ബേപ്പൂര്‍: നാലുവര്‍ഷം തുടര്‍ച്ചയായി പങ്കെടുത്ത അന്താരാഷ്ട്ര ജലോത്സവം അരങ്ങേറിയ ബേപ്പൂര്‍, ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആഗോള സുസ്ഥിരവിനോദകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു.

To advertise here,

നെതര്‍ലന്‍ഡ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൂര്‍ഗ്രീന്‍ ഡെസ്റ്റിനേഷന്‍ ഓര്‍ഗനൈസേഷന്റെ ആഗോളപട്ടികയിലാണ് ബേപ്പൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. പട്ടികയില്‍ തമിഴ്നാട്ടിലെ മഹാബലിപുരവും രണ്ടാംസ്ഥാനത്തെത്തി.

ഏഷ്യാ പസഫിക് നഗരങ്ങളുടെ സമ്മേളനം ഈ മാസാവസാനം ദുബായില്‍ നടക്കുമ്പോള്‍ ബേപ്പൂരിന് സുസ്ഥിരവിനോദസഞ്ചാര ഫോറത്തിലെ അംഗീകാര സാക്ഷ്യപത്രം സമ്മാനിക്കും.

ബേപ്പൂരിന്റെ ചരിത്രപൈതൃകം, നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ഉരുനിര്‍മാണം, സാഹിത്യം, വിനോദസഞ്ചാര സര്‍ക്യൂട്ട് പ്രകൃതിയെയും സമൂഹത്തെയും പരിഗണിച്ചുള്ള സുസ്ഥിരവിനോദസഞ്ചാരവികസനം എന്നീ ഘടകങ്ങളാണ് ബേപ്പൂരിന് ആഗോളസ്ഥാനം കൈവരിക്കാന്‍ സഹായിച്ചത്.

സുസ്ഥിരവികസനലക്ഷ്യങ്ങള്‍ ഉള്‍പ്പെടുന്ന മുപ്പതു സൂചികകളുടെ റിപ്പോര്‍ട്ട് ഇതിനായി സമര്‍പ്പിച്ചിരുന്നു. കെടിഡിസിയുടെ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ബേപ്പൂര്‍ മറീനയില്‍ വിനോദസഞ്ചാരം സംബന്ധിച്ച പ്രവൃത്തികള്‍ ഏകോപിപ്പിച്ചത്. കഴിഞ്ഞ നാലുവര്‍ഷമായി നടന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്, ബേപ്പൂര്‍ നിയോജകമണ്ഡലം എംഎല്‍എയായ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് നടന്നത്.

അടിസ്ഥാനസൗകര്യവികസനം, ചാമ്പ്യന്‍ ലീഗ്, വള്ളംകളി, സാംസ്‌കാരിക-സാഹിത്യ-ഉത്തരവാദിത്വ വിനോദസഞ്ചാര പദ്ധതികള്‍ തുടങ്ങിയവയെല്ലാം േലാക വിനോദസഞ്ചാരഭൂപടത്തില്‍ ബേപ്പൂരിനെ അടയാളപ്പെടുത്താന്‍ കാരണമാവുകയായിരുന്നു.