
വയനാട് എന്ന ഗോത്രനാട് വൈവിധ്യങ്ങളുടേത് കൂടിയാണ്. അനുഷ്ഠാനങ്ങള്‍, ആചാരങ്ങള്‍, വംശീയ ഭക്ഷ്യരുചികള്‍, ജീവിതചാരുതകള്‍ അങ്ങിനെയല്ലാമായി എത്രയോ വൈവിധ്യങ്ങള്‍. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഇടനാഴികളില്‍ അടുത്തറിയാന്‍ കഴിയുന്ന വയനാടന്‍ ഗോത്ര പെരുമകളിലൂടെ ഒരു യാത്ര...
പുകമണക്കുന്ന കൂരയില്‍ പ്രകതിയോട് ഇണങ്ങിയ ജീവിതം മാത്രമായിരുന്നില്ല ആദിവാസികള്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നത്. മഹത്തായ പൈതൃകമുള്ള സംസ്‌കാരത്തിന് പുറമെ ഒട്ടനവധി ഗോത്രകലകളും ഇവരുടെ ജിവിതത്തിന് ചാരുത പകര്‍ന്നു. കെട്ടുകാഴ്ചകളും ചമയങ്ങളുമില്ലാതെ ആദിവാസികളുടെ തനത് കലകള്‍ ഇവരുടെ കുടിലിന് ചുറ്റും മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. മേളപകര്‍ച്ചയില്‍ താളം മുറുകുമ്പോള്‍ പരിഭവങ്ങളും പരാതികളുമില്ലാതെ ഇവയൊക്കെ നിറഞ്ഞാടി. അടിയരുടെ നാട്ടുഗദ്ദിക, പണിയരുടെ കൂളികെട്ട്, കുറിച്യരുടെ ഉച്ചാല്‍, കാട്ടുനായ്ക്കരുടെ ഗുഡ എന്നിവയെല്ലാം അരങ്ങൊഴിഞ്ഞു പോയി. തുടിതാളവും ചീനിക്കുഴല്‍ വിളിയും താളത്തിനൊത്ത് ചിലങ്കയുമായി പണിയരുടെ കൂളികെട്ട് ഇന്ന് അപൂര്‍വ്വമാണ്. തുടിയും ചീനിയും പോയ്മറഞ്ഞു. സാംസ്‌കാരിക പൈതൃകത്തിന്റെ ഈറ്റില്ലമായ ഗോത്രഭൂമിയില്‍ ഇന്നലെയോളം പാരമ്പര്യത്തനിമയ്ക്ക് കുടപിടിച്ചുനിന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ആധുനിക പെരുമഴയില്‍ അലിഞ്ഞ് ഇല്ലാതാവുകയാണ്. ഇവിടെ നിന്നും തുടങ്ങുകയാണ് തായ്വേരുകള്‍ മുറിഞ്ഞുപോയ ആദിവാസികളുടെ ശിഥില ജീവിതം.
വയനാടിന്റെ സംസ്‌കൃതിയിലേക്ക് ആദ്യം ഇണങ്ങിചേര്‍ന്നവരാണ് ആദിവാസികള്‍ക്കിടയില്‍ ഇന്നും തനിമ സൂക്ഷിക്കുന്ന പണിയവിഭാഗക്കാര്‍. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കെട്ടുപിണഞ്ഞ ജീവിതമായിരുന്നു ഇവരുടെ ഭൂതകാലം. ഭാഷയാലും വേഷത്തിലും ഏറെ മാറ്റങ്ങളൊന്നും വന്നിട്ടില്ലെങ്കിലും ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും പുതുതലമുറകള്‍ മുഖം തിരിച്ചുനില്‍ക്കുകയാണ്. കേരളത്തിന്റെ സംസ്‌കൃതിയില്‍ വേറിട്ടുനിന്നതാണ് ഗോത്ര കലകള്‍. അടിയാന്‍മാരുടെ നാട്ടുഗദ്ദിക, പണിയരുടെ വട്ടക്കളി, കുറിച്യരുടെ വടക്കന്‍പാട്ട്, കാട്ടുനായ്ക്കരുടെ ഗുഡ, ഇങ്ങനെ നീളുന്നു വയനാട്ടിലെ ആദിവാസികളുടെ കലകള്‍.
നാട്ടുഗദ്ദികയുടെ താളലയം
വയലുകളും വലിയ കുന്നുകളുമായി ബ്രഹ്‌മഗിരി മലനിരകളോട് ചേര്‍ന്ന് നില്‍ക്കുകയാണ് അടിയരുടെ കുടിലുകള്‍. മുമ്പ് കൂട്ടമായി താമസിച്ചിരുന്നവരില്‍ പലരും ഇപ്പോള്‍ വേറിട്ട് ജീവിതം തുടങ്ങിയിരിക്കുന്നു. ഇതിനിടയിലും പാരമ്പര്യത്തനിമ സൂക്ഷിക്കുന്ന ചെറിയ സങ്കേതങ്ങള്‍ ഇപ്പോഴുമുണ്ട്. നേരം ഇരുട്ടാനായിരിക്കുന്നു. ഇതിലൊന്നില്‍ ആചാര സവിശേഷതകളോടെ നാട്ടുഗദ്ദിക അരങ്ങേറുകയാണ്.
ചിങ്ങെ ബൊളിമാരി... ബൊട്ടക ചിക്കി
കണ്ണമ്പാടിക്കാളി... ദണ്ഡിനമാരി
ആജമൊത്ത പാനെ ..അരക്കമൊത്തപാനെ..
മണ്ണും പാലായ് പോനെ..

നെറ്റിയില്‍ കുറിവരച്ച് ചുവപ്പ് പട്ടുടുത്ത് നാട്ടുമൂപ്പന്‍ ഉറക്കെ പാടുകയാണ്. മേലാളന്റെ ഐശ്വര്യമാണ് തന്റെയും സുഖമെന്നും മേലാലാളന് ഒന്നും വരുത്തരുതേയുമെന്നാണ് ഈ വരികള്‍ പറയുന്നത്രേ. മൂപ്പന്‍ പാട്ടുപാടി അരങ്ങിനെ ഉണര്‍ത്തുമ്പോള്‍ സ്ത്രീവേഷം കെട്ടിയ പുരുഷന്‍മാര്‍ കുടിലിനകത്തുനിന്നും ഇറങ്ങുകയായി. ഒറ്റചെണ്ടയില്‍ മേളം കനക്കുന്നതിനനുസരിച്ച് ചുവടുകള്‍ക്ക് ചടുലതയും താളവും കൈവരികയായി. ഉറഞ്ഞുതുള്ളിയ മൂപ്പന്‍മാര്‍ കല്‍പ്പിക്കുന്ന വിധിയുടെ അനന്തരം ജാതി മതഭേദമന്യേ വീടുവീടാന്തരം നാട്ടുഗദ്ദിക കയറിയിറങ്ങുകയായി.
കാലം പരിഷ്‌കാരങ്ങള്‍ അതിവേഗം ഏറ്റുവാങ്ങുമ്പോള്‍ അനുഷ്ഠാനകലകള്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ് ഈ സമൂഹം. ഗദ്ദിക മൂന്ന് തരത്തിലാണ് അവതരിപ്പിക്കുന്നത്. രോഗം വന്നാല്‍ അനുഷ്ഠിക്കുന്ന നാട്ടുഗദ്ദികയാണ് ഇതില്‍ പ്രധാനപ്പെട്ടത്. പൂജാഗദ്ദിക നാട്ടുഗദ്ദികയ്ക്ക് ശേഷം അവതരിക്കപ്പെടുന്നു. വര്‍ഷം തോറും നാടിന്റെ നന്മയ്ക്കായി അവതരിപ്പിക്കുന്ന ഗദ്ദിക ഏഴുദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ്. അരിയും തേങ്ങയും മുത്താറിയുമാണ് ഗദ്ദികയ്ക്ക് വേണ്ടത്. മുറം ചാരി, ചൂരല്‍ വടിവെച്ച് കാണിക്ക അര്‍പ്പിച്ചാണ് ഈ ചടങ്ങുകള്‍ തുടങ്ങിയിരുന്നത്. ഗദ്ദിക നടത്താന്‍ സംഹാരമൂര്‍ത്തിയായ ശിവനോട് അനുവാദം ചോദിക്കുന്നതും ശ്രേഷ്ഠമായ അനുഷ്ഠാനമാണ്.

കര്‍ണ്ണാടകയില്‍ നിന്നുമാണ് അടിയാന്മാരുടെ വയനാട്ടിലേക്കുള്ള കുടിയേറ്റം. കന്നഡ കൂട്ടിക്കലര്‍ത്തിയ ഭാഷയും ജീവിതരീതിയുമാണ് ഇവരില്‍ ശേഷിക്കുന്നത്. ഏറെക്കാലും ഇവരുടെ കുടിലുകളില്‍ തന്നെയാണ് ഗദ്ദിക എന്ന കലാരൂപം ഒതുങ്ങി നിന്നത്. എന്നാല്‍ ഇവര്‍ക്കിടയിലെ കലോപാസകനും പരിഷ്‌കര്‍ത്താവുമായ പി.കെ.കാളനാണ് ഈ അനുഷ്ഠാനത്തിന്റെ അല്‍പ്പം ഭാഗമെങ്കിലും പുറംലോകത്തിനായി പരിചയപ്പെടുത്തിയത്. നമുക്കിടയില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട കലാരൂപവും അനുഷ്ഠാനവുമല്ല ഇത്. വരും തലമുറകള്‍ ഇതിനെ ഏറ്റെടുക്കണം. ഇതിനായി നാട്ടുഗദ്ദികയെ ജനസമക്ഷം അവതരിപ്പിക്കുന്നു എന്നാണ് പി.കെ.കാളന്‍ പറഞ്ഞത്. സ്വന്തം സമുദായത്തില്‍ ഇതിനോട് വിയോജിച്ച് നിന്നവരോടെല്ലാം കലഹിച്ച് നിര്‍ബന്ധബുദ്ധിയോടെ ഗദ്ദികയെ കാളന്‍ പൊതവേദിയിലേക്ക് പരിചയപ്പെടുത്തി. പിന്നീട് കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ പദവി ഏറ്റെടുത്തപ്പോള്‍ ഗദ്ദികയ്ക്കായി ഒരു അക്കാദമി സ്വന്തം നാട്ടില്‍ സ്ഥാപിക്കണമെന്നായിരുന്നു കാളന്റെ ആഗ്രഹം. എന്നാല്‍ ഇതിന മുമ്പേ ഈ കുലപതി അരങ്ങൊഴിഞ്ഞു പോയി. കാളന്റെ മരുമകന്‍ പി.കെ.കരിയന്‍ ആവുന്നപോലെ ഈ കലാരൂപത്തെ സംരക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തി. കരിയനും അരങ്ങൊഴിഞ്ഞതോടെ ഗദ്ദിക ഇനി എത്രനാള്‍ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.
കൂളിയെ കാണുന്ന പണിയര്‍

തുടിതാളവും ചീനിക്കുഴല്‍ വിളിയും താളത്തിനൊത്ത് ചിലങ്കയും. പുല്ലുമേഞ്ഞ പണിയ കുടിലുകള്‍ നിരന്ന് നില്‍ക്കുന്ന പണിയ കോളനിയില്‍ കൂളികെട്ട് നടക്കുകയാണ്. കല്യാണം, രോഗമകറ്റല്‍, വയസ്സറിയിക്കല്‍ എന്നിവയിലെല്ലാം കൂളികല്‍പ്പിച്ചു നല്‍കുന്നതാണ് ഇവരുടെ ശാസ്ത്രം. പത്തില്‍ താഴെ പണിയര്‍ വലയം ചെയ്തുകൊണ്ട് തുടി താളം മുഴക്കും. മൃഗത്തോലുകൊണ്ടുണ്ടാക്കിയ ഇടയ്ക്കക്ക് സമാനമായ തുടിയിലാണ് ആദിഗോത്രത്തിന്റെ താളം ഒഴുകി വരുന്നത്. പൂര്‍ണ്ണമായും ഇവരുടെ അലിഖിത താളബോധത്തില്‍ നിന്നുമാണ് ഈ തുടിച്ചെത്തങ്ങൽ ഉയര്‍ന്നുവരുന്നത്. മുളങ്കുഴലും ചിരട്ടയും ഉപയോഗിച്ചാണ് സുഷിരവാദ്യാമായ ചീനി ഇവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശ്വാസനിശ്വാസങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ക്കിടയില്‍ ഒന്നും പകരമില്ലത്ത ഒരു സുഷിരവാദ്യത്തെയാണ് പണിയര്‍ പരിചയപ്പെടുത്തുന്നത്.

തുടിയും ചീനിവാദ്യവും ഇടകലരുമ്പോള്‍ പണിയ സ്ത്രീകള്‍ വട്ടക്കളിയുമായി ഇറങ്ങുകയായി. ഒരറ്റം ഒരുതോളിലേക്ക് ചെരിച്ചുകെട്ടി മുട്ടോളമെത്തുന്ന വെളുത്ത മുണ്ടുടുത്ത് അരിയിലൊരു ചുവപ്പ് കച്ചയുമായി ഇവര്‍ നൃത്തമാടുന്നു. കൈകള്‍ പൊക്കി ആകാശത്തെ വലയം ചെയ്ത് താഴെ ഭൂമിയെ വലയം ചെയ്ത് വട്ടത്തില്‍ ആടുന്നതാണ് വട്ടക്കളി. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമാണ് പണിയ. ദൈവമായ കൂളിയെ സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ച് ഉറഞ്ഞുതുള്ളുന്ന ഗോത്ര കോമരങ്ങളെയാണ് ഇവര്‍ക്കിടയില്‍ കാണാനാവുക. കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ ഏഴു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളാണ് ഇവര്‍ക്കിടയില്‍ നടന്നിരുന്നത്. രാത്രിയും പകലുമായി കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്ന് നടത്തിയിരുന്ന ഈ അനുഷ്ഠാനത്തിന്റെ രീതികളെല്ലാം മാറിയിരിക്കുന്നു. സ്ഥലപരിമിതിയുള്ള കോളനിയുടെ മുററത്ത് ഇവര്‍ക്ക് ഇന്ന് ഇതിനൊന്നും സ്ഥാനമില്ല. അടിമകച്ചവടത്തിന് സാക്ഷ്യം വഹിച്ച വയനാട്ടിലെ വള്ളിയൂര്‍ക്കാവ് ഉത്സവത്തിനു പോലും ഒരുകാലത്ത് ഉത്സവ നടത്തിപ്പിനായി ഇവരുടെ വട്ടക്കളിയും ചീനിവാദ്യവും സഹകരണവും നിര്‍ബന്ധമായി വേണമായിരുന്നു. കുടിയൊഴിഞ്ഞുപോയ കലാരൂപത്തെ ബാക്കിയാക്കി മാറിയ കാലത്തിന്റെ കാഴ്ചക്കാരായി മാറുകയാണ് ഇന്ന് ഇവിടെയും ഈ സമൂഹം.
ഗുഡമനയുന്ന കാട്ടുനായ്ക്കര്‍
തായ്വേരുകള്‍ കരിഞ്ഞുണങ്ങിയ വംശനാശം നേരിടുന്ന പ്രാക്തനഗോത്ര വിഭാഗമാണിത്. ആദിവാസികളില്‍ ഏററവും പ്രാകൃതരെന്നാണ് ഇവര്‍ക്ക് സമുഹം കല്‍പ്പിച്ചു നല്‍കിയ വിശേഷണം. കാടിനുളളില്‍ തന്നെയാണ് ഇവരുടെ ജീവിത മോഹങ്ങളെല്ലാം ഒതുങ്ങിനിന്നത്. ആര്‍ക്കും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയാത്തവിധം കാടിന്റെ അകത്തളങ്ങളിലാണ് ഇവര്‍ താമസസ്ഥലം കണ്ടെത്തുക. കാട്ടുകിഴങ്ങുകളും വനവിഭവങ്ങളും ശേഖരിച്ചാണ് ഇവരുടെ ഉപജീവനം. ജീവിത വ്യഥകള്‍ മറക്കാന്‍ ഇവരിലുമുണ്ട് അനുഷ്ഠാനങ്ങളും കലാരൂപങ്ങളും. വാമൊഴിയായി കൈമാറി വന്ന ഇവരുടെ ആചാരങ്ങള്‍ ബാഹ്യലോകത്തുനിന്നും ഏറെ അകലെയാണ്. ഗുഡ മന എന്നാല്‍ കാട്ടുപന്തല്‍. ഋതുമതിയാവുന്ന പെണ്‍കുട്ടിയെ കുടിലിനു മുന്നില്‍ പച്ചിലചാര്‍ത്തുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പന്തലിലാണ് ഇവര്‍ താമസിപ്പിക്കുക. മഞ്ഞള്‍ കൊണ്ട് പൊതിഞ്ഞ് കുടുംബക്കാര്‍ ഒത്തു ചേര്‍ന്ന് കൊക്കൂണില്‍ നിന്നും ഒരു ശലഭം വിരിയുന്നതുപോലെയാണ് പെണ്‍കുട്ടിയെ കന്യകയായി സ്വീകരിക്കുക.

ചെലവേറിയ ഈ ചടങ്ങ് നടത്താന്‍ കഴിവില്ലാത്ത നായ്ക്ക കുടുംബങ്ങള്‍ക്ക് കാലങ്ങളോളം ഋുമതിയായ പെണ്‍കുട്ടിയെ ഗുഡയില്‍ തന്നെ താമസിപ്പിക്കേണ്ടി വരുന്നതും അപൂര്‍വ്വമല്ല. ലിപിയില്ലാത്ത തെലുങ്ക് കലര്‍ന്ന ഭാഷയില്‍ ഗുഡയുടെ മുന്നില്‍ ഇവര്‍ ഉയര്‍ത്തുന്ന പാട്ടുകളും ഇവരുടെ മേളങ്ങളും കാലത്തിനൊപ്പം മറയുകയാണ്. മുഖ്യധാരയിലേക്ക് പറിച്ചുനടപ്പെട്ട പല കുടുംബങ്ങള്‍ക്കു പോലും ഇതെല്ലാം ഒരു ഓര്‍മ്മ മാത്രമായി മാറി. കാട്ടു ചിലമ്പൊലികള്‍ക്കിടയില്‍ ഇവര്‍ സ്വന്തം ഭൂതകാലത്തിനെയാണ് തിരയുന്നത്.
ദൈവത്തെ പെട്ടിയിലടയ്ക്കുന്ന ഉരിഡവര്‍
കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലെ വയനാട് അതിര്‍ത്തിയിലേക്ക് പാലായനം ചെയ്തു വന്നവരാണ് ഉരിഡവകുലം. സ്വയം പര്യാപ്തമായ കാര്‍ഷിക ജീവിതവും അടിമത്തത്തിന്റെ അടിപ്പാടുകളില്ലാത്ത ഭൂതകാലവുമാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. ടിപ്പുവിന്റെ അക്രമണകാലത്ത് മൈസൂരില്‍ നിന്നുമാണ് ഇവരുടെ പലായനം. വളര്‍ത്തുമൃഗങ്ങളുടെ മുകളില്‍ കയറി അവിടെ നിന്നും ഇവര്‍ രക്ഷപ്പെട്ടെത്തിയെന്നാണ് ചരിത്രം. വയനാടന്‍ കാടുകള്‍ ഇവര്‍ക്കും അഭയമായി. ഇതിന്റെ ഓര്‍മ്മ പുതുക്കെന്നോണം ബൈരക്കുപ്പയിലെ ക്ഷേത്രത്തിനുമുന്നില്‍ വര്‍ഷം തോറും ഇവര്‍ മൂരിയോട്ടം അഥവാ ഓരി അബ്ബ നടത്താറുണ്ട്.
തുലാമാസത്തിലാണ് ദീപാവലി നാളില്‍ ഈ ഉത്സവം നടക്കുക. ദൈവകല്പിതമായ ചടങ്ങിലേക്ക് കുളിച്ച് കുറി തൊടുവിച്ച് ആടയാഭരണങ്ങളോടെയാണ് മൂരികളെ എത്തിക്കുക. ബൈരേശ്വരയില്‍ നിന്നും ബസവേശ്വരയിലേക്കാണ് ഇവരുടെ പിന്നീടുള്ള പലായനം. ചെണ്ടക്കാരുടെയും കുഴലൂത്തുകാരുടെയും അകമ്പടിയാണ് ഇതിനുണ്ടാവുക. പ്രധാന ആരാധ്യദേവതയായ കരുങ്കാളി അമ്മയെ ഇവര്‍ പെട്ടിയിലാണ് അടച്ചു സൂക്ഷിക്കുക. മുളകൊണ്ട് ഉണ്ടാക്കിയ പെട്ടിയില്‍ നിന്നും വിശേഷ അവസരങ്ങളില്‍ മാത്രം ഇവര്‍ ദൈവത്തെ പുറത്തെടുക്കുന്നു. മറ്റു വിഭാഗങ്ങളൊന്നും തങ്ങളുടെ ദൈവത്തെ തട്ടിക്കൊണ്ടുപോകാതിരിക്കാനാണ് പോലും ഇവര്‍ ദൈവത്തെയും അടച്ചിട്ട പെട്ടിയില്‍ സൂക്ഷിക്കുന്നത്.
ചിലങ്ക, കമ്മല്‍, മാല, മുക്കുത്തി, താലി, വെള്ളിമണി തുടങ്ങിയ ആഭരണങ്ങളും വാള്‍ തുടങ്ങിയ ആയുധങ്ങളും ഇവര്‍ ദൈവത്തിനൊപ്പം പെട്ടിയില്‍ തന്നെ സൂക്ഷിക്കുന്നു. അഞ്ച് എന്ന അക്കത്തിനും ഇവര്‍ അമിതമായ പ്രധാന്യം കല്‍പ്പിക്കുന്നവരാണ്. പെണ്ണുകാണല്‍ തുടങ്ങിയ ചടങ്ങുകള്‍ക്കെല്ലാം അഞ്ചുപേരടങ്ങുന്ന സംഘമാണ് പോവുക. വിവാഹ ഘോഷയാത്രയിലും മൂരികളെ അലങ്കരിച്ച് മുന്നില്‍ നടത്തുന്നതാണ് ഇവരുടെ രീതികള്‍. മുളകൊണ്ട് മെടഞ്ഞ ചുവരില്‍ മണ്ണും ചാണകവും മെഴുകിയ പുല്ലുമേഞ്ഞ വീടുകളില്‍ പച്ചകുത്തിയ ഉരിഡവ സ്ത്രീകള്‍ അതിഥികളെയെല്ലാം സ്വീകരിക്കുന്നു.
കൂടൊഴിയുന്ന കുറിച്യകുലം
കുടുംബ കാരണവരെ രാജാവിനു സമം ചേര്‍ത്ത് അനുഷ്ഠാനങ്ങളെ അനുസരിച്ചാണ് കുറിച്യര്‍ കുലമഹിമ ഉയര്‍ത്തിപിടിച്ചത്. നാലുകെട്ടിന് സമാനമായ വീടുകളും വലിയ മുറ്റങ്ങളും വിശാലമായ കളങ്ങളും ഇവരുടെ തറവാടിന് പ്രൗഢി നല്‍കി. വലത്തോട്ട് കുടുമ കെട്ടി നെറ്റിയില്‍ കുറിവരച്ച് വെറ്റില ചെല്ലവുമായി തറവാടിന്റെ മുറ്റത്ത് ഇരുന്നിരുന്ന കിറിച്യകാരണവര്‍ അലങ്കാരമായിരുന്നു. കുറിച്യകുലത്തിന്റെ വേരുകള്‍ വയനാട്ടില്‍ മാത്രമാണുളളത്. പഴശ്ശികാലഘട്ടത്തിന് മുന്‍പ് തന്നെ വയനാട്ടില്‍ വേരുപടര്‍ത്തിയതാണ് ഈ വംശവൃക്ഷം. പഴശ്ശിയുടെ പടയാളികളായതോടെ ജന്മികള്‍ക്കിടയില്‍ കുറിച്യര്‍ മുഖ്യസ്ഥാനീയരാവുകയായിരുന്നു.
നെല്ലുകുത്തുപുരകളും കന്നുകാലികളും ഇവരുടെ തറവാടിന്റെ ഐശ്വര്യമായിരുന്നു. മലക്കാരി ഇഷ്ട ദൈവമായതിനാല്‍ ആരാധനാമൂര്‍ത്തിയുടെ അനുഗ്രഹം ഒഴിച്ചുകൂടാനാവത്തതാണ്. നൂറിലധികം തിറക്കളങ്ങള്‍ ഇവരുടെത് മാത്രമായി വയനാട്ടില്‍ ഉണ്ടായിരുന്നു. പുറംകാലന്‍മാരും ദൈവങ്ങളും ആചാരനിര്‍വൃതിയോടെ തിറക്കളങ്ങളില്‍ നിറഞ്ഞാടി. നായാട്ട് നടത്തുന്ന ഏക ഗോത്രവിഭാഗമെന്ന നിലയില്‍ വയനാടിന്റെ ഗതകാലം വീരകഥകളുടെത് കൂടിയാണ്. വനവാസികളുടെ സ്വാതന്ത്ര്യം കാട്ടിനുളളില്‍ പരിമിതമായതോടെ ഇവര്‍ ഇതില്‍ നിന്നും പിന്‍തിരിഞ്ഞു നടന്നു. കാട്ടുപന്നികളെയടക്കം നായാടി വര്‍ഷത്തിലൊരിക്കല്‍ തുലാംപത്തിന് ഇവര്‍ വേട്ടക്കാലത്തിന്റെ ഓര്‍മ്മ പുതുക്കിയിരുന്നു. എന്നാല്‍ വനനിയമങ്ങള്‍ കര്‍ക്കശമായതോടെ നായാട്ട് ഇവരില്‍ നിന്നും അന്യം നിന്നു.
കാടിന്റെ കുളിരില്‍ ജീവിതം ശീലിച്ച ഇവര്‍ക്ക് ആധുനികത സമ്മാനിച്ചത് ഒറ്റപ്പെടലിന്റെ നൊമ്പരമായിരുന്നു. ആയുധങ്ങള്‍ പുതുതലമുറയ്ക്ക് അന്യമായി. വേട്ടമൃഗങ്ങളെ തേടിയുളള നായാട്ട് മുന്‍തലമുറയില്‍ നിന്നും കേട്ടുമാത്രം പരിചയം. പ്രകൃതിയോട് ഏററവും അടുത്ത ഈ ഗോത്രസമുഹം കൂട്ടുകുടുംബ വ്യവസ്ഥയെ ഗൗരവമായി കണ്ടിരുന്നു. കുടുംബത്തിലെ കാരണവര്‍ ഗുരുസ്ഥാനിയനാണ്. ഭയഭക്തിയോടെ കാരണവരുടെ ആജ്ഞകള്‍ അനുസരിക്കുന്നതാണ് കുറിച്യകുലത്തിന് ശീലം. തൊട്ടുകൂടായ്മയും തീണ്ടലും ഇവരുടെ ആചാരത്തിന്റെ ഭാഗമാണ്. മറ്റുജാതിക്കാരുടെ ഇടയില്‍ ഇടപെട്ടാല്‍ ദേഹശുദ്ധി വരുത്തി മാത്രമാണ് ഇവര്‍ വീട്ടില്‍ കയറുക. മറ്റ് ആദിവാസികളെ വഴിവക്കില്‍ കണ്ടുമുട്ടിയാല്‍ തീണ്ടലകറ്റാന്‍ ഒരുവാര അകലെത്തേക്ക് ഓടിമറയുന്ന കുറിച്യകാരണവര്‍ ഒരുകാലത്ത് വയനാടിന്റെ തനത് കാഴ്ചയായിരുന്നു.

ഭാഷയിലും വേഷത്തിലും കുറിച്യര്‍ക്ക് വ്യത്യസ്തമായ ശൈലിയുണ്ട്. കുടുമ കെട്ടിയ കുലപാരമ്പര്യം ഈ ആദിവാസിവിഭാഗത്തിന് സ്വന്തമാണ്. കാലം മാറിയപ്പോള്‍ ശീലവും മാറി. പുതുതലമുറകള്‍ ഇതില്‍ നിന്നെല്ലാം വഴിമാറി നടക്കുകയാണ്. മുത്താറിയും ചാമയും കൃഷിചെയ്യുകയും ഇതു തന്നെ ഭക്ഷണമാക്കുകയും ചെയ്തതാണ് ഇവരുടെ മുന്‍തലമുറ. കഠിനാദ്ധ്വാനത്തിന്റെ ഫലമായി ഭൂമിയില്‍ കനകം വിളഞ്ഞപ്പോള്‍ സമ്പന്നമായത് ഇവരുടെ ഭൂതകാലമായിരുന്നു. നീളന്‍ വരാന്തകളുളള വലിയ വീടുകളും വീടിനോടി ചേര്‍ന്ന് കൂറ്റന്‍ ആലകളും കുറിച്യത്തറവാടുകളുടെ അടയാളമായിമാറി. കാര്‍ഷിക നന്മയുടെ പോയകാലത്തോടപ്പം വിസ്മൃതിയിലാവുന്ന കുറിചൃകുലത്തിന്റെ ജീവിത പരിസരങ്ങളും അടിവരയിടുന്നത് ഒന്നിനും പകരം വെക്കാനില്ലാത്ത സംസ്‌കാരമാണ്. വേരുകള്‍ കരിഞ്ഞുണങ്ങി കുടുംബബന്ധങ്ങള്‍ ചിതറുമ്പോള്‍ ശിഥില ചിത്രമാവുകയാണ് വയനാടിനോളം പഴക്കമുളള ആദിവാസികളുടെ ജീവിത ചാരുതകള്‍.
Content Highlights: Tribal art forms Artistic heritage Wayanad Gadhika paniya
Published: 14 Jun 2023, 03:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented