താമസിക്കാന്‍ മുറിയെടുത്താല്‍ പരിശീലനം ലഭിച്ച ഒരു നായയും കൂട്ടിനുണ്ടാകുമെന്ന വാഗ്ദാനവുമായി ചൈനയിലെ ഹോട്ടല്‍. വുഹാനിലുള്ള കണ്‍ട്രി ഗാര്‍ഡന്‍ ഫീനിക്‌സ് ഹോട്ടലാണ് നായ സ്‌നേഹികളുടെ മനംകവരുന്ന വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുള്ളത്. ഏകദേശം 4,700 രൂപയ്ക്ക് ഒരു രാത്രി ഗോള്‍ഡന്‍ റിട്രീവര്‍, ഹസ്‌കി, വെസ്റ്റ് ഹൈലാന്‍ഡ് ടെറിയര്‍ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട നായകളോടൊപ്പം അതിഥികള്‍ക്ക് താമസിക്കാം. ഇത് ഒറ്റപ്പെടല്‍ ഒഴിവാക്കാനും സ്‌നേഹമുള്ള ഒരു നായയുടെ സാമീപ്യം ഉറപ്പാക്കാനും സഹായിക്കുന്നുവെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.

To advertise here,

ജൂലായില്‍ ആരംഭിച്ച പുതിയ സംവിധാനം ഇതിനോടകം വമ്പന്‍ ഹിറ്റായിക്കഴിഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ ബുക്കിംഗുകളുടെ പ്രവാഹമാണ് ഉണ്ടാകുന്നത്. ഹോട്ടലില്‍ താമസിക്കുമ്പോഴും വീട്ടിലേതിന് സമാനമായ സ്‌നേഹം ലഭിക്കുന്നതുകൊണ്ട് മിക്ക താമസക്കാരും ഈ ആശയത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഹോട്ടല്‍ മാനേജര്‍ ഡോങ്ങ് പറയുന്നത്.

റിട്രീവര്‍, ഹസ്‌കി, ടെറിയര്‍ എന്നിവയുള്‍പ്പെടെ 10 നായകളാണ്‌ നിലവില്‍ ഹോട്ടലിലുള്ളത്. ഇവയില്‍ ചിലത് ഹോട്ടലിന്റെ സ്വന്തമാണ്. മറ്റുള്ളവ പരിശീലകരില്‍ നിന്നോ സ്വകാര്യ ഉടമകളില്‍ നിന്നോ സംഘടിപ്പിക്കുന്നതാണ്. ഇവയെ എല്ലാം ആരോഗ്യ പരിശോധനകള്‍ക്ക് വിധേയമാക്കിയും പരിശീലനം നല്‍കിയുമാണ് അതിഥികള്‍ക്കൊപ്പം അയയ്ക്കുന്നത്. സന്ദര്‍ശകര്‍ക്ക് വൈകാരിക പിന്തുണ നല്‍കുക എന്നതാണ് ലക്ഷ്യം. മൃഗങ്ങളെ സ്‌നേഹിക്കുകയും എന്നാല്‍ വീട്ടില്‍ വളര്‍ത്താന്‍ കഴിയാത്തവരുമായ അതിഥികളെയാണ് പ്രധാനമായും മുന്നില്‍ കാണുന്നത്.

നായ ഉടമകളും ഈ ഹോട്ടലിന്റെ സംവിധാനത്തില്‍ സന്തുഷ്ടരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. പുതിയ സംവിധാനത്തിന് വലിയ പ്രചാരം ലഭിക്കുന്നുണ്ടെങ്കിലും നിയമവിദഗ്ദ്ധര്‍ ഇതിലെ സങ്കീര്‍ണ്ണതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഒരു നായ ഉള്‍പ്പെടുന്ന ഏതെങ്കിലും അപകടമുണ്ടായാല്‍ ഹോട്ടലിനായിരിക്കും ഉത്തരവാദിത്തമെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, പ്രൊഫഷണല്‍ പരിശീലകരെ നിയമിക്കാനും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്.

ചൈനയില്‍ അതിവേഗം വളരുന്ന വളര്‍ത്തുമൃഗങ്ങളോടുള്ള ആഭിമുഖ്യവും അതുമൂലം സമ്പദ് വ്യവസ്ഥയിലുണ്ടായ ചലനവും സൃഷ്ടിച്ച വാണിജ്യ സാധ്യത ഉപയോഗപ്പെടുത്തുന്നതാണ് സംരംഭം.  ചൈനയില്‍ ഇപ്പോള്‍ കുട്ടികളേക്കാള്‍ കൂടുതല്‍ വളര്‍ത്തുമൃഗങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 2024-ലെ കണക്കുകള്‍ പ്രകാരം, നാല് വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തെ വളര്‍ത്തുമൃഗങ്ങളുടെ എണ്ണം മറികടന്നു. നഗരവാസികളില്‍ എട്ടില്‍ ഒരാള്‍ക്ക് ഒരു വളര്‍ത്തുമൃഗമുണ്ടെന്നാണ് കണക്ക്.