ലോകപ്രശസ്തമായ സംഗീത മേളകളിലൊന്നാണ് അരുണാചല്‍ പ്രദേശിലെ സിറോ താഴ്‌വരയില്‍ വെച്ച് നടക്കാറുള്ള സിറോ മ്യൂസിക് ഫെസ്റ്റിവല്‍. എന്നും സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്ന സീറോ വാലി എല്ലാ വര്‍ഷവും സെപ്തംബര്‍ മാസം ഫെസ്റ്റിവല്‍ ആരംഭിക്കുന്നതോടെ സംഗീതത്തില്‍ പൂര്‍ണമായും അലിയുന്നു. ലോകപ്രശസ്തമായ ഗായകരും ബാന്‍ഡുകളും പങ്കെടുക്കുന്ന ഈ മേളയുടെ ഭാഗമാവാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളും സംഗീതാസ്വാദകരും അരുണാചലിലെ ഈ കൊച്ചു ഗ്രാമത്തിലെത്തിച്ചേരും.
സീറോ ഗ്രാമത്തിലെ അതിമനോഹരമായ മലയോരങ്ങളിലും താഴ്‌വാരങ്ങളിലുമായി തയ്യാറാക്കിയ പ്രകൃതിയോടിണങ്ങിയ വേദികളിലാണ് സംഗീത പരിപാടികള്‍ അരങ്ങേറുക. പ്രകൃതിയും സംഗീതവും സാഹസികതയുമെല്ലാം സമ്മേളിക്കുന്ന അപൂര്‍വമായ അനുഭവമാണ് ഫെസ്റ്റിവല്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. സംഗീതത്തോടൊപ്പം പ്രാദേശിക സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും പ്രദര്‍ശനങ്ങളും യാത്രാ പാക്കേജുകളും ഒക്കെ ഫെസ്റ്റിവലിന്റെ ഭാഗമാണ്. വലിയ വേദികളോ പ്രകാശസംവിധാനങ്ങളോ ഇല്ലാതെ പ്രകൃതിയുടെ മടിത്തട്ടില്‍ നടക്കുന്ന ഈ സംഗീതമേള ലോകത്ത് തന്നെ അപൂര്‍വമാണ്.
ആവേശം കൊള്ളിക്കാന്‍ ഡബ്‌സിയും ഹനുമാന്‍ കൈന്‍ഡും
ലോകത്തിന്റെ വിവിധ ഭാഗമങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരുടെ ശ്രദ്ധേയമായ ലൈനപ്പാണ് ഇത്തവണത്തെ ഫെസ്റ്റിന്റെ പ്രത്യേകത. മുന്‍ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഒന്നിലധികം മലയാളി ഗായകരും ഇത്തവണ ഫെസ്റ്റിവലിന്റെ ഭാഗമാവുന്നുണ്ട്. ഒറ്റപ്പാട്ടിലൂടെ ലോകപ്രശസ്തനായി മാറിയ ഹനുമാന്‍ കൈന്‍ഡ് എന്ന പേരിലറിയപ്പെടുന്ന സൂരജ് ചെറുകാട്ടാണ് ഇത്തവണത്തെ ശ്രദ്ധേയ താരം. മലപ്പുറത്തെ പൊന്നാന്നിയില്‍ ചിത്രീകരിച്ച ബിഗ് ഡോഗ്‌സ് എന്ന ട്രാക്കാണ് സൂരജിനെ പ്രശസ്തനാക്കിയത്. സെപ്തംബര്‍ 28നാണ് ഹനുമാന്‍ കൈന്‍ഡ് സീറോ ഫെസ്റ്റിവലിന്റെ ഭാഗമാവുക.
തല്ലുമാല എന്ന സിനിമയിലെ മണവാളന്‍ തഗ് എന്ന ഗാനത്തിലൂടെ മലയാളം റാപ്പില്‍ സ്വന്തമായി ഇടം കണ്ടെത്തിയ കലാകാരനാണ് ഡബ്‌സി. ഡബ്‌സിയുടെ പാട്ടുകള്‍ കേരളവും കടന്ന് പോകുന്നതിനുള്ള തെളിവാണ് ഇത്തവണത്തെ സീറോ ഫെസ്റ്റിവലില്‍ കിട്ടിയിരിക്കുന്ന ക്ഷണം. മൂന്നാം ദിവസമായ സെപ്തംബര്‍ 28നാണ് ഡബ്‌സി പെര്‍ഫോം ചെയ്യുക. ഇവര്‍ക്ക് പുറമെ മലയാളി വേരുകളുള്ള നാടോടി റോക്ക് ബാന്‍ഡായ ഗൗളി സെപ്തംബര്‍ 29 നും ഫെസ്റ്റിവലിന്റെ ഭാഗമാവും.
ടിക്കറ്റ് നിരക്ക്
ഇത്തവണത്തെ സിറോ മ്യൂസിക് ഫെസ്റ്റിവല്‍ സെപ്തംബര്‍ 26 മുതല്‍ 29 വരെ നാല് ദിവസങ്ങളായാണ് നടക്കുക. ടിക്കറ്റ് വഴിയാണ് ഫെസ്റ്റിവലില്‍ പ്രവേശനം അനുവദിക്കുക. നാല് ദിവസത്തേക്കായുള്ള ടിക്കറ്റും ഒരു ദിവസത്തേക്ക് മാത്രമായുള്ള ടിക്കറ്റും ലഭിക്കും. നാല് ദിവസത്തെ ഫെസ്റ്റിവല്‍ പാസിന് ആകെ 8,500 രൂപയാണ് നിരക്ക്. ഒരു ദിവസത്തേക്ക് മാത്രമായിട്ടാണെങ്കില്‍ 2600 രൂപ മുതല്‍ 3500 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
സീറോയിലെത്താന്‍
പ്രത്യേക അനുമതിയോടെ മാത്രമേ പുറത്തുനിന്നുള്ളവര്‍ക്ക് അരുണാചല്‍ പ്രദേശിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളു. ഇന്ത്യക്കാര്‍ക്ക് ഇന്നര്‍ ലൈന്‍ പെര്‍മിറ്റും വിദേശികള്‍ക്ക് സംരക്ഷിത ഏരിയ പെര്‍മിറ്റും ആവശ്യമാണ്. ഓണ്‍ലൈനായും വിവിധ നഗരങ്ങളിലെ അരുണാചല്‍ ഭവന്‍ വഴിയും പെര്‍മിറ്റുകള്‍ എടുക്കാം. ന്യൂഡല്‍ഹി, ഷില്ലോങ്, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളിലാണ് അരുണാചല്‍ ഭവനുകളുള്ളത്.
സീറോ വാലിയില്‍ എത്തിച്ചേരല്‍ ഒട്ടും എളുപ്പമുള്ള കാര്യമല്ല. തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് രണ്ടര മണിക്കൂര്‍ യാത്രയാണ് ഇങ്ങോട്ടുള്ളത്. ഇറ്റാനഗറില്‍ നിന്ന് ഷെയര്‍ ജീപ്പുകളിലുള്ള യാത്രയാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കാറുള്ളത്. അരുണാചലിലെ മാന്ത്രിക ഗ്രാമമെന്നറിയപ്പെടുന്ന സിറോയില്‍ നിരവധി അത്ഭുത കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
Content Highlights: ziro music festival 2024 dabzee hanumankind
Published: 19 Sept 2024, 05:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented