക്കൻ അതിർത്തിയിലുള്ള മലേഷ്യ മോദി 2026 ഫെബ്രുവരിയിൽ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം നടത്തിയ യാത്ര ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയത്തിന്റെ സുപ്രധാന വിജയമാണ്. പ്രതിരോധം, സുരക്ഷ, ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ പതിനൊന്ന് കരാറുകൾ ഒപ്പുവെച്ച ഇന്ത്യ മലേഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കി. കടലിടുക്കിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സിംഗപ്പുരിലെ ചാംഗി നാവികത്താവളത്തിൽ ഇന്ത്യൻ നാവികസേനയ്ക്ക് നേരിട്ട് പ്രവേശനമുണ്ട്. സിംഗപ്പൂരുമായുള്ള ഉഭയകക്ഷി പ്രതിരോധപങ്കാളിത്തം വഴി, ചൈനീസ് നാവികസേനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും സമുദ്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കാനും ഇന്ത്യയ്ക്ക് സാധിക്കും. ഈ വജ്രങ്ങൾ ചൈനയ്ക്കുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ട് ചെറുതല്ല.
കൊച്ചുസഹോദരിയും വലിയ ദൗത്യവും
ഇന്ത്യയുടെ വജ്രഹാരത്തിലെ ഏറ്റവും തിളക്കമാർന്ന രത്നമാണ് കിഴക്കേ അറ്റത്തുള്ള ജപ്പാൻ. 2026 ജൂലായ് ആദ്യവാരം ജപ്പാൻ പ്രധാനമന്ത്രിയുടെ നടത്തിയ ഇന്ത്യാസന്ദർശനം ഇൻഡോ-പസിഫിക് മേഖലയിലെ ചൈനയ്ക്കെതിരെയുള്ള പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള മാനസികമായ അടുപ്പം വ്യക്തമാക്കുന്നതായിരുന്നു ജപ്പാൻ പ്രധാനമന്ത്രി സനൈ തകായിച്ചിയെ 'കൊച്ചു സഹോദരി'യെന്ന് മോദി അഭിസംബോധന ചെയ്തത്. സന്ദർശനത്തിലെ ഏറ്റവും തന്ത്രപ്രധാനമായ തീരുമാനം ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ ദ്വീപസമൂഹങ്ങളെ 'സ്മാർട്ട് ദ്വീപുകളായി' സംയുക്തമായി വികസിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതാണ്. മലാക്ക കടലിടുക്കിന് തൊട്ടടുത്തുള്ള ആൻഡമാൻ ദ്വീപുകളിൽ ജപ്പാന്റെ സാങ്കേതിക സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത്, അതുവഴി പോകുന്ന ചൈനീസ് കപ്പലുകളെയും അന്തർവാഹിനികളെയും നിരീക്ഷിക്കാൻ ഇന്ത്യയെ സഹായിക്കും.
അതുപോലെ, ഇന്ത്യ-ജപ്പാൻ ചരിത്രത്തിലെ ആദ്യത്തെ സംയുക്ത പ്രതിരോധസാമഗ്രി ഉൽപ്പാദന പദ്ധതിക്ക് സന്ദർശനം തുടക്കമിട്ടു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കായി ജപ്പാന്റെ അത്യാധുനിക യുണികോൺ മാസ്റ്റുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ജപ്പാന്റെ മൊഗാമിക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ ഇന്ത്യൻ കപ്പൽശാലകളിൽ നിർമ്മിക്കുന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ചൈന ദക്ഷിണചൈനാ കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും നടത്തുന്ന ഏകപക്ഷീയമായ അവകാശവാദങ്ങളെ സംയുക്തമായി ചെറുക്കാൻ സൈനികാഭ്യാസങ്ങളും നാവിക പട്രോളിങ്ങും വർദ്ധിപ്പിക്കാൻ തീരുമാനമായി. ജപ്പാൻ അതിർത്തി കടന്നുള്ള പാക് ഭീകരതയെ ശക്തമായി അപലപിച്ചപ്പോൾ, ജപ്പാന്റെ പ്രധാന ആശങ്കകളായ ഉത്തരകൊറിയൻ മിസൈൽ ഭീഷണിയിലും കിഴക്കൻ ചൈനാ കടലിലെ ചൈനീസ് കടന്നുകയറ്റങ്ങളിലും ജപ്പാന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചു.
ചെറിയ ദ്വീപുകൾ, വലിയ സമുദ്ര രാജ്യങ്ങൾ
2026 ജൂണിൽ സീഷെൽസിന്റെ ദേശീയദിനത്തിൽ മോദിയായിരുന്നു മുഖ്യാതിഥി. ആഘോഷത്തിൽ ഇന്ത്യൻ പ്രതിരോധ സേനയുടെ ഒരു വിഭാഗവും രണ്ട് നാവികസേനാ കപ്പലുകളും സംബന്ധിച്ചു. ഇന്ത്യൻ മഹാസമുദ്രമേഖലയിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായ സീഷെൽസുമായി ഇന്ത്യക്ക് ദീർഘകാല സൗഹൃദമുണ്ട്. ഇവിടെ അസംപ്ഷൻ ദ്വീപിലുള്ള ഇന്ത്യയുടെ സാന്നിധ്യം ആഫ്രിക്കൻ തീരത്തെ ജിബൂട്ടിയിൽ ചൈനയ്ക്കുള്ള നാവികത്താവളത്തെയും അവരുടെ അന്തർവാഹിനികളെയും നിരീക്ഷിക്കാൻ സഹായകമാണ്.
2023-ൽ മോദി പാപ്പുവ ന്യൂഗിനിയ സന്ദർശിച്ചിരുന്നു. ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവിടെ കാലുകുത്തിയത് ചരിത്രത്തിലാദ്യം. അവിടെ നടന്ന ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോപ്പറേഷൻ ഉച്ചകോടിയിൽ പങ്കെടുത്ത മോദി പതിനാല് പസഫിക് ദ്വീപ് രാജ്യങ്ങളുടെ നേതാക്കളോട് പറഞ്ഞു: 'എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ ചെറിയ ദ്വീപുരാജ്യങ്ങളല്ല, വലിയ സമുദ്രരാജ്യങ്ങളാണ്.' വൻശക്തികളിൽ നിന്ന് ഈ രാജ്യങ്ങൾ സാധാരണയായി കേൾക്കാറുള്ള 'ചെറുത്', 'പാർശ്വവത്കരിക്കപ്പെട്ടത്' തുടങ്ങിയ പ്രയോഗങ്ങളെ തള്ളിക്കളയുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ചൈന ഈ മേഖലയോട് പുലർത്തുന്ന ലാഭനഷ്ടങ്ങളിൽ അധിഷ്ഠിതമായ സമീപനത്തിൽ നിന്നുള്ള വ്യക്തമായ മാറ്റവും.
2024 ഫെബ്രുവരിയിൽ അദ്ദേഹം മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥുമൊത്ത് ചേർന്ന് അഗലിഗ ദ്വീപിലെ പുതിയ വ്യോമ, നാവിക താവളങ്ങൾ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് കപ്പലുകളെ നിരീക്ഷിക്കാൻ ഇത് ഇന്ത്യയെ സഹായിക്കും. അതുപോലെ അറബിക്കടലിലെ ഒമാന്റെ തന്ത്രപ്രധാനമായ ദൂക്കം തുറമുഖം നാവിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് അനുമതിയുണ്ട്. പാകിസ്താനിലെ ചൈനീസ് തുറമുഖമായ ഗ്വാദറിനെ കൃത്യമായി നിരീക്ഷിക്കാൻ അത് സഹായിക്കുന്നു.
മ്യാൻമറും ചൈനീസ് ആശങ്കയും ശ്രീലങ്കയും
2026 ജൂണിൽ മ്യാൻമർ പ്രസിഡന്റ് മിൻ ആങ് ഹ്ലൈങ് അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായി തിരഞ്ഞെടുത്തത് ഇന്ത്യയെയായിരുന്നു. ഇന്ത്യാവിരുദ്ധ ശക്തികളെ മ്യാൻമർ മണ്ണിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സന്ദർശനത്തിൽ ഇന്ത്യ നിർണായക ധാതുക്കളുടെ വിതരണത്തിനുള്ള കരാർ കരസ്ഥമാക്കി. ജനാധിപത്യംലംഘനം പറഞ്ഞ് (അട്ടിമറിക്കപ്പെട്ട ആംഗേ സാൻ സ്യൂചി അമേരിക്ക അനുകൂലിയായിരുന്നു) പാശ്ചാത്യ ഗവൺമെന്റുകളും ഭൂരിഭാഗം ആസിയാൻ രാജ്യങ്ങളും മ്യാൻമറിലെ സൈനിക ഭരണകൂടത്തെ അകറ്റി നിർത്തിയപ്പോഴും ഇന്ത്യ രാജ്യതാൽപ്പര്യം മുൻനിർത്തി പട്ടാള 'ഹുണ്ട'യുമായുള്ള ബന്ധം നിലനിർത്തിയതാണ് ഇന്ത്യയ്ക്ക് അനുകൂലമായത്.
അപൂർവഭൗമ മൂലകങ്ങളുടെ ഉത്പാദനത്തിൽ വലിയ കുത്തകയാണ് ചൈനയ്ക്കുള്ളത്. അതുകാരണം അമേരിക്കയെ പോലും പേടിപ്പിക്കാൻ അവർക്കാകും. പക്ഷേ, ഈ പദാർത്ഥങ്ങളുടെ പകുതിയിലധികവും വരുന്നത് മ്യാൻമറിലെ ഖനികളിൽ നിന്നാണ്. അതിനാൽ മ്യാൻമർ, ഇന്ത്യയുമായി നിർണായക ധാതുക്കളുടെ വിതരണക്കരാർ ഉണ്ടാക്കിയത് ചൈനയ്ക്ക് രസിക്കില്ല. അതുപോലെ മലാക്കയിൽ ഇന്ത്യ പിടിമുറുക്കുമ്പോൾ ചൈന മനസ്സിൽ കാണുന്ന പരിഹാരം മ്യാൻമറിലെ ചോക്ഫ്യൂ തുറമുഖമാണ്. ഈ തുറമുഖത്ത് നിന്ന് ചൈനയിലെ യുനാൻ പ്രവിശ്യയിലേക്ക് നേരിട്ട് എണ്ണ, വാതക പൈപ്പ്ലൈനുകൾ ചൈന നിർമ്മിച്ചിട്ടുണ്ട്. ഇത് ബംഗാൾ ഉൾക്കടലിൽ ചൈനയ്ക്ക് നേരിട്ടുള്ള നാവികസാന്നിധ്യവും നൽകുന്നു.
ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീലങ്കൻ പ്രസിഡന്റ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പലതവണ ഇന്ത്യ സന്ദർശിച്ചിരുന്നു. ചൈനയ്ക്ക് ശ്രീലങ്കയിൽ നിർണായകമായ നിക്ഷേപങ്ങളുണ്ട്, പ്രത്യേകിച്ച് ഹമ്പൻതോട്ടതുറമുഖത്തും (കടക്കെണിയിൽ പെട്ടതിനെ തുടർന്ന് 2017ൽ ശ്രീലങ്ക ഈ തുറമുഖം 99 വർഷത്തെ പാട്ടത്തിന് ചൈനീസ് സർക്കാർ കമ്പനിക്ക് കൈമാറി) കൊളംബോ തുറമുഖത്തോട് ചേർന്ന് കടൽ നികത്തി ചൈന നിർമ്മിക്കുന്ന വൻകിട സാമ്പത്തിക മേഖലയായ കൊളംബോ പോർട്ട് സിറ്റിയിലും. ഹമ്പൻതോട്ടയിലും കൊളംബോയിലും ചൈനീസ് നിരീക്ഷണ കപ്പലുകളും അന്തർവാഹിനികളും അടുക്കുന്നത് ഇന്ത്യയ്ക്ക് സുരക്ഷാഭീഷണിയാണ്.
പക്ഷേ, സമീപകാലത്ത് മേഖലയിൽ ഇന്ത്യ സ്വാധീനം ഏറെക്കുറെ തിരിച്ചുപിടിച്ചിട്ടുണ്ട്. ചൈനീസ് നിയന്ത്രണത്തിലുള്ള കൊളംബോ സൗത്ത് ടെർമിനലിന് തൊട്ടടുത്തായി അദാനി ഗ്രൂപ്പ് വികസിപ്പിച്ച വെസ്റ്റ് ടെർമിനൽ 2025 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ചു. 2026 ഏപ്രിലിൽ കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള 'മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ്' കൊളംബോ ഡോക്യാർഡിന്റെ 51 ശതമാനം ഓഹരികൾ വാങ്ങി നിയന്ത്രണം ഏറ്റെടുത്തു. ട്രിങ്കോമാലിയിലെ എണ്ണ സംഭരണശാലകളും മറ്റ് വികസനങ്ങളും ഇന്ത്യ നേരിട്ടാണ് നടത്തുന്നത്. തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന കാങ്കേശന്തുറൈ തുറമുഖം ഇന്ത്യ ധനസഹായം നൽകി നവീകരിക്കുകയുമാണ്. ഇന്ത്യയും ചൈനയും തമ്മിൽ നടക്കുന്ന ഭൗമരാഷ്ട്രീയ യുദ്ധത്തിൽ നിന്നും ലാഭമുണ്ടാക്കുകയാണ് മ്യാൻമറും ശ്രീലങ്കയും മാലിദ്വീപും പോലുള്ള രാജ്യങ്ങൾ. പക്ഷേ, ഇരുരാജ്യങ്ങൾക്കും അത് കണ്ടില്ലെന്നു നടിക്കാനേ കഴിയൂ.
പാകിസ്താനും ഗ്വാദറും ചാബഹാറും
അറബിക്കടലിലും ഒമാൻ ഉൾക്കടലിലുമായി വെറും 170 കിലോമീറ്റർ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന ഗ്വാദർ, ചാബഹാർ തുറമുഖങ്ങൾ ചൈനയുടെ 'മുത്തുമാല'യും ഇന്ത്യയുടെ 'വജ്രഹാരവും' കൂട്ടിമുട്ടുന്ന പ്രധാന ഇടങ്ങളാണ്. ചൈനയുടെ ഏറ്റവും വലിയ വിദേശനിക്ഷേപ പദ്ധതിയായ ചൈന-പാക് ഇടനാഴിയുടെ (സീപെക്) ഹൃദയമാണ് ബലൂചിസ്താനിലുള്ള ഗ്വാദറിലെ ആഴക്കടൽ തുറമുഖം. ചൈനയുടെ ഊർജ്ജ ഇറക്കുമതിയുടെ വലിയൊരു പങ്ക് മലാക്ക കടലിടുക്ക് ഒഴിവാക്കി ഗ്വാദർ നേരിട്ട് ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ എത്തിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം.
ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിക്ക് തൊട്ടടുത്തുള്ള ഈ തുറമുഖം ചൈനീസ് നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കും അന്തർവാഹിനികൾക്കും ഇന്ധനവും ആയുധങ്ങളും നിറയ്ക്കാനുള്ള താവളമാണ്. ചൈനയ്ക്ക് ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള കവാടവുമാണ് ഈ തുറമുഖം. പക്ഷേ, തുറമുഖവും വിമാനത്താവളവുമൊക്കെ പൂർത്തിയായെങ്കിലും ബലൂച് കലാപകാരികൾ സ്വൈര്യം കൊടുക്കുന്നില്ല. പട്ടാളക്കാരെ മാത്രമല്ല, ചൈനീസ് ജോലിക്കാരെയും അവർ ആക്രമിക്കുന്നു. അതിനാൽ നടത്തിയ വമ്പൻനിക്ഷേപം പാഴായോ എന്ന് ആശങ്കയുണ്ട് ചൈനയ്ക്ക്.
ഇറാനിലെ ചാബഹാർ തുറമുഖം പാകിസ്താനിലെ ചൈനീസ് കടന്നുകയറ്റത്തെ ചെറുക്കാൻ ഇന്ത്യ പ്രയോഗിച്ച തന്ത്രമാണ്. ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും പത്തുവർഷത്തെ ദീർഘകാല കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഗ്വാദറിന് തൊട്ടടുത്തു കിടക്കുന്നതിനാൽ, ഇതുവഴിയുള്ള ചൈനയുടെയും പാകിസ്താന്റെയും ഒരൊറ്റ നാവികനീക്കവും ഇന്ത്യയുടെ കണ്ണിൽപ്പെടാതെ പോകില്ല. അഫ്ഗാനിസ്താനിലേക്കും റഷ്യയിലേക്കും മധ്യേഷ്യയിലേക്കുമുള്ള വ്യാപാരത്തിന് ഇന്ത്യയുടെ ഏക വാതിലാണ് ഈ തുറമുഖം.
നയതന്ത്ര നീക്കങ്ങൾക്കൊപ്പം തന്നെ സൈനിക ശേഷിയും ഇന്ത്യ വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യ തങ്ങളുടെ നാവികസേനയെ ആധുനീകരിക്കുകയും അന്തർവാഹിനികളുടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം ക്വാഡ് സഖ്യകക്ഷികളായ അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നിവരുമായി സംയുക്ത സൈനികാഭ്യാസങ്ങളിലൂടെയും ലോജിസ്റ്റിക്സ് കരാറുകളിലൂടെയും ഉള്ള സഹകരണം ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടയിലാണ് അമേരിക്കയുടെ ഇൻഡോപസഫിക് കമാൻഡിന്റെ പേരുമാറ്റം ചർച്ചയായത്. 2026 ജൂൺ 16ന് യു.എസ് പ്രതിരോധ വകുപ്പ് പ്രഖ്യാപിച്ചതനുസരിച്ച്, ഭൂമിയുടെ പകുതിയിലധികം ഭാഗത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഹവായി ആസ്ഥാനമായുള്ള ഇൻഡോപസഫിക് കമാൻഡ് 2018ന് മുമ്പുണ്ടായിരുന്ന 'യു.എസ് പസഫിക് കമാൻഡ്' എന്ന പഴയ പേരിലേക്ക് തിരിച്ചുപോയി. പല നിരീക്ഷകരും ഈ പേരുമാറ്റത്തെ നിലവിലെ അമേരിക്കൻ ഭരണകൂടം ചൈനയുമായി നേരിട്ടുള്ള ഇടപാടുകൾക്ക് മുൻഗണന നൽകുന്നതിന്റെ ലക്ഷണമായി കാണുന്നു. 2018ന് ശേഷം ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന തന്ത്രപരമായ മുൻഗണനയ്ക്ക് ഇടിവ് സംഭവിച്ചേക്കാമെന്നും അവർ കരുതുന്നു. ഇന്ത്യയിലെ പ്രതിപക്ഷം പാർലമെന്റിൽ ഇതേ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
ചൈനയുടെ മുത്തുമാലയും ഇന്ത്യയുടെ വജ്രഹാരവും വെറും സിദ്ധാന്തങ്ങളാണ്, രണ്ടിനും ഔദ്യോഗിക സ്ഥിരീകരണമില്ല എന്നു വാദിക്കുന്നവരുണ്ട്. വാണിജ്യ തുറമുഖങ്ങളിൽ ചൈന നടത്തുന്ന നിക്ഷേപങ്ങളെ ചൈനയുടെ തന്ത്രപരമായ നീക്കങ്ങളായി ചിത്രീകരിക്കുന്നതാണെന്നും ചൈനയുടെ യഥാർത്ഥശക്തി വലിയ വ്യാപാരശൃംഖലകളിലും ഉൽപ്പാദന മേഖലയിലുമുള്ള മേധാവിത്വമാണെന്നും സിദ്ധാന്തക്കാർ വിസ്മരിക്കുന്നുവെന്നു ഒരുവിഭാഗം വാദിക്കുന്നു. ഇന്ത്യയുടെ ഒരു നീക്കത്തിനും ചൈനയുടെ സാമ്പത്തിക, ഉൽപ്പാദന ശേഷികളെ പെട്ടെന്ന് മറികടക്കാൻ സഹായിക്കില്ല; ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം അത്രത്തോളം വലുതാണ്- അവർ പറയുന്നു.
കടബാധ്യതയിലും ഭീഷണിയിലും ചൈന തുന്നിക്കൂട്ടുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കുറവായിരിക്കുമെന്നും പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും വിശ്വാസത്തിലും വാർത്തെടുക്കുന്ന ബന്ധങ്ങൾ കൊടുങ്കാറ്റുകളെ ചെറുത്തു നിൽക്കുമെന്നും ഇന്ത്യയുടെ സഖ്യങ്ങൾ വിളംബരം ചെയ്യുന്നു. ചൈനയോളം പണം ഇന്ത്യ സൗഹൃദം പിടിച്ചെടുക്കാൻ നിക്ഷേപിക്കുന്നില്ലായിരിക്കാം. പക്ഷേ, തിരിച്ചെന്തു കിട്ടും എന്നുകരുതി മാത്രമല്ല നിക്ഷേപം നടത്താറ്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ എവിടെ എന്തു പ്രകൃതിദുരന്തമുണ്ടായാലും സഹായഹസ്തവുമായി ആദ്യമെത്തുക ഇന്ത്യൻ നാവികസേനയുടെ കപ്പലുകളാവും. ഇന്ത്യ കടം കൊടുക്കുന്നത് കടക്കാരനെ അടിമയാക്കാനല്ല. അനുഭവസ്ഥർക്ക് അതറിയാം. ആ സൗമനസ്യവും സാംസ്കാരിക പാരമ്പര്യവുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ നിക്ഷേപം.
Content Highlights: India's 2026 'Diamond Necklace' strategy counters China's influence in the Indian Ocean.
Published: 11 Jul 2026, 12:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented