ചൈനയിലെ പ്രശസ്തമായ ഗ്ലാസ് വ്യൂവിങ് പ്ലാറ്റ്‌ഫോമിൽ കുട കൊണ്ട് കുത്തി വിള്ളലുണ്ടാക്കി കൗമാരക്കാരൻ. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള ബാവോക്വാൻ ക്ലിഫ് വേൾഡ് സിനിക് ഏരിയയിലാണ് സംഭവം നടന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്ഥലത്തുണ്ടായിരുന്ന വിനോദസഞ്ചാരികളെ അധികൃതർ ഉടൻ തന്നെ അവിടെനിന്നും ഒഴിപ്പിച്ചു.

To advertise here,

കൈയിലുണ്ടായിരുന്ന കുടയുടെ കൂർത്ത ഭാഗം ഉപയോഗിച്ച് ഗ്ലാസ് നിലത്ത് പലതവണ കുത്തിയതാണ് വിള്ളലിന് കാരണമായത്. വിള്ളൽ കണ്ടതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തരായെങ്കിലും മിനിറ്റുകൾക്കകം തന്നെ ജീവനക്കാർ ഇടപെട്ട് പ്ലാറ്റ്‌ഫോം പൂർണ്ണമായും ഒഴുപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

സുരക്ഷിതമായി മറ്റ് പാളികൾ

നൂറുകണക്കിന് സന്ദർശകരെയും കിലോക്കണക്കിന് ഭാരവും ഒരേസമയം താങ്ങാൻ ശേഷിയുള്ളതാണ് ഈ അത്യാധുനിക ഗ്ലാസ് പ്ലാറ്റ്‌ഫോം. അതിനാൽ ഒരു സാധാരണ കുട കൊണ്ട് ഇതിൽ വിള്ളലുണ്ടായി എന്നത് പലരിലും അത്ഭുതമുളവാക്കി.

എന്നാൽ, മൂന്ന് പാളികളുള്ള ട്രിപ്പിൾ ലാമിനേറ്റഡ് സേഫ്റ്റി ഗ്ലാസ് ഉപയോഗിച്ചാണ് ഈ നിരീക്ഷണ ഡെക്ക് നിർമ്മിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കുട കൊണ്ടുള്ള കുത്തലിൽ ഗ്ലാസ് പാനലിന്റെ ഏറ്റവും മുകളിലത്തെ സംരക്ഷണ പാളിക്ക് മാത്രമാണ് കേടുപാടുകൾ സംഭവിച്ചത്. താഴെയുള്ള പ്രധാന ഘടനയ്ക്ക് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലാത്തതിനാൽ പ്ലാറ്റ്‌ഫോമിന്റെ ഭാരം താങ്ങാനുള്ള ശേഷിയെ ഇത് ബാധിച്ചിട്ടില്ല. പ്ലാറ്റ്‌ഫോം പൂർണ്ണമായും സുരക്ഷിതമാണെന്നും പൊതുജനങ്ങൾക്ക് യാതൊരുവിധ സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രം

തായ്‌ഹാങ് പർവതനിരകളുടെ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ഈ ഗ്ലാസ് പ്ലാറ്റ്‌ഫോം ചൈനയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ചൈനയിലെ ഏറ്റവും ഉയർന്ന ടൂറിസം റേറ്റിങ്ങായ നാഷണൽ 5A പദവി 2024-ൽ ഈ പ്രദേശത്തിന് ലഭിച്ചിരുന്നു.

തകർന്ന ഗ്ലാസ് പാനൽ മാറ്റിസ്ഥാപിക്കാൻ നിർമ്മാതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ സന്ദർശകർക്ക് പ്ലാറ്റ്‌ഫോമിൽ പാലിക്കേണ്ട നിർദ്ദേശങ്ങളെക്കുറിച്ച് കൂടുതൽ അവബോധം നൽകുമെന്നും ടൂറിസം കേന്ദ്രത്തിന്റെ മാനേജ്‌മെന്റ് അറിയിച്ചു.