പേരാവൂർ: കാഞ്ഞിരപ്പുഴയിലെ ഒഴുക്കിൽപ്പെട്ട് ഹനീഫ ഇല്ലാതായെങ്കിലും ആ വിയോഗമറിയാതെ ഹനീഫയെ ഇന്നും കാത്തിരിക്കുകയാണ് 'അഴകപ്പൻ' എന്ന തെരുവുനായ. പേരാവൂർ തൊണ്ടിയിൽ ഗ്രാമത്തിനിപ്പോൾ ഹനീഫയുടെ വേർപാട് മാത്രമല്ല നൊമ്പരമാകുന്നത്, ഹനീഫ നടന്ന വഴികളിലൂടെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന അഴകപ്പനും കൂടിയാണ്.

To advertise here,

കഴിഞ്ഞ ശനിയാഴ്ച കാഞ്ഞിരപ്പുഴയിൽ തേങ്ങ ശേഖരിക്കുന്നതിനിടെയാണ് പേരാവൂർ കൊട്ടംചുരത്തെ വയൽപീടികയിൽ ഹനീഫ ഒഴുക്കിൽപ്പെട്ടത്. മൂന്നുദിവസത്തെ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ചയാണ് ഹനീഫയുടെ മൃതദേഹം കണ്ടെത്തി കബറടക്കിയത്. 

ഹനീഫ വിശ്രമിച്ചിരുന്ന തണലിൽ ആ പഴയ ചെരുപ്പും കുടയും വസ്ത്രങ്ങളും ഇപ്പോഴുമുണ്ട്. അതിനരികിലും ഹനീഫയുടെ ജീവനെടുത്ത പുഴയുടെ തീരത്തും യജമാനൻ എന്നെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷയിൽ അവൻ കണ്ണുനട്ടിരിക്കുന്നു. മൃഗങ്ങളോട് മാത്രമല്ല, തൊണ്ടിയിലെയും പേരാവൂരിലെയും ഏത് സാധാരണക്കാരനോടും ഹനീഫയ്ക്ക് അളവറ്റ സ്‌നേഹമായിരുന്നു.

ഏതാനും ആഴ്ചകൾക്ക് മുൻപാണ് അഴകപ്പൻ ഹനീഫയ്‌ക്കൊപ്പം കൂടിയത്. ഭക്ഷണം കഴിച്ചും കൂട്ടുപോയുമൊക്കെ ഹനീഫയ്‌ക്കൊപ്പം പിന്നീട് അഴകപ്പനുണ്ടായിരുന്നു. ഹനീഫ അപകടത്തിൽപ്പെട്ട അന്നും അഴകപ്പൻ കൂടെയുണ്ടായിരുന്നു.