ബേപ്പൂർ: കേരളത്തെ തുറമുഖഹബ്ബാക്കി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയുടെ തുടർച്ചയായി ബേപ്പൂർ തുറമുഖത്തെ അടിസ്ഥാനസൗകര്യങ്ങൾ പരിശോധിക്കാൻ ഉന്നതതല സംഘമെത്തി.
തുറമുഖ സെക്രട്ടറിയും മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ രത്തൻ യു. ഖേൽക്കറും കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജെറോമിക് ജോർജുമാണ് വെള്ളിയാഴ്ച തുറമുഖത്തത്തിയത്.പോർട്ട് ഓഫീസർ ക്യാപ്‌റ്റൻ ഹരി അച്യുതവാരിയരുടെ സാന്നിധ്യത്തിൽ ഹാർബർ എൻജിനിയറിങ് വകുപ്പ്, മറൈൻ സർവേ, തുറമുഖ ഉദ്യോഗസ്ഥരുമായി സംഘം ചർച്ചനടത്തി.
ബേപ്പൂർ തുറമുഖം വികസിപ്പിക്കുന്നതിൽ പ്രധാനതടസ്സമായി നിലനിൽക്കുന്നത് ഹാർബർ ബേസിനിലുള്ള ചെങ്കൽപ്പാറകളാണ്. ഈ പാറകൾ പൊളിച്ചുനീക്കി വാർപ്പിന് കൂടുതൽ ആഴമുണ്ടാക്കിയാൽ മാത്രമേ വൻ കപ്പലുകൾക്ക് തുറമുഖത്ത് അടുക്കാൻകഴിയുകയുള്ളൂ. അതിനാൽ തുറമുഖത്ത് മണ്ണുമാന്തിക്കപ്പൽ ഉപയോഗിച്ച് മണ്ണുമാന്തുകയും ആധുനിക സാങ്കേതികവിദ്യയിലൂടെ ചെങ്കൽപ്പാറകൾ പൊളിച്ചുമാറ്റുകയും വേണം.
ആവശ്യമായ പാരിസ്ഥിതികപഠനത്തിന് കേന്ദ്ര ഏജൻസിയെ ഏൽപ്പിച്ചതാണ്. നടപടി ഉടൻ ആരംഭിക്കാനുള്ള നീക്കത്തിലാണ് കേരളം. മൂന്നുഘട്ടങ്ങളിലായി നടക്കുന്ന മണ്ണുമാന്തൽ, പാറപൊട്ടിക്കൽ പ്രവർത്തനത്തോടെ മാത്രമേ ബേപ്പൂർ തുറമുഖം വികസനപാതയിലേക്ക് വരുകയുള്ളൂ.
നേരത്തേ 11.80 കോടിയുടെ ഫണ്ടും ഭരണാനുമതിയും മണ്ണുമാന്തൽപ്രക്രിയ പൂർത്തിയാക്കാൻ ലഭിച്ചതാണ്. പക്ഷേ, പാരിസ്ഥിതിക പഠനറിപ്പോർട്ട് ലഭിച്ചാലേ വികസനപ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കാൻ കഴിയുകയുള്ളൂ.
സിൽക്ക് ഭൂമിയും ഹാർബറിലെ നിലവിലുള്ള സ്ഥലങ്ങളും സംഘം പരിശോധിച്ചു.
നേരത്തേ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തിയിരുന്ന യാത്രക്കപ്പലുകളും ചരക്കുകപ്പലുകളും പുനഃസ്ഥാപിക്കാനുള്ള നടപടികളും സർക്കാർ പരിഗണനയിലാണ്.നേരത്തേ 1.6 ലക്ഷം ടൺ ചരക്ക് കൈകാര്യംചെയ്തിരുന്ന ബേപ്പൂർ തുറമുഖം കഴിഞ്ഞതവണ 1.1 ലക്ഷം ടൺ ചരക്കിലേക്ക് കുറഞ്ഞിരുന്നു. ഇതിന് കാരണം തുറമുഖത്തേക്ക് കപ്പൽകമ്പനികൾ ചരക്കുകൊണ്ടുവരാൻ മടിക്കുന്നതാണ്. കണ്ടെയ്നർ കപ്പലുകൾ വരുത്താനും തീരദേശ ചരക്കുകപ്പൽ സർവീസ് തുടങ്ങാനുമാണ് തുടക്കത്തിൽ നീക്കം.
ചർച്ചയിൽ പോർട്ട് ഓഫീസർ ക്യാപ്‌റ്റൻ ഹരി അച്യുതവാരിയർക്ക് പുറമേ ഹാർബർ എൻജിനിയറിങ് വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർ ജിത്തു, മറൈൻ സർവേയർ വർഗീസ്, ഡെപ്യൂട്ടി കളക്ടർ സുബിൻ, പോർട്ട് അസി. എക്സിക്യുട്ടീവ് എൻജിനിയർ ഹഫീഫ്, തുറമുഖ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: High-level government delegation inspected Beypore Port for infrastructure upgrades., Removal of rocky beds in the harbor basin is critical for accommodating large vessels., Environmental impact study by a central agency is currently pending., Focus on restoring cargo and passenger services to Lakshadweep.
Published: 25 Jul 2026, 07:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented