അഞ്ചുവര്‍ഷമായി തൊള്ളായിരംകണ്ടിയില്‍ ജീപ്പ് ഡ്രൈവറാണ് ഫൈസല്‍. പക്ഷേ, ഇത്തരത്തിലൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത് ഇതാദ്യമാ ണെന്ന് അദ്ദേഹം പറയുന്നു.
തൊള്ളായിരംകണ്ടിയിലിപ്പോള്‍ 200-ഓളം വണ്ടികളേയുള്ളൂ. കഴിഞ്ഞവര്‍ഷം ഈ സമയത്ത് ഒരു ജീപ്പിന് നാല്, അഞ്ച് ട്രിപ്പുകള്‍വരെ കിട്ടിയിരുന്നതാണ്. ആ സ്ഥാനത്തിപ്പോള്‍ ഒരു ട്രിപ്പ് കിട്ടിയാലായി. തൊള്ളായിരംകണ്ടിയില്‍ ജീപ്പോടിച്ചുകിട്ടുന്ന വരുമാനത്തിലാണ് എല്ലാവരും കുടുംബം നോക്കുന്നത്. പലരും വായ്പയെടുത്താണ് വാഹനങ്ങള്‍ വാങ്ങിയത്.
വായ്പ തിരിച്ചടയ്ക്കാന്‍പോലും ഇപ്പോഴാവുന്നില്ല. ഈ വേനലവധിക്കാലത്തെങ്കിലും ആരെങ്കിലുമൊക്കെ വരുമെന്ന പ്രതീക്ഷയിലാണ് ഫൈസല്‍.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് മുന്‍പ് ജില്ലയുടെ വിവിധഭാഗങ്ങളിലായി അഞ്ച് റിസോര്‍ട്ടുകളുണ്ടായിരുന്നു അന്‍വറിന്. ഇപ്പോള്‍ മീനങ്ങാടിയില്‍ ഒരു റിസോര്‍ട്ടുമാത്രം. പ്രതിസന്ധി കാരണം നാല് റിസോര്‍ട്ടുകളും അടച്ചു. തുറന്നിരിക്കുന്നതിലും മതിയായ ബുക്കിങ്ങില്ല. ജീവനക്കാരുടെ എണ്ണം പകുതിയായി കുറച്ചു. കിട്ടുന്ന വരുമാനം ശമ്പളം കൊടുക്കാനും ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനും നിത്യച്ചെലവിനു പോലും സാധിക്കുന്നില്ല. ദുരന്താനന്തരംവന്ന പ്രതിസന്ധിയെ മറികടക്കാന്‍ റിസോര്‍ട്ടുകള്‍ വിറ്റൊഴിച്ചിട്ടും പ്രയാസമൊഴിയുന്നില്ല, ഇനിയെന്തെന്ന ആശങ്കയിലാണ് അന്‍വര്‍.
കഴിഞ്ഞ 18 വര്‍ഷത്തോളമായി ബാണാസുരസാഗര്‍ ഡാംസൈറ്റിന് മുന്നില്‍ ഫാന്‍സിക്കട നടത്തുകയാണ് മുസ്തഫ. അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ഇത്രയും സഞ്ചാരികള്‍ കുറഞ്ഞൊരു വേനലവധിക്കാലമില്ല. കടയില്‍നിന്ന് കിട്ടുന്നതുകൊണ്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തംനടന്ന മാസങ്ങളില്‍ കട പൂര്‍ണമായും അടച്ചിടേണ്ട അവസ്ഥയായിരു ന്നു. ആ സമയത്ത് സാമ്പത്തികമായി വളരെയധി കം ബുദ്ധിമുട്ടി.
കടയിലേക്ക് എടുത്ത സാധനങ്ങളുടെ പണംപോലും കൊടുക്കാന്‍ പറ്റിയില്ല. ഇപ്പോള്‍ ഇവിടേക്ക് ഇവിടേക്ക് ആളുകള്‍വന്ന് തുടങ്ങിയിട്ടുണ്ട്. മുസ്തഫ പ്രതീക്ഷയിലാണ്.
വയനാടിന്റെ വിവിധഭാഗങ്ങളില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ അനുഭവങ്ങളാണ്. ഈ വാക്കുകളില്‍ തെളിയുന്നുണ്ട് വയനാട് ടൂറിസം മേഖല അനുഭവിക്കുന്ന പ്രതിസന്ധി. പ്രത്യക്ഷത്തില്‍ റിസോര്‍ട്ടുകളും ടൂറിസം കേന്ദ്രങ്ങളും അടച്ചിടുന്നത് മാത്രമേ ശ്രദ്ധയില്‍പ്പെടൂ. എന്നാല്‍ പിന്നാമ്പുറക്കാഴ്ചകള്‍ ഭയാനകമാണ്. ജില്ലയില്‍ വലിയൊരുവിഭാഗം ജനം ഉപജീവനത്തിനായി ടൂറിസംമേഖലയെ ആശ്രയിക്കുന്നുണ്ട്. ഹോംസ്റ്റേ സ്റ്റാഫ്, താത്കാലിക ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, ചെറുകിട കച്ചവടകേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍, കുടുംബശ്രീയില്‍ നിന്നുംമറ്റും വായ്പയെടുത്ത് തുടങ്ങിയ വനിതാസംരംഭങ്ങള്‍, ഹോട്ടല്‍ത്തൊഴിലാളികള്‍, ഡിടിപിസി കേന്ദ്രങ്ങളിലുള്‍പ്പെടെയുള്ള കരാര്‍ജീവനക്കാര്‍...അങ്ങനെയേറെ. സ്വാഭാവികമായും ചെലവുചുരുക്കല്‍ നടപടികള്‍ ഇവരുടെ തൊഴില്‍നഷ്ടത്തിലേക്കാണ് എത്തിയത്. കരാര്‍ തൊഴിലാളികളില്‍ വലിയൊരു ശതമാനം സ്ത്രീകളായിരുന്നു. പല കുടുംബങ്ങളുടെയും ഏകവരുമാനമാര്‍ഗം കൂടിയാണ് അടഞ്ഞുപോയത്. പലര്‍ക്കും സ്ഥിരവരുമാനത്തിനുള്ളവക കണ്ടെത്താന്‍പോലും ഇതുവരെയും കഴിഞ്ഞിട്ടില്ല.
ദുരന്തത്തിന് ശേഷമുള്ള മാസങ്ങളില്‍ പല റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും തൊഴിലാളികളുടെ എണ്ണം കുറച്ചു. നേരത്തേ അഞ്ച് മുതല്‍ 10 വരെ തൊഴിലാളികളുണ്ടായിരുന്ന പല സ്ഥാപനങ്ങളിലും ഇന്ന് രണ്ടോ മൂന്നോ പേര്‍ മാത്രമായി ചുരുങ്ങി. അത്രയും പേരെ ജോലിയില്‍നിന്ന് ഒഴിവാക്കുമ്പോള്‍ പലര്‍ക്കും മറ്റ് വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതായിവരുന്നു. വര്‍ഷങ്ങളായി ഈമേഖലയില്‍ ജോലിചെയ്തിരുന്ന പലര്‍ക്കും കനത്ത തിരിച്ചടികളാണ് നേരിടേണ്ടിവന്നത്.
മാതൃകയാക്കാം വൈത്തിരി ഹബ്
കുടുംബമായെത്തി ഒന്നോ രണ്ടോ ദിവസം റിസോര്‍ട്ടുകളില്‍ മുറിയെടുത്ത് താമസിക്കുന്നതായിരുന്നു മുന്‍പ് വയനാട്ടിലെത്തുന്ന സഞ്ചാരികളുടെ പതിവ്. ഇപ്പോഴത് രാവിലെവന്നു രാത്രി മടങ്ങുന്ന രീതിയില്‍ ഒരു പകല്‍ ചെലവഴിക്കുകയെന്നായി.
എന്തായാലും എത്തുന്ന സഞ്ചാരികളെ വ്യാപൃതരാക്കുന്നതില്‍ വൈത്തിരിയാണ് വയനാടിനുള്ള ഇപ്പോഴത്തെ മാതൃക. പുക്കോട് തടാകം, എന്‍ ഊര്‍, വാട്ടര്‍ തീംപാര്‍ക്ക്, കുട്ടികള്‍ക്കുള്ള മറ്റു അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, കാര്‍ റേസിങ് ട്രാക്കുകള്‍, ഷോപ്പിങ് മാര്‍ക്കറ്റുകള്‍, ഹണി മ്യൂസിയം, തേയിലത്തോട്ടങ്ങള്‍ക്കു മുകളിലുടെ സിപ്‌ലൈന്‍, മറ്റു സാഹസിക റൈഡുകള്‍, ഇനി താമസിക്കാനാണെങ്കില്‍ ഏതു ബജറ്റിലും റിസോര്‍ട്ടുകളും ഹോംസ്റ്റേകളും. വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്കു വേണ്ടതെല്ലാം ലക്കിടി മുതല്‍ വൈ ത്തിരിവരെയുള്ള ഇത്തിരി ദൂരത്തിലുണ്ട്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നതും സമയവും പണവും ചെലവഴിക്കുന്നതും വൈത്തിരിയിലാണ്. ജില്ലയിലെ മറ്റുകേന്ദ്രങ്ങളിലേക്ക് ആളുകള്‍ പോകാതെ കുടക് സ്ഥലങ്ങളിലേക്ക് പോകുന്ന വഴിക്ക് പലരും ഇവിടെ ഇറങ്ങുന്നത് പതിവാണ്. വളരെ കുറ ഞ്ഞ വര്‍ഷങ്ങള്‍കൊണ്ടാണ് വൈ ത്തിരി വയനാട് ടൂറിസത്തിന്റെ ഹബ്ബായി മാറിയത്.
വയനാട്ടിലേക്ക് സഞ്ചാരികള്‍ എത്തുന്നതുതന്നെ വയനാടിന്റെ സൗന്ദര്യവും ശാന്തതയും ആസ്വദിക്കാനാണ്. ദുരന്തസമയത്ത് ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിനും കാര്യമായ കുറവ് വന്നിട്ടുണ്ട്. എങ്കിലും ശക്തമായ കാമ്പെയിനുകളിലുടെയും ഓണ്‍ലൈന്‍ മാര്‍ ക്കറ്റിങ്ങിലൂടെയും വൈത്തിരിയിലെ സ്ഥാപനങ്ങള്‍ക്ക് ഒരുപരിധിവരെ പ്രതിസന്ധി മറികടക്കാന്‍ സാധിച്ചിട്ടുണ്ട്.
പഴയപോലെ ആളുകള്‍വന്ന് ടിക്കറ്റെടുക്കുന്ന പതിവ് കുറഞ്ഞു. ഇപ്പോള്‍ എല്ലാവരും ഓണ്‍ലൈനായി ബുക്ക് ചെയ്തു പ്ലാന്‍ ചെയ്ത് വരുന്ന അവസ്ഥയിലേക്ക് മാറിയെന്ന് വൈത്തിരിയില്‍ സ്വകാര്യപാര്‍ക്ക് നടത്തുന്ന എം.ബി. ഷാനവാസ് പറഞ്ഞു. ദേശീയപാതയ്ക്ക് ഇരുവശത്തുമുള്ള റോഡില്‍നിന്നുതന്നെ പ്രധാന കേന്ദ്രങ്ങളിലേക്ക് കവാടമൊരുക്കാനായെന്നതും എന്‍ ഊര്, പൂക്കോട് തടാകം എന്നിവയുടെ സാന്നിധ്യവും വൈത്തിരിക്ക് അനുകൂ ലഘടകവുമായി.
Content Highlights: Wayanad Tourism Crisis: Impact on Locals
Published: 12 Apr 2025, 08:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented