തിരുവമ്പാടി: പച്ചപുതച്ച കൂറ്റന്‍മലനിരകള്‍, ഉരുളന്‍ പാറക്കെട്ടുകളിലൂടെ നുരഞ്ഞുപതഞ്ഞുവരുന്ന കാട്ടുചോല, ശില്പഭംഗിയാര്‍ന്ന പാറക്കൂട്ടങ്ങള്‍, പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍. മഴതോര്‍ന്നനേരം മലനിരകളില്‍ കോടയിറങ്ങും. ഒപ്പം ചെറിയതണുപ്പും ഇളംകാറ്റും. തെളിനീരിലേക്ക് ഊളിയിടുമ്പോള്‍ ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല. ഇങ്ങനെയെല്ലാം സഞ്ചാരികളുടെ മനംകവരുന്ന ഉറുമി വിനോദസഞ്ചാരഭൂപടത്തില്‍ ഇടംതേടുകയാണ്.

മലയോര കുടിയേറ്റമേഖലയുടെ സമഗ്രവികസനത്തിന് വഴിയാരുക്കുന്ന മലയോരഹൈവേ യാഥാര്‍ഥ്യമാകുമ്പോള്‍ സമീപപ്രദേശമായ ഉറുമിയുടെ വിനോദസഞ്ചാരസാധ്യതകൂടെ പരിഗണിക്കപ്പെടണമെന്ന ആവശ്യം ശക്തമാകുന്നു. 18 വര്‍ഷംമുമ്പ് വൈദ്യുതിബോര്‍ഡ് രണ്ട് ചെറുകിട ജലവൈദ്യുതപദ്ധതികള്‍ തുടങ്ങിയതോടെയാണ് ഉറുമി കൂടുതല്‍ ജനകീയമാകുന്നത്. കയാക്കിങ് മത്സരവേദികൂടിയാണ് ഇപ്പോള്‍ ഇവിടം.

തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണ് ഈ ഭൂപ്രദേശം. നാലില്‍ മൂന്നുഭാഗവും കൂടരഞ്ഞി പഞ്ചായത്തിന് കീഴില്‍. കോഴിക്കോട് നഗരത്തില്‍നിന്ന് കൂടരഞ്ഞിവഴി 48 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൂവാറന്‍തോടിലെത്താം. പൂവാറന്‍തോടിന്റെ താഴ്‌വരയിലാണ് ഉറുമി വെള്ളച്ചാട്ടം. ഒട്ടേറെ റിസോര്‍ട്ടുകളുണ്ട് പൂവാറന്‍തോടില്‍. പൂവാറന്‍തോടിലേക്കുള്ള ആദ്യകാഴ്ചയായ ഉറുമിഡാമും സമീപത്തെ ചെറുവെള്ളച്ചാട്ടങ്ങളും മനോഹരം. മേടപ്പാറ, ഉടുമ്പ് പാറ എന്നിവയും ദൃശ്യവിരുന്നൊരുക്കുന്നു. ആഴം തിട്ടപ്പെടുത്താന്‍ കഴിയാത്ത കിണര്‍ ആകൃതിയില്‍ രണ്ടു വന്‍കയങ്ങളുണ്ടിവിടെ.

ജില്ലയില്‍തന്നെ ഏറ്റവുംകൂടുതല്‍ ജാതിക്കൃഷി നടക്കുന്നതിവിടെയാണ്. ഡി.ടി.പി.സി.യുടെയുംമറ്റും നിയന്ത്രണമില്ലാത്തതിനാല്‍ പതങ്കയത്തും ഉറുമിയിലും സഞ്ചാരികള്‍ക്ക് യഥേഷ്ടം വിഹരിക്കാം. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും വഴിവെക്കുന്നു. ആഴമേറിയ ചുഴികളില്‍പ്പെട്ട് നിരവധി ജീവനുകളാണ് ഇതിനകം പൊലിഞ്ഞത്. സുരക്ഷാജീവനക്കാരാരും ഇവിടെയില്ല.

ഉറുമിയെ വിനോദസഞ്ചാര ഭൂപടത്തില്‍പെടുത്തുന്നതിനായി സര്‍ക്കാര്‍തലത്തില്‍ പദ്ധതികളാവിഷ്‌കരിക്കണമെന്നും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഏറ്റെടുത്ത് സുരക്ഷിത വിനോദസഞ്ചാര കേന്ദ്രമാക്കിമാറ്റണമെന്നും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അഭിപ്രായപ്പെട്ടു. 'തുഷാരഗിരി അരിപ്പാറ മാതൃകയില്‍ ഡി.ടി.പി.സി. പദ്ധതി നടപ്പാക്കണം. ആനക്കാംപൊയില്‍ മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ മലപ്പുറത്തുനിന്നും കോഴിക്കോടുനിന്നും കര്‍ണാടകയിലേക്കുള്ള ദൂരം ഗണ്യമായി കുറയും. കക്കാടാംപൊയില്‍നിലമ്പൂര്‍ റോഡ് യാഥാര്‍ഥ്യമായതോടെ സമീപജില്ലകളില്‍ നിന്നടക്കം ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്.'- പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു

സംസ്ഥാന ടൂറിസം, പൊതുമരാമത്ത്, വനംമന്ത്രിമാര്‍ ജില്ലയില്‍ നിന്നുതന്നെയുള്ളവരായതും സ്ഥലം എം.എല്‍.എ. കൂടരഞ്ഞി പഞ്ചായത്തുകാരനായതും മലയോരത്തെ ടൂറിസംവികസനത്തിന് പ്രതീക്ഷ പകരുന്നുണ്ട്.

Content Highlights: Urumi Waterfalls in Thiruvambady, Kozhikode, Kerala Tourism, New Destination