ഓഗസ്റ്റ് 15 മുതലാണ് 'ശുഭം' എന്ന യാത്രക്കപ്പല് ലക്ഷദ്വീപിലേക്കും തിരിച്ച് ബേപ്പൂരിലേക്കും യാത്രനടത്തുക.

ബേപ്പൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്കും തിരിച്ചുമുള്ള യാത്രക്കപ്പൽ സർവീസ് പുനരാരംഭിക്കുന്നു. തമിഴ്നാട്ടിലെ 'തൃച്ചിശുഭം എന്റർപ്രൈസസ്' എന്ന കമ്പനിയാണ് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ യാത്രക്കപ്പൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്.
കമ്പനിയുടെ എം.ഡി.യും ചെയർമാനുമായ ഡോ. സുന്ദർരാജ് പൊന്നുസ്വാമി ബേപ്പൂരിൽനിന്നും ലക്ഷദ്വീപിലേക്കുമുള്ള യാത്രക്കാരുടെ ദുരിതം മനസ്സിലാക്കി ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കുകയായിരുന്നു. എം.കെ. രാഘവൻ എം.പി.യുടെ പ്രക്ഷോഭങ്ങളാണ് തന്നെ നടപടികളിലേക്ക് നയിച്ചതെന്ന് തൃച്ചിശുഭം എന്റർപ്രൈസസ് ചെയർമാൻ ഡോ. സുന്ദർരാജ് പൊന്നുസ്വാമി 'മാതൃഭൂമി'യോട് പറഞ്ഞു.
ഓഗസ്റ്റ് 15 മുതലാണ് 'ശുഭം' എന്ന യാത്രക്കപ്പൽ ലക്ഷദ്വീപിലേക്കും തിരിച്ച് ബേപ്പൂരിലേക്കും യാത്രനടത്തുക. നേരത്തേ ലക്ഷദ്വീപിലേക്ക് അഞ്ച് കപ്പലുകൾ സർവീസ് നടത്തിയിരുന്നതാണ്. പക്ഷേ, ഈ കപ്പലുകളെ മംഗലാപുരം തുറമുഖത്തേക്ക് മാറ്റിയതോടെയാണ് ബേപ്പൂരിൽനിന്നുള്ള യാത്രക്കപ്പൽ സർവീസ് അവസാനിച്ചത്.
കൊച്ചിയിൽനിന്നുമാത്രമാണ് ദ്വീപ് നിവാസികൾക്കും ബേപ്പൂരിൽനിന്നുള്ള യാത്രക്കാർക്കും പിന്നീട് കപ്പൽയാത്ര ആശ്രയിക്കേണ്ടിവന്നത്. അതാകട്ടെ എപ്പോഴെങ്കിലും കിട്ടുന്ന ടിക്കറ്റിൽ. ഇനിമുതൽ നേരത്തേ ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്ക് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പെർമിറ്റ് യാത്രക്കാർക്ക് വേണ്ടാ. ആധാർകാർഡും കപ്പൽടിക്കറ്റും സെക്യൂരിറ്റി ചെക്കും മതി.
ബേപ്പൂരിൽനിന്ന് ആന്ത്രോത്തിലേക്ക് എട്ടുമണിക്കൂർകൊണ്ട് എത്താം. മറ്റു ദ്വീപുകളിലേക്കും ഈ കപ്പൽ സർവീസ് നടത്തും. ഇക്കോണമി ക്ലാസിൽ 213 യാത്രക്കാർക്ക് കയറാം. ബിസിനസ് ക്ലാസിൽ 27 പേർക്കും ഉയർന്ന ക്ലാസിൽ 10 പേർക്കുമടക്കം മൊത്തം 250 യാത്രക്കാരുമായാണ് കപ്പൽ പുറപ്പെടുക.
Content Highlights: Ship service between Beypore and Lakshadweep resumes August 15., Operated by Trichysubham Enterprises., Travel permit no longer required; only Aadhaar and ticket needed., 8-hour travel time to Andrott., Total capacity of 250 passengers across three classes.
Published: 31 May 2026, 09:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented