ക്യൂബയിലേക്കുള്ള യാത്രയ്ക്കിടെ തുര്‍ക്കിയിലെ ഇസ്താംബുളിലെത്തിയെങ്കിലും ട്രാന്‍സിറ്റ് വിസയില്ലാത്തതിനാല്‍ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ പറ്റിയില്ലെന്ന് സി.പി.എം. നേതാവ് ചിന്ത ജെറോം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ചിന്ത ജെറോം ഇസ്താംബുളിലെത്തിയ വിവരം പങ്കുവെച്ചത്. ക്യൂബന്‍ യാത്രയ്ക്ക് തുടക്കം കുറിച്ചവിവരവും യാത്രയിലെ ഓരോ അനുഭവങ്ങളും വരുംദിവസങ്ങളില്‍ പങ്കുവെയ്ക്കുമെന്നും ചിന്ത ജെറോം നേരത്തെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 

To advertise here,

'ചരിത്രം തുടിക്കുന്ന ഇസ്താംബൂളില്‍. വിസയില്ലാത്ത ഞങ്ങളോട് പിണങ്ങിയ നഗരം മുഖം തിരിച്ച് ഇരിപ്പാണ്' എന്ന കുറിപ്പോടെയാണ് ചിന്ത ഇസ്താബുളില്‍നിന്നുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഇസ്താംബുള്‍ ശരിക്കും കാണേണ്ട സ്ഥലമാണല്ലോ. എയര്‍പോര്‍ട്ടിന് പുറത്തിറങ്ങി സിറ്റി ടൂര്‍ ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഞങ്ങളാരും ട്രാന്‍സിറ്റ് വിസ എടുത്തിട്ടില്ല. അതുകൊണ്ട് എയര്‍പോര്‍ട്ടില്‍ തന്നെ ചുറ്റിക്കാണുകയാണ്. ട്രാന്‍സിറ്റ് വിസ എടുക്കാന്‍ പറ്റാതിരുന്നത് ഒരുനഷ്ടമാണെന്ന് ഈ 14 മണിക്കൂര്‍ ലേഓവറില്‍ തോന്നുകയാണ്. മറ്റൊരു അവസരത്തില്‍ ഇസ്താംബുളില്‍ ഇറങ്ങി നാടുകാണാനെല്ലാം പറ്റുമെന്ന് വിചാരിക്കുന്നു. ഇവിടത്തെ ഫുഡ് സ്‌പെഷ്യലാണല്ലോ. ടര്‍ക്കിഷ് ഫുഡ് എപ്പോഴും പ്രത്യേകതയുള്ളതാണ്. നമ്മുടെ നാട്ടില്‍ തന്നെ ഒട്ടേറെ ടര്‍ക്കിഷ് റസ്റ്ററന്റ്‌സ് ഉണ്ടല്ലോ. ഞങ്ങളുടെ കൊല്ലത്ത് ജില്ലാ കമ്മിറ്റി ഓഫീസിന്റെ തൊട്ടടുത്ത് ഇസ്താംബുള്‍ ഗ്രില്‍സും ഷവര്‍മയും റോള്‍സുമെല്ലാം കിട്ടുന്ന ഷോപ്പ്‌സ് ഉണ്ട്. ഞങ്ങളൊക്കെ ഇടയ്ക്ക് അവിടെ പോകാറുണ്ട്. ആ ടേസ്‌റ്റൊക്കെ തന്നെയാണോ എന്ന് ഇവിടത്തെ ഫുഡ് ഒക്കെ കഴിച്ചിട്ട് നോക്കണം. അതേ ഇപ്പോള്‍ എയര്‍പോര്‍ട്ടിനകത്ത് ചെയ്യാന്‍ പറ്റുകയുള്ളൂ. ഞങ്ങളുടെ ഗ്രൂപ്പില്‍ ഒപ്പമുള്ള ഡോ. അനില്‍കുമാര്‍ ഉണ്ട്. ബാംഗ്ലൂരില്‍ സര്‍ജനാണ് അദ്ദേഹം. ഇങ്ങോട്ട് വരുന്നവഴിക്ക് ഫ്‌ളൈറ്റില്‍ കൊളാപ്‌സ്ഡ് ആയ ഒരു പാസഞ്ചറിനെ ട്രീറ്റ് ചെയ്യുകയും ഫസ്റ്റ് എയിഡ് കൊടുക്കുകയും സുഖപ്പെടുത്തുകയുംചെയ്തു. അത് ഈ യാത്രയിലെ ഞങ്ങള്‍ക്ക് മറക്കാന്‍ പറ്റാത്ത ഓര്‍മയാണ്'', ചിന്ത പറഞ്ഞു. 

'The  World Balance 'With all and For the Good of All 'എന്ന വിഷയത്തില്‍  ക്യൂബയിലെ ഹവാന കണ്‍വെന്‍ഷന്‍ പാലസില്‍ ജനുവരി 28 മുതല്‍ 31 വരെ നടക്കുന്ന അന്താരാഷ്ട്ര സംഗമത്തില്‍ പങ്കെടുക്കാനാണ് യാത്രയെന്ന് ചിന്ത ജെറോം നേരത്തെ ഫെയ്സ്ബുക്കില്‍ പറഞ്ഞിരുന്നു. യാത്രയ്ക്ക് മുന്നോടിയായി സി.പി.എം. കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസില്‍ നല്‍കിയ യാത്രയയപ്പിന്റെ ചിത്രങ്ങളും ചിന്ത പങ്കുവെച്ചിരുന്നു. ഏതൊരു സഖാവിനെയുംപോലെ ക്യൂബയിലേക്കുള്ള യാത്ര തന്റെയും സ്വപ്‌നമാണെന്നായിരുന്നു ചിന്ത ജെറോം നേരത്തെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നത്.