സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതി വ്യാഴാഴ്ച എത്തും

കല്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തുനിന്ന് പുനരധിവസിപ്പിക്കേണ്ടത് 179 കുടുംബങ്ങളെ. ദുരന്തത്തെ തുടർന്ന് മേപ്പാടി ഗ്രാമപ്പഞ്ചായത്തും റവന്യൂ വകുപ്പും ചേർന്ന് പരിശോധന നടത്തി തയ്യാറാക്കിയ പ്രാഥമിക പട്ടികയിലാണ് 179 കുടുംബങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. കള്ളാടി, മീനാക്ഷി, താഞ്ഞിലോട് പ്രദേശങ്ങളിലായാണ് കുടുംബങ്ങൾ. വീടുകളും മീനാക്ഷിയിലെ പാടികളും ഈ പട്ടികയിൽ ഉൾപ്പെടും.
കുടുംബങ്ങൾ താമസിക്കുന്ന വീടുകളും മീനാക്ഷിപ്പുഴയും തമ്മിലുള്ള അകലം, ദുരന്തം നടന്ന മീനാക്ഷിയിൽനിന്ന് വീടുകളിലേക്കുള്ള ദൂരം, മണ്ണിടിച്ചിൽ അപകടസാധ്യത എന്നിവ കണക്കിലെടുത്താണ് നിലവിൽ പ്രാഥമികപട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്രാഥമികപട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളിൽ പലരും പുനരധിവാസത്തോട് വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും ഉന്നതതല ചർച്ചയ്ക്കുശേഷം പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമപട്ടിക തയ്യാറാക്കുമെന്നും മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ പറഞ്ഞു.
എട്ടാം വാർഡായ താഞ്ഞിലോടാണ് ഏറ്റവുംകൂടുതൽ കുടുംബങ്ങൾ അപകടഭീഷണി നേരിടുന്നത്. നൂറോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. പുഴയോരത്താണ് ഇവരുടെ വീടുകളുള്ളത്. മുകളിൽനിന്ന് മണ്ണിടിച്ചിലുണ്ടായാൽ താഞ്ഞിലോടുള്ളവർക്ക് അപകടസാധ്യത കൂടുതലാണെന്നും അധികൃതർ പറഞ്ഞു. മീനാക്ഷിയിൽ അപകടഭീഷണി നേരിടുന്ന 12 കുടുംബങ്ങളെ മേപ്പാടി പഞ്ചായത്ത് ഇടപെട്ട് മീനാക്ഷി എസ്റ്റേറ്റിന്റെതന്നെ സുരക്ഷിതമായ പാടിയിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ കുപ്പച്ചി ഉന്നതിയിലെ 46 കുടുംബങ്ങളിൽ അപകടഭീഷണി നേരിടുന്ന ഒരു കുടുംബത്തെയും നിലവിൽ പഞ്ചായത്ത് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മമ്മിക്കുന്ന് ഉന്നതിയിലെ ബന്ധുവീട്ടിലേക്കാണ് ഈ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
ദുരന്തത്തെ തുടർന്ന് കുടുംബങ്ങൾക്ക് സൗജന്യറേഷൻ നൽകാനും ഉത്തരവായി. എട്ട്, ഒൻപത്, പത്ത്, 11, 12 വാർഡുകളിലെ കുടുംബങ്ങൾക്കാണ് സൗജന്യ റേഷൻ അനുവദിക്കുന്നത്. കള്ളാടി, മീനാക്ഷി, താഞ്ഞിലോട്, എന്നിവരോടൊപ്പം ചൂരൽമലയിലും പുത്തുമലയിലുമുള്ളവർക്കും സൗജന്യ റേഷൻ അനുവദിക്കുന്നുണ്ട്. മണ്ണിടിച്ചിൽ ദുരന്തം കാരണം തൊള്ളായിരംകണ്ടി വിനോദസഞ്ചാരകേന്ദ്രം അടച്ചിടുകയും റിസോർട്ട്, ഹോംസ്റ്റേ തുടങ്ങിയവയുടെ പ്രവർത്തനം താത്കാലികമായി നിർത്തുകയും ചെയ്തത് കാരണം വരുമാനമാർഗം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് അഞ്ചു വാർഡുകളിലുള്ളവർക്കും സൗജന്യ റേഷൻ അനുവദിച്ചത്.
നഷ്ടപരിഹാരത്തുക ബാങ്ക് അക്കൗണ്ടിൽ
കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അതിഥിത്തൊഴിലാളികളുടെ കുടുംബത്തിന് സർക്കാർ അനുവദിച്ച നഷ്ടപരിഹാരത്തുകയായ അഞ്ചുലക്ഷം രൂപ കരാർകമ്പനി നൽകിയ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. തുകലഭിക്കേണ്ട മരിച്ചവരുടെ അനന്തരാവകാശികളുടെ വിവരങ്ങൾകൂടി ലഭ്യമായാൽ തുക കുടുംബത്തിന് കൈമാറും. അനന്തരാവകാശികളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട നടപടികൾ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അനന്തരാവകാശികളുടെ വിവരങ്ങൾ ജില്ലാഭരണകൂടവുംകൂടി പരിശോധിച്ചശേഷം തുക കൈമാറും. ദുരന്തത്തിൽ എട്ട് അതിഥിത്തൊഴിലാളികളാണ് മരിച്ചത്.
പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്നവർക്കുള്ള ചികിത്സാസഹായവും അനുവദിക്കുന്നതിനുള്ള നടപടികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പരിക്കിന്റെ തോതനുസരിച്ച് രണ്ടുലക്ഷം രൂപവരെയാണ് ചികിത്സാസഹായം.
അപകടത്തിൽ ഒൻപതുപേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേർക്ക് സാരമായ പരിക്കാണുള്ളത്.
ഓരോരുത്തരുടെയും പരിക്കും ചികിത്സയും സംബന്ധിച്ച വിവരങ്ങൾ മെഡിക്കൽ ബോർഡ് തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് സർക്കാരിലേക്ക് കൈമാറുമെന്നും അധികൃതർ പറഞ്ഞു.
വിദഗ്ധസമിതി ഇന്നെത്തും
കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതി വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് സ്ഥലം സന്ദർശിക്കും. ദുരന്തത്തിന്റെ കാരണം കണ്ടെത്തൽ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തൽ, കേന്ദ്ര പരിസ്ഥിതി-വനം -കാലാവസ്ഥാവ്യതിയാന മന്ത്രാലയം നൽകിയ അനുമതികൾ പരിശോധിക്കൽ, കരാറുകാർ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ എന്നിവ സമിതി പരിശോധിക്കും. തുരങ്കപാത നിർമാണമേഖലയിലെ സുരക്ഷാവീഴ്ചകൾ, സാങ്കേതികപ്പിഴവുകൾ, പരിസ്ഥിതി അനുമതി നടപ്പാക്കൽ എന്നിവയും സമിതി പരിശോധിക്കും. അന്വേഷണം പൂർത്തിയാക്കി ഒരുമാസത്തിനകം സമിതി സർക്കാരിന് റിപ്പോർട്ട് നൽകും.
സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, ഭൗമശാസ്ത്രജ്ഞൻ ഡോ. സി.പി. രാജേന്ദ്രൻ, പരിസ്ഥിതിശാസ്ത്രജ്ഞൻ ഡോ. വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശർമിഷ്ഠ സിങ് (ഐ.ഐ.ടി., പാലക്കാട്), ജിയോ-ടെക്നിക്കൽ എൻജിനിയറിങ് വിദഗ്ധൻ ഡോ. ശ്രീവത്സ കൊളത്തായർ (എൻ.ഐ.ടി., കർണാടക), സ്ട്രക്ചറൽ എൻജിനിയറിങ് വിദഗ്ധൻ ഡോ. എം മധു കാർത്തിക് (ഐ.ഐ.ടി., പാലക്കാട്), ടണൽ എൻജിനിയറിങ് വിദഗ്ധൻ ഡോ. അങ്കേഷ് കുമാർ (ഐ.ഐ.ടി., പാലക്കാട്) എന്നിവരടങ്ങുന്ന വിദഗ്ധസംഘമാണ് ജില്ലയിലെത്തുന്നത്.
വീടിനുമുൻപിൽ നെഞ്ചുപൊട്ടി അഷ്റഫ്
‘‘എന്റെ മക്കളെ പടച്ചോൻ കാത്തതാ’’ -മണ്ണിടിച്ചിലിൽ തകർന്ന വീടിനുമുൻപിൽ നെഞ്ചുപൊട്ടി അഷ്റഫ് നിന്നു. ‘‘വീട് പോയാൽ പോട്ടെ, എന്റെ കുട്ടികളെ തിരിച്ചുകിട്ടിയല്ലോ. ഇനിയീ നാട്ടിൽ ജീവിക്കാൻ വയ്യാ, മറ്റെവിടേക്കെങ്കിലും പോകണം. ശേഷിക്കുന്ന കാലം കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കണം’’ -പിടയുന്ന മനസ്സോടെ അഷ്റഫ് പറഞ്ഞു.
പരിശുദ്ധ ഉംറ കർമം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് അഷ്റഫും ഭാര്യ ഹസീനയും മകൾ അൻഷിദയും സൗദി അറേബ്യയിൽനിന്ന് തിരിച്ചെത്തിയത്. ജൂലായ് ഏഴിന് മീനാക്ഷിയിലുണ്ടായ മണ്ണിടിച്ചിലിൽ അഷ്റഫിന്റെ വീട് പൂർണമായും തകർന്നിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മൂത്തമകൾ ഹർഷിദയും മരുമകൻ അബ്ദുൾസഹദും പേരക്കുട്ടിയും അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
തലേദിവസമാണ് അഷ്റഫും ഭാര്യയും ഇളയമകളും ഉംറകർമത്തിന് പോയത്. ‘‘മൂത്തമകളും മരുമകനും ഞങ്ങളെ യാത്രയാക്കാൻ കോഴിക്കോട് എയർപോർട്ടിലേക്ക് വരേണ്ടതായിരുന്നു. മകൾക്ക് പനിയായതിനാൽ ഞാനാണ് എയർപോർട്ടിലേക്ക് വരേണ്ടെന്ന് പറഞ്ഞത്. വീട്ടിൽ വിശ്രമിച്ച് പനിമാറി തിരിച്ചുപോയാൽ മതിയെന്നും പറഞ്ഞു. മകളും കുടുംബവും തരുവണയിലാണ് താമസം. ഉംറകർമത്തിന് പോകുന്നതിന് രണ്ടുദിവസംമുൻപ് കള്ളാടി മഖാമിൽ പോയി തിരിച്ചുവരുമ്പോൾ മീനാക്ഷിയിൽ ചെറിയതോതിൽ മണ്ണിടിയുന്നതുകണ്ട് ഭാര്യ അപകടമുന്നറിയിപ്പ് നൽകിയിരുന്നു. നമുക്ക് മറ്റെവിടേക്കെങ്കിലും മാറിത്താമസിക്കണമെന്ന് ഭാര്യ എപ്പോഴും പറയുമായിരുന്നു. എന്റെ കാലശേഷം നീ എവിടേക്കെങ്കിലും മാറിത്താമസിച്ചോളൂ എന്നാണ് ഞാൻ ഭാര്യയോട് പറഞ്ഞിരുന്നത്’’ -അഷ്റഫ് പറഞ്ഞു.
35 വർഷത്തെ പ്രവാസജീവിതത്തിലെ സമ്പാദ്യം കൊണ്ടാണ് മീനാക്ഷിയിൽ സ്ഥലംവാങ്ങിച്ച് വീട് പണിതത്. ഏഴുവർഷം മുൻപാണ് പ്രവാസജീവിതം മതിയാക്കി മീനാക്ഷിയിലെ വീട്ടിൽ അഷ്റഫ് തിരിച്ചെത്തിയത്. ‘‘സർക്കാർ മതിയായ നഷ്ടപരിഹാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് കിട്ടിയാൽ സുരക്ഷിതമായ മറ്റൊരിടത്ത് ഒരു വീടുവെക്കണം. ഇപ്പോൾ കമ്പളക്കാട്ടെ ഭാര്യാവീട്ടിലാണ് താമസിക്കുന്നത്. മേപ്പാടിയിൽത്തന്നെ ഒരു വാടകവീട് നോക്കുന്നുണ്ട്. കിട്ടിയാൽ അവിടേക്ക് മാറണം’’ -അഷ്‌റഫ് പറഞ്ഞു.
Content Highlights: A preliminary inspection by Meppadi Grama Panchayat and the Revenue Department listed 179 families across Kalladi, Meenakshi, and Thanjilod for rehabilitation following the Kalladi landslide, while free rations were ordered for affected wards.
Published: 23 Jul 2026, 08:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented