പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ സന്ദര്ശനത്താല് ചരിത്ര പ്രശസ്തമായ ഗാലപ്പഗോസ് ദ്വീപുകള്‍ സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ട ഇടമാണ്. ഇപ്പോഴിതാ വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശന ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഗാലപ്പഗോസ്. വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് അമിത ടൂറിസം ഒഴിവാക്കാനാണ് ഈ നടപടി. സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നത് ദ്വീപ്സമൂഹത്തിന്റെ സ്വാഭാവികതയെ തകര്‍ക്കുമെന്ന ആശങ്കള്‍ ഉയര്‍ന്നിരുന്നു.
ആഗസ്റ്റ് ഒന്ന് മുതലാണ് പുതിയ പ്രവേശന ഫീസ് നിലവില്‍ വരികയെന്ന് ഇക്വഡോര്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഗാലപ്പഗോസ് ദ്വീപുകളില്‍ ഇളവുകളുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാല്ലാത്ത എല്ലാ സഞ്ചാരികള്‍ക്കും 200 ഡോളറാണ് പുതിയ പ്രവേശന ഫീസ്. നേരത്തെ ഇത് നൂറ് ഡോളറായിരുന്നു. 1998 ന് ശേഷം ആദ്യമായാണ് ഗാലപ്പോസ് ദ്വീപുകളിലെ പ്രവേശന ഫീസ് വര്‍ധിപ്പിക്കുന്നത്.
"ഈ ലോകത്തിന്റെ തന്നെ അമൂല്യ സമ്പത്താണ് ഗാലപ്പഗോസ് ദ്വീപുകള്‍. ഭാവി തലമുറയ്ക്കായി ഈ മഹത്തായ ഭൂപ്രകൃതി സ്വാഭാവികമായി നിലനിര്‍ത്തുക എന്നത് നമ്മള് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്. ഫീസ് വര്‍ധിപ്പിച്ചതിലൂടെ ലഭിക്കുന്ന അധിക തുക ദ്വീപുകളുടെ പരിസ്ഥിതി സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും- ഇക്വഡോര്‍ ടൂറിസം മന്ത്രി നീല്‍സ് ഓസ്ലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചാള്‍സ് ഡാര്‍വിനെ വിസ്മയിപ്പിച്ച ഗാലപ്പഗോസ്
ദക്ഷിണ അമേരിക്കയിലെ ഇക്വഡോറില്‍നിന്ന് ഏകദേശം ആയിരം കിലോമീറ്റര്‍ അകലെ ശാന്തസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഒരുകൂട്ടം ദ്വീപുകളാണ് ഗാലപ്പഗോസ് ദ്വീപുകള്‍. 13 വലിയ ദ്വീപുകള്‍, ആറ് ചെറിയ ദ്വീപുകള്‍, അനേകം ഛിന്നദ്വീപുകള്, പാറക്കൂട്ടങ്ങള്‍ തുടങ്ങിയവ അടങ്ങിയതാണ് ഈ ദ്വീപസമൂഹം. മൊത്തം 8010 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ദ്വീപുകള്‍ 59,500 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ ചിതറിക്കിടക്കുന്നു. മുപ്പത്തിമൂവായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന, ഇക്വഡോറിന്റെ ഭാഗമായ ഒരു പ്രവിശ്യയാണ് ഇന്ന് ഗാലപ്പഗോസ് ദ്വീപുകള്‍.
1535ല്‍ അന്നത്തെ പാനമ ബിഷപ്പ് ആയിരുന്ന ഫ്രൈ തോമാസ് ദെ ബെര്ലാന്ഗ (Fray Tomas de Berlanga) യുടെ വിവരണത്തിലൂടെയാണ് ഗാലപ്പഗോസ് ദ്വീപിനെ പുറംലോകമറിയുന്നത്. പെറുവിലേക്കുള്ള യാത്രാമധ്യേ ശക്തമായ കടലൊഴുക്കില്‍പ്പെട്ട് വഴിതെറ്റിയാണ് 1535 ഫെബ്രുവരി പത്തിന് ബിഷപ്പും സംഘവും അജ്ഞാതമായ ആ ദ്വീപസമൂഹത്തിലെത്തിപ്പെട്ടത്. അതുവരെ കാണാത്ത അനേകം വിചിത്രജീവികളെയും അവര്‍ ദ്വീപുകളില്‍ കണ്ടുമുട്ടി. ആളുകളെ പുറത്ത് കയറ്റാന്തക്ക വലുപ്പമുള്ള കൂറ്റന്‍ ആമകളായിരുന്നു അവയില്‍ പ്രധാനപ്പെട്ടത്. സ്പാനിഷ് ഭാഷയില്‍ 'ഗാലപ്പഗോ' എന്നാല്‍ ആമ എന്നാണര്‍ഥം. അങ്ങനെയാണ് പുതുതായി കണ്ടുപിടിക്കപ്പെട്ട ആ ദ്വീപുകള്‍ ഗാലപ്പഗോസ് ദ്വീപുകളായത്.
ഗാലപ്പഗോസ് ദ്വീപുകള്‍ ലോകപ്രശസ്തമാകുന്നത് പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ സന്ദര്‍ശനത്തോടെയാണ്. 1831 ഡിസംബര്‍ 27 മുതല്‍ 1836 ഒക്ടോബര്‍ 2 വരെ സമുദ്രപര്യടനം നടത്തിയ എച്ച്.എം.എസ്. ബീഗിള്‍ എന്ന ബ്രിട്ടീഷ് കപ്പലില്‍ പ്രകൃതിശാസ്ത്രജ്ഞനായിരുന്ന ചാള്‍സ് ഡാര്വിന് 1835 സെപ്റ്റംബര്‍ 15-നാണ് ഗാലപ്പഗോസില്‍ എത്തിയത്. അദ്ദേഹത്തെ ഏറ്റവുമധികം ആകര്‍ഷിച്ചത് അവിടെക്കണ്ട ഭീമന് ആമകളും വിവിധതരം പക്ഷികളുമായിരുന്നു. 1978ല്‍ യുനെസ്കോ ഗാലപ്പഗോസ് ദ്വീപുകളെ ഒരു ലോക പൈതൃകസ്ഥാനമായി പ്രഖ്യാപിച്ചു. ഇക്വഡോറിന്റെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക് കൂടിയാണ് ഗാലപ്പഗോസ്. നിലവില്‍ 275,000 ത്തോളം സഞ്ചാരികള്‍ ഓരോ വര്‍ഷവും ഇവിടെയെത്താറുണ്ട്.
ദ്വീപുകള്‍ക്ക് ചുറ്റുമുള്ള കടലില്‍ ജീവിക്കുന്ന ഇരുപത് ശതമാനം ജീവികളെയും ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാന്‍ കഴിയില്ല. കടലില്‍ ജീവിക്കുന്ന ഒരേയൊരു ഇഗ്വാന ഇവിടെയാണുള്ളത്. ഭീമന് ആമകള്‍ക്കും കടല്‍ ഇഗ്വാനയ്ക്കും പുറമേ കൗതുകമുണര്‍ത്തുന്ന മറ്റൊരുജീവി ഗാലപ്പഗോസ് പെന്‍ഗ്വിനാണ്. ഭൂമധ്യരേഖയ്ക്ക് വടക്ക് ജീവിക്കുന്ന ഒരേയൊരു പെന്ഗ്വിനാണിത്. പരിസ്ഥിതിയും വന്യജീവി സമ്പത്തും കാണാനെത്തുന്ന ശാസ്ത്ര കുതുകികള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും പുറമെ ഗാലപ്പഗോസിന്റെ ബീച്ചുകളുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരും നിരവധിയാണ്. മികച്ചൊരു ഹണിമൂണ്‍, സ്കൂബ ഡൈവിങ്, സ്നോര്കലിങ് ഡെസ്റ്റിനേഷന്‍ കൂടിയാണ് ഗാലപ്പഗോസ്. അഡ്വഞ്ചര്‍ ക്രൂസുകളില്‍ കറങ്ങി ദ്വീപുകളുടെ സൗന്ദര്യമാസ്വദിക്കുന്നവരും കുറവല്ല. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് ഗാലപ്പഗോസ് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ചതെങ്കിലും എല്ലാ സീസണുകളിലും സഞ്ചാരികളെത്താറുണ്ട്. ദ്വീപുകളിലെ മികച്ച ഹോട്ടലുകളിലും കടലിലെ ആഡംബര ക്രൂസുകളിലും താമസിക്കാം. ലോകോത്തര നിലവാരത്തിലുള്ള റെസ്റ്റോറന്റുകളും ഇവിടുണ്ട്. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഗാലപ്പഗോസിലേക്ക് നേരിട്ടും ഇക്വഡോര്‍ വഴിയും വിമാന സര്‍വീസുകള്‍ ലഭ്യമാണ്. പ്രമുഖ ആഗോള ട്രാവല്‍ ഏജന്‍സികളെല്ലാം തന്നെ ഇങ്ങോട്ട് പാക്കേജുകളും ചെയ്യുന്നുണ്ട്.
Content Highlights: Galapagos Islands to double tourist entry fees
Published: 16 Mar 2024, 09:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented