ന്യൂഡൽഹി: യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾ അവരുടെ ഷെഡ്യൂളുകളിൽ മാറ്റങ്ങൾ വരുത്തിയെന്നും മാർച്ച് നാലിന് 58 വിമാനങ്ങൾ പശ്ചിമേഷ്യയിലേക്ക് സർവീസ് നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം. കുടുങ്ങിക്കിടക്കുന്നവരുടെ യാത്ര സുഗമമാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷിതമായ നീക്കം ഉറപ്പാക്കാൻ ആവശ്യാനുസരണം വിമാനക്കമ്പനികൾ ശേഷി വർധിപ്പിക്കുകയും വിദേശ വ്യോമയാന അധികാരികളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

To advertise here,

"മാർച്ച് മൂന്നിന് ഇന്ത്യൻ വിമാനക്കമ്പനികൾ 24 സർവീസുകൾ നടത്തി. ഇതുകൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എമിറേറ്റ്സും എത്തിഹാദും ഗൾഫിൽ നിന്ന് ഒൻപത് സർവീസുകളും നടത്തി. വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഈ കാലയളവിൽ ടിക്കറ്റ് നിരക്കിൽ അനാവശ്യമായ വർധനവ് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ നിരക്കുകൾ നിരീക്ഷിച്ചു വരികയാണ്", മന്ത്രാലയം വ്യക്തമാക്കി.

"ഇൻ്റിഗോ 30ഉം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും 23ഉം ഉൾപ്പെടെയുള്ള 58 വിമാനങ്ങൾ മാർച്ച് നാലിന് സർവീസ് നടത്താൻ പദ്ധതിയിടുന്നു. ഇന്ത്യയും ഗൾഫ് മേഖലയും തമ്മിൽ പ്രവർത്തിക്കുന്ന വിദേശ കാരിയറുകളും പ്രവർത്തന, വ്യോമാതിർത്തി പരിഗണനകൾക്ക് വിധേയമായി പരിമിതമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും വ്യോമയാന മന്ത്രാലയം കൂട്ടിച്ചേർത്തു.

"നിലവിലെ സാഹചര്യങ്ങൾ കാരണം ഇതുവരെ, ഇന്ത്യൻ കമ്പനികൾ 1221 വിമാനങ്ങളും വിദേശ കമ്പനികൾ 388 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച ഇന്ത്യൻ വിമാനക്കമ്പനികൾ 104 അന്താരാഷ്ട്ര സർവീസുകളാണ് റദ്ദാക്കിയത്. പശ്ചിമേഷ്യയിലെ പ്രതിസന്ധി കാരണം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1,117 അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി.

സേവനം പുനരാരംഭിക്കൽ, ബുദ്ധിമുട്ടിലായ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ വിമാനക്കമ്പനികൾ, വിമാനത്താവള ഓപ്പറേറ്റർമാർ, റെഗുലേറ്ററി അധികാരികൾ, വിദേശകാര്യ മന്ത്രാലയം എന്നിവരുമായി നിരന്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.