തിരുവനന്തപുരം വൈല്‍ഡ് ലൈഫ് ഡിവിഷന്റെ കീഴില്‍ വരുന്ന പേപ്പാറ വന്യജീവി സങ്കേതത്തിലെ അഗസ്ത്യാര്‍കൂടത്തിലേയ്ക്കാണ് ഞങ്ങള്‍ യാത്ര പ്‌ളാന്‍ ചെയ്യുന്നത്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ദുര്‍ഘടം പിടിച്ച കാനനയാത്രയെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ ഏറെ കേട്ടിട്ടുണ്ട്. നടന്നാലും നടന്നാലും തീരാത്ത കാനന പാതകളെക്കുറിച്ചും യാത്രികരെ പരിക്ഷീണതയുടെ പാരമ്യതയിലെത്തിക്കുന്ന മലമടക്കുകളുടെ അപാരതകളെക്കുറിച്ചും യാത്രയ്ക്കിടയില്‍ കണ്ടേയ്ക്കാവുന്ന വന്യമൃഗങ്ങളേയും ആനക്കൂട്ടങ്ങളെക്കുറിച്ചുമൊക്കെ കേട്ട കഥകള്‍ ഭയം ജനിപ്പിക്കുന്നതായിരുന്നു. 2018ല്‍ സ്ത്രീകളേയും അഗസ്ത്യാര്‍കൂടത്തിലേയ്ക്ക് പ്രവേശിപ്പിച്ചു തുടങ്ങിയ നാള്‍ മുതല്‍ മനസ്സില്‍ കൂടുകെട്ടിയ ഒരാഗ്രഹമാണ് ഈ യാത്ര. അതുകൊണ്ടുതന്നെ ഭാര്യയാണെന്നതോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്നതോ, 46 വയസ്സെത്തിയ സ്ത്രീയെന്നതോ, പ്രായപൂര്‍ത്തിയെത്തിയ രണ്ട് മക്കളുടെ അമ്മയെന്നതോ ഒന്നും പിന്‍വിളികളാകരുതെന്ന് മനസ്സില്‍ ഉറപ്പിച്ചു തന്നെയാണ് ഇറങ്ങിയത്. രണ്ടുമൂന്ന് ആഴ്ചകളിലായി മൂന്നുനാലു കിലോമീറ്റര്‍ വീതം നടന്നു ശീലിച്ചു. കൊടുമുടി കയറാനുള്ള ശാരീരികക്ഷമത ഉറപ്പാക്കാനായിരുന്നു അത്.

To advertise here,

കൂടെയുള്ളവര്‍ പലരും പറഞ്ഞും കേട്ടിരുന്നു... എത്രമേല്‍ ദുഷ്‌കരമാണെങ്കിലും വര്‍ഷംതോറും അവിടേയ്ക്കാകര്‍ഷിക്കുന്ന പ്രകൃതിയുടെ നിറുത്തില്ലാത്ത ആ പ്രലോഭനത്തെക്കുറിച്ച്... വാക്കുകള്‍ക്ക് വിവരിക്കാനാവാത്ത ആത്മനിര്‍വൃതിയെക്കുറിച്ച്... അവസാനം 1868 മീറ്റർ മുകളില്‍ മഹാമേരുവിന്റെ ഉച്ചിയില്‍ കാലൂന്നി നില്‍ക്കവേ അനുഭവവേദ്യമാകുന്ന അവാച്യമായ ഉന്മാദത്തെക്കുറിച്ച്...! 

placeholder
അഗസ്ത്യാർ കൂടം

മകരവിളക്കുമുതല്‍ ശിവരാത്രി വരെ നീളുന്ന 'റെഗുലര്‍ ട്രെക്കിംഗ്' സീസണ്‍ കഴിഞ്ഞാണ് സ്‌പെഷ്യല്‍ പാക്കേജില്‍ ഞങ്ങള്‍ പത്തുപേരും അഗസ്ത്യാര്‍കൂടത്തിലേയ്ക്കുള്ള പാസ്സ് എടുത്തത്. വെജിറ്റേറിയന്‍ ആഹാരമുള്‍പ്പടെ മൂന്നു ദിവസത്തെ യാത്രയ്ക്കാണ് നിരക്ക്. ആളൊന്നിന് മൂവായിരത്തിത്തൊള്ളായിരം രൂപയോളം വരും. വഴിയറിയാവുന്ന മൂന്ന് ഗൈഡുകള്‍ ആഹാരം പാചകം ചെയ്യാനും സാധനങ്ങള്‍ ചുമക്കാനുമൊക്കെയായി പത്തുപേരടങ്ങുന്ന ഓരോ സംഘത്തേയും അനുഗമിക്കും. അഞ്ചും പത്തും ഉള്ള ഗ്രൂപ്പുകളായാണ് സ്‌പെഷ്യല്‍ ട്രക്കിംഗ് പാക്കേജിലെ യാത്ര. തിരുവനന്തപുരത്ത് പി.ടി.പി നഗറിലുള്ള വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ഓഫീസില്‍ (04712360762, 9447979082) സംഘാംഗങ്ങളുടെ ആധാറുമായെത്തിയാണ് പാസ്സ് എടുക്കേണ്ടത്. 

വെള്ളിയാഴ്ച കാലത്ത് ഏഴരയോടുകൂടിയാണ് തിരുവനന്തപുരത്തുനിന്നും തിരിച്ചത്. വിതുര വഴി 'കാണിത്തടം' ചെക്ക് പോസ്റ്റില്‍ (പേപ്പാറ വന്യജീവി സങ്കേതത്തിലെ തോടയാര്‍ സെക്ഷന്‍ ഓഫീസ്) എത്തുമ്പോഴേയ്ക്കും ഒന്‍പത് മണി കഴിഞ്ഞിരുന്നു. അവിടെ നിന്നും വീണ്ടും അരമണിക്കൂറിലേറെയെടുത്തു ബോണക്കാടുള്ള പിക്കറ്റ് സ്റ്റേഷനിലെത്താന്‍. തൊഴിലാളി സമരങ്ങളാലും കെടുകാര്യസ്ഥതയാലും ഉപേക്ഷിക്കപ്പെട്ട ബോണക്കാട് തേയിലത്തോട്ടവും തേയില ഫാക്ടറിയുടെ തുരുമ്പിച്ച യന്ത്രങ്ങളുടെ ശവക്കൂമ്പാരങ്ങളും വഴിയില്‍ കാണാം.  

ബോണക്കാടുള്ള പിക്കറ്റ് സ്റ്റേഷനില്‍ വച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നതും യാത്രക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതുമൊക്കെ. അവിടെ നിന്നും പുറപ്പെടുമ്പോള്‍ സമയം ഒന്‍പതേ മുക്കാലായിരുന്നു. തെളിഞ്ഞ ആകാശമായിരുന്നെങ്കിലും വെയില്‍ കനത്തിരുന്നില്ല. പതിനെട്ട് കിലോമീറ്റര്‍ നീളുന്ന യാത്രയാണ് അഗസ്ത്യാര്‍കൂടത്തിലേയ്ക്ക്. ആദ്യ ദിവസം തന്നെ പന്ത്രണ്ട് കിലോമീറ്റര്‍ താണ്ടി 'അതിരുമലയിലെ' ബേസ് ക്യാമ്പിലെത്തണം. അവിടെ നിന്നാണ് പിറ്റേന്നുള്ള ആറു കിലോമീറ്റര്‍ പോകേണ്ടത്. വലിയ ആയാസമില്ലാത്ത നടത്തമായിരുന്നു ആദ്യമൊക്കെ. രണ്ട് കിലോമീറ്ററോളം പിന്നിട്ട് 'ലാത്തിമൊട്ട' എന്ന സ്ഥലത്തെത്തുമ്പോള്‍ വഴി രണ്ടായി പിരിഞ്ഞു. പിന്നെയും രണ്ട് കിലോമീറ്റര്‍ അകലെയുള്ള 'ബോണാഫാള്‍സ്' എന്ന ജലപാതത്തിലേയ്ക്കാണ് വലത്തോട്ടുള്ള വഴി തിരിയുന്നത്. സഹ്യന്റെ മക്കളുടെ സ്ഥിരം ആവാസകേന്ദ്രമായതിനാല്‍ ഇപ്പോള്‍ അടേയ്ക്ക് സഞ്ചാരികളെ വിടുന്ന പതിവില്ല. തന്നെയുമല്ല വര്‍ഷങ്ങള്‍ക്കുമുമ്പ് അവിടെ വച്ച് ആനക്കൂട്ടം രണ്ടുപേരെ കൊന്നിട്ടുണ്ടെന്ന് കേട്ടപ്പോള്‍ പോകണമെന്നും തോന്നിയില്ല എന്നതാണ് സത്യം. 

placeholder
 പ്രകാശം നന്നായി പതിയാത്ത ഹരിത വനങ്ങൾ

മുന്നോട്ടുള്ള യാത്രയില്‍ ഇടയ്ക്കിടയ്ക്ക് 'പച്ചക്കാടുകള്‍' എന്നറിയപ്പെടുന്ന നിത്യഹരിത വനങ്ങളുടെ ചെറുസഞ്ചയങ്ങള്‍ കാണാം. നാല് കിലോമീറ്റോളമെത്തുമ്പോള്‍ 'കരമനയാറായി'. അതുകഴിഞ്ഞാല്‍ പിന്നെ 'വാഴപ്പൈന്തി'യാറാണ്. രണ്ടിടത്തും പുഴ മുറിച്ചുകടക്കുന്നതിനായി വടം കുറുകെ കെട്ടിയിട്ടുണ്ട്. എന്നിരുന്നാലും മഴക്കാലത്ത് വെള്ളം പൊങ്ങിയാല്‍ അവിടം താണ്ടുക തീര്‍ത്തും ശ്രമകരമാണെന്ന് കൂടെയുണ്ടായിരുന്നവരിലോരോ പറയുന്നത് കേട്ടു. പ്രകൃതിയുടെ വശ്യസൌന്ദര്യം നമ്മളെ കീഴടക്കുന്നത് യാത്രയിലുടനീളം അറിയാനാകും. നിര്‍മലമായ വായുവിന്റേയും ശുദ്ധജലത്തിന്റേയും സമൃദ്ധ സംഭരണികളുമായി അടവി നമ്മളെ മാടിവിളിക്കും. വാഴപ്പൈന്തിയാര്‍ കഴിയുമ്പോള്‍ കാണുന്ന 'തൂയാര്‍' എന്നു വിളിക്കുന്ന നന്നെ ചെറിയ ജലപാതം പോലും മഴപ്പെയ്ത്തില്‍ നയന മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.  വഴിയില്‍ മൂട്ടിപ്പഴം കായ്ക്കുന്ന മരങ്ങളും കാണാം. ആമകളുടേയും കൂരമാനിന്റേയും കേഴയുടേയും മുയലിന്റേയുമൊക്കെ വിശിഷ്ട ഭോജ്യമെന്നറിയപ്പെടുന്ന അവയ്ക്ക് പുളിപ്പു കലര്‍ന്ന രുചിയാണ്.  ഓഫീസിലെ ചില ചങ്ങാതിമാര്‍ ആ മരങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ കായകള്‍ ഉണ്ടാവാറില്ലെന്നതും പറഞ്ഞതോര്‍ത്തു. ഒരു വേള പ്രകൃതിയുടെ തനത് ആവാസവ്യവസ്ഥകളില്‍ മാത്രമാകാം അവ വളരേണ്ടതും പുഷ്പിച്ച് പുതു തലമുറയ്ക്കായി ഫലങ്ങളും വിത്തുകളുമായിത്തീരേണ്ടതും. 

placeholder
തൂയാര്‍

എട്ട് കിലോമീറ്റര്‍ പിന്നിട്ടുവെന്ന് കാണിക്കുന്ന ബോര്‍ഡുകള്‍ കണ്ടു. 'അട്ടയാറാണ്' സ്ഥലം. നൂറുമീറ്റര്‍ മുകളിലായി വനം വകുപ്പിന്റെ ക്യാമ്പ് ഷെഡ്ഡ് ഉണ്ട്. സമയം ഒന്നരയോളമാകുന്നു. അതായത് മൂന്ന് മണിക്കൂറിനും മീതെയാകുന്നു പുറപ്പെട്ടിട്ട് എന്നര്‍ത്ഥം. കൊണ്ടുവന്ന ആഹാരം നദിയോരത്തെ മരത്തണലുകളിലെ മിനുസമുള്ള പാറകളിലിരുന്ന് കഴിച്ചു. ഇനിയും ശേഷിക്കുന്ന നാല് കിലോമീറ്ററാണ് ശരിക്കുമുള്ള കയറ്റം. അപ്പോഴേയ്ക്കും വെയിലുറച്ചു കഴിഞ്ഞിരുന്നു. പുത്തന്‍ നാമ്പുകള്‍ മുളപൊട്ടിയ വിശാലമായ പുല്‍പ്പരപ്പുകളാണ് മുന്നിലാകെ. കാട്ടുതീ ഒഴിവാക്കാനായി വനം വകുപ്പുതന്നെ 'നിയന്ത്രിത കത്തിക്കലിന്' വിധേയമാക്കിയതാണ്. എലിഫന്റ് ഗ്രാസ്സും ലെമണ്‍ ഗ്രാസ്സും ദര്‍ഭപ്പുല്ലും ഇടകലര്‍ന്നു വളരുന്ന നാല്പത് ഏക്കറോളം വരുന്ന ശാദ്വല ഭൂമിയുടെ ചേതോഹാരിത ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. അതില്‍ അങ്ങിങ്ങായി നെല്ലി, കണിക്കൊന്ന മലമ്പുന്ന, പേഴ് തുടങ്ങിയ മരങ്ങളും കാണാം. തീ ചെറുക്കാന്‍ കഴിവുള്ളതുകൊണ്ടാണ് അവയൊക്കെ നിലനില്‍ക്കുന്നതെന്ന് അനുഗമിച്ചിരുന്നവരില്‍ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. 

placeholder
മൂട്ടിപ്പഴം

പുല്‍മേടുകളിലെ നടവഴികളിലാകമാനം ചിതറിക്കിടക്കുന്ന കൂര്‍ത്ത പാറക്കല്ലുകളില്‍ ചവിട്ടിയുള്ള യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു. ആദ്യത്തെ ഒരു കിലോമീറ്ററോളും പിന്നിട്ടപ്പോള്‍ത്തന്നെ യാത്രയുടെ കാഠിന്യം ശരിക്കുമറിഞ്ഞു തുടങ്ങി. അങ്ങകലെയായി 'ഏഴുമടക്കന്‍ തേരി' അപ്പോഴും വെയിലില്‍ക്കുളിച്ച് ഞങ്ങളെനോക്കിച്ചിരിച്ചുകൊണ്ട് നില്‍ക്കുന്നു! ഇടയ്ക്കിടയ്ക്ക് നിന്നും കൈയില്‍ കരുതിയിരുന്ന ഗ്ലൂക്കോസും നാരങ്ങയുമൊക്കെ പിഴിഞ്ഞുചേര്‍ത്ത വെള്ളം കുടിച്ചും വീണ്ടും മുന്നോട്ട്. ഏഴുമടക്കന്‍ തേരിയില്‍ തെളിച്ചിരിക്കുന്ന 'ട്രെക്ക് പാത്തുകള്‍' മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി തീര്‍ത്തും സഞ്ചാരയോഗ്യമല്ലാതായിത്തീര്‍ന്നതിനാല്‍ പുല്‍മേടിലൂടെ വഴിമാറിപ്പോകേണ്ടിയിരുന്നു.

placeholder
 അട്ടയാറിലെ വിശ്രമം ഇവിടെ

മൂന്ന് മണിയായപ്പോഴേയ്ക്കും താഴ്‌വാരങ്ങളില്‍ വേനല്‍മഴയുടെ സാന്നിധ്യമറിയിച്ചുകൊണ്ട് മേഘ ഗര്‍ജനങ്ങള്‍ മുഴങ്ങി. മഴ പെയ്യുമോയെന്ന് പേടി തോന്നാതിരുന്നില്ല. ഭാഗ്യമെന്ന് പറയട്ടെ, മൂന്നര കഴിഞ്ഞപ്പോഴേയ്ക്കും വെയില്‍ മങ്ങാന്‍ തുടങ്ങി. ഇനിയുള്ളത് അതിരുമലയിലേയ്ക്കുള്ള യാത്രയിലെ ഏറ്റവും ദുര്‍ഘടം പിടിച്ച 'മുട്ടിടിച്ചാന്‍ തേരി' എന്നറിയപ്പെടുന്ന അരക്കിലോമീറ്ററോളം നീളുന്ന കയറ്റമാണ്. ശ്വാസമെടുക്കാന്‍തന്നെ ബുദ്ധിമുട്ടി ക്രമം തെറ്റി മിടിക്കുന്ന ഹൃദയവുമായി കയറി മുകളിലെത്തിയപ്പോഴാണ് കമലന്‍ എന്നുപേരുള്ള ഗൈഡ് നാലുമാസം മുമ്പ് കര്‍ണാടകത്തില്‍ നിന്നെത്തിയ ഒരു 'സൈക്ലിസ്റ്റ്' ആ കയറ്റത്തില്‍ വച്ച് ഹൃദയസ്തംഭനത്തില്‍ മരിച്ചുപോയ കഥ. ഭൗതിക ശരീരം സ്ട്രച്ചറില്‍ ചുമന്ന് രാത്രി ഒന്‍പതരയോടുകൂടിയാണ് അട്ടയാറില്‍ എത്തിച്ചതെന്നും സെറ്റില്‍മെന്റുകളില്‍ നിന്നും അവിടെയെത്തിയ ചുമട്ടുകാരാണ് പിന്നെ  താഴത്തെത്തിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലോട്ട് കൊണ്ടുപോയതെന്നുമൊക്കെ കേട്ടപ്പോള്‍ പെരുവിരലില്‍ നിന്ന് ഒരു തരിപ്പ് തലയിലേയ്ക്ക് തുളഞ്ഞു കയറുന്നതുപോലെ. തെല്ലിട നിന്ന് ഒരു ദീര്‍ഘശ്വാസമെടുത്ത് വീണ്ടും ചുവടുകള്‍ സൂക്ഷിച്ച് മുന്നോട്ടുവച്ചു. അരമണിക്കൂര്‍കൂടി പിന്നിടവേ സാന്ത്വനം പോലെ അതിരുമല ക്യാമ്പ് മുന്നില്‍ത്തെളിഞ്ഞു. തളര്‍ന്നവശയായി അവിടേയ്ക്ക് കടക്കുമ്പോഴാണ് ആ കാഴ്ച കാണുന്നത്! ഇടതുവശത്തായി നെറുകയില്‍ മഞ്ഞുപോലെ വെണ്‍മയാര്‍ന്ന മേഘക്കൂട്ടങ്ങളണിഞ്ഞ് ആകാശം മറച്ചുനില്‍ക്കുന്ന മഹാമേരുവിന്റെ അപ്രമാദിത്വം! ഉമ്മറത്തേയ്ക്ക് കസേര വലിച്ചിട്ട് ആ ഘനഗംഭീരനെ നോക്കിയിരുന്നപ്പോള്‍ ഉള്ളില്‍ കുളിര്‍മയേറിയ ഒരു സാന്ത്വനത്തിന്റെ അലയടികള്‍ വന്ന് നിറയുന്നതുപോലെ.

placeholder
 അഗസ്ത്യൻറെ ഇരിപ്പിടം

പാദത്തിലെവിടെയോ ഒരു നനവ് അനുഭവപ്പെട്ടതുപോലെ തോന്നി ഷൂവഴിച്ചപ്പോള്‍ സോക്‌സിനകത്തുനിന്നും രക്തമിറ്റുന്നു! ഒപ്പം ചോരകുടിച്ചുവീര്‍ത്ത ഒരു തടിയന്‍ അട്ട നിലത്തേയ്ക്ക് ഊര്‍ന്നുവീണു. ഈര്‍പ്പമുള്ള വനങ്ങളില്‍കാണപ്പടുന്ന ഇത്തരം അട്ടകളുടെ ഉമിനീര്‍ ഗ്രന്ഥികളിലുള്ള 'ഹിറുഡിന്‍ എന്ന രാസവസ്തു കാരണമാണ് രക്തം കട്ടപിടിക്കാത്തത്. ശരീരോഷ്മാവ് തിരിച്ചറിഞ്ഞാണ് ഇവ ജന്തുക്കളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ച് കയറുന്നത്. ചോര കുടിച്ചുകഴിയുമ്പോള്‍ പിടിത്തം വിടുവിച്ച് നിലത്ത് വീഴുകയും ചെയ്യും. കുറച്ചുസമയം കഴിഞ്ഞേ മുറിവായയില്‍ രക്തം കട്ടപിടിക്കുകയുമുള്ളൂ. മഴക്കാലത്ത് യാത്രയില്‍ അട്ടകടിയില്‍ നിന്ന് രക്ഷപ്പെടാനായി ഉപ്പും ഡെറ്റോളും മൂക്കുപൊടിയും വേപ്പെണ്ണയും സാനിറ്റൈസറുമൊക്കെ ഷൂവില്‍ പുരട്ടുന്നത് പതിവാണുതാനും. പിറ്റേന്ന് രാവിലെ വല്ലാത്ത ചാറ്റല്‍ മഴയായിരുന്നു. മല കയറാന്‍ സാധിക്കുമോയെന്നുപോലും സംശയം ജനിപ്പിക്കുന്ന മാതിരി. എപ്പോഴും മാറിമറിയുന്ന കാലാവസ്ഥയാണ് അതിരുമലയിലേതും അഗസ്ത്യാര്‍കൂടത്തിലേതും. എന്നിരുന്നാലും രാവിലെ എട്ട് മണിയോടുകൂടി മാനം തെളിഞ്ഞു. യാത്ര വീണ്ടും തുടങ്ങുകയായി. ഇക്കുറി തുടക്കം മുതല്‍തന്നെ വഴിയില്‍ നിറഞ്ഞ പാറക്കല്ലുകളില്‍ ചവിട്ടിയാണ് സഞ്ചാരമെന്ന വ്യത്യാസം മാത്രം. ആറ് കിലോമീറ്ററേ ഉള്ളൂ അഗസ്ത്യാര്‍കൂടത്തിലേയ്‌ക്കെങ്കിലും മൂന്ന് മണിക്കൂറോളം വേണം നടന്നെത്താന്‍. 

രണ്ട് കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ആനകളുടെ സ്ഥിരസാന്നിധ്യമുള്ള ഈറക്കാടുകളാണ് (reed breaks). അതുകഴിയുമ്പോള്‍ തെളിയുന്ന വെളിമ്പ്രദേശത്തിന് 'നാടുകാണിപ്പാറയെന്നാണ്' പേര്. പേപ്പാറ-നെയ്യാര്‍ ഡാമുകളുടെ ജലസംഭരണികളും അതിരുമല ബേസ് ക്യാമ്പുമൊക്കെ അവിടെ നിന്നാല്‍ വ്യക്തമായിക്കാണാം. മലമടക്കുകളിലെ നിരവധികളായ ഔഷധസസ്യങ്ങളെത്തഴുകിയെത്തുന്ന കാറ്റേറ്റ് അല്പം വിശ്രമം. വീണ്ടും ഒരു മണിക്കൂറോളം കയറ്റമുണ്ട് പൊങ്കാലപ്പാറയിലേയ്ക്ക്. അവിടെ വിശാലമായി പരന്നുകിടക്കുന്ന പാറയിലൂടെ താഴേയ്‌ക്കൊഴുകുന്ന നീര്‍ച്ചാലുകള്‍ കടന്ന് വേണം പോകേണ്ടത്. ഏതാണ്ട് ഒരു കിലോമീറ്ററോളം നീണ്ടുകിടക്കുന്ന പാറയുടെ മുകളില്‍ പൊങ്കാലയടുപ്പുകള്‍ കൂട്ടി നിവേദ്യം തയ്യാറാക്കുന്ന കുറച്ച് ആദിവാസികളെ കണ്ടു. പേപ്പാറ റെയ്ഞ്ചിലെ തന്നെ 'പൊടിയക്കാല' സെറ്റില്‍മെന്റിലെ അംഗങ്ങളാണവര്‍. 

പണ്ട് അഗസ്താര്‍കൂടത്തിലേയ്ക്ക് പോകുന്ന സഞ്ചാരികളൊക്കെ അവിടെ അടുപ്പുകൂട്ടി പൊങ്കാല നിവേദ്യം അര്‍പ്പിക്കുമായിരുന്നുവത്രേ. എന്നാല്‍ വന്‍തോതില്‍ വനവൃക്ഷങ്ങള്‍ വെട്ടിക്കത്തിയ്ക്കുന്നതിന് വഴിവച്ചിരുന്നതിനാല്‍ വനം വകുപ്പ് പിന്നീടത് വിലക്കുകയായിരുന്നു. ഇന്ന് പൊങ്കാലയ്ക്കും അഗസ്ത്യാര്‍കൂടത്തിലെ പൂജയ്ക്കുമുള്ള അവകാശം ആദിവാസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ന് സഞ്ചാരികള്‍ക്ക് അതിരുമലയില്‍ ആഹാരം പാകം ചെയ്യുന്നതുപോലും പേപ്പാറയിലെ ആദിവാസി സെറ്റില്‍മെന്റുകളിലൊന്നായ 'പാറ്റാമ്പാറ' നിന്നും തലച്ചുമടായി എത്തിക്കുന്ന പാചക ഗ്യാസ് ഉപയോഗിച്ചാണുതാനും.

placeholder
പൊങ്കാലപ്പാറയിൽ നിന്ന്

വീണ്ടും കൂര്‍ത്തുമൂര്‍ത്ത പാറക്കൂട്ടങ്ങള്‍ എമ്പാടും നിറഞ്ഞ നടപ്പാതകളിലൂടെയുള്ള നെടുങ്കന്‍ കയറ്റങ്ങള്‍. അവസാനത്തെ രണ്ട് പാറക്കൂട്ടങ്ങളുടെ മുകളില്‍ നിന്നും ഞാത്തിയിട്ടിരിക്കുന്ന കയറിലൂടെ ആയാസപ്പെട്ട് തൂങ്ങിക്കയറി 'ഏസിക്കാടുകള്‍' എന്നറിയപ്പെടുന്ന നിത്യഹരിത ചോലക്കാടുകളിലൂടെ യാത്ര തുടരുമ്പോള്‍ താഴെനിന്നും പൊങ്കാല നിവേദ്യം നിറച്ച പാത്രങ്ങളും പൂജാസാമഗ്രികളുമായി ഞങ്ങളെ പിന്നിലാക്കി കൊടുമുടിയിലേയ്ക്ക് നഗ്‌നപാദരായി ഓടിക്കയറുന്ന കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന പതിനഞ്ചംഗ ആദിവാസി സംഘത്തെക്കണ്ടു. അവരുടെ അചഞ്ചലമായ വിശ്വാസത്തിലും അസൂയാവഹമായ ശാരീരിക ക്ഷമതയിലും തെല്ലസൂയപ്പെട്ടു കൊണ്ടുതന്നെ ചുവടുകള്‍ ഓരോന്നായി അടര്‍ത്തിവച്ച് മുന്നോട്ടു നീങ്ങി. ഇവിടങ്ങളിലെ വൃക്ഷങ്ങള്‍ തീരെ പൊക്കം കുറഞ്ഞവയും ശരിക്കും 'ബോണ്‍സായ്' പോലുള്ളവയുമാണ്. നിരന്തരം കാറ്റുവീശുന്നതിനാല്‍ വൃക്ഷങ്ങള്‍ അധികം ഉയരം വയ്ക്കുക പതിവില്ല. 'റോഡോഡെന്‍ട്രോണ്‍' (Rhododendron) എന്ന 'ജീനസ്സിലെ' (Genus) വൃക്ഷങ്ങളാണ് അധികവുമെന്ന് കമലന്‍ പറഞ്ഞു. സഞ്ചാരികള്‍ക്കൊപ്പം പോയപ്പോള്‍ കേട്ട് പഠിച്ചാണത്രേ. അവസാന പാറയും കയറി അഗസ്ത്യന്റെ നെറുകയില്‍ പാദമൂന്നുമ്പോള്‍ അഭൗമമായ ഏതോ ദിവ്യ തേജസ്സ് ഉടലിലേയ്ക്ക് സന്നിവേശിക്കുന്നതുപോലെ. വീശിയടിക്കുന്ന ശീതക്കാറ്റില്‍ അലിഞ്ഞു പടരുന്ന മഞ്ഞിന്റെ അടരുകള്‍ ചുറ്റുപാടുകളെ തെളിയ്ക്കുകയും മറയ്ക്കുകയും ചെയ്തുകൊണ്ടേയിരുന്നു. അങ്ങകലെയായി മേഘങ്ങള്‍ക്കിടയില്‍ തെളിഞ്ഞു കാണുന്ന പാണ്ഡവന്‍പാറയുടെ ഗരിമ. എതിര്‍വശത്ത് പിന്നിലായി കാണാവുന്ന പേപ്പാറ ഡാമിന്റെ റിയര്‍വോയറിന്റേയും അതിനുമകലെ അവ്യക്തമായിത്തെളിയുന്ന നെയ്യാര്‍ ജലസംഭരണിയുടേയും വശ്യതയും.

placeholder
ഏസിക്കാടുകള്‍

താഴെ നിന്നും ചുമ്മിക്കൊണ്ടുവന്ന വെള്ളം കൊണ്ട് അഗസ്ത്യന്റെ പ്രതിമ കഴുകി വെടിപ്പാക്കി ഭസ്മവും കളഭവും വാരിപ്പൂശി പട്ടുടുപ്പിച്ച് കിന്നരിവച്ച കിരീടവും വച്ച് അണിയിച്ചൊരുക്കി ആദിവാസികള്‍ അപ്പോഴേയ്ക്കും പൂജ തുടങ്ങിക്കഴിഞ്ഞിരുന്നു. അല്പനേരം അത് നോക്കി നിന്ന് തിരികെയിറങ്ങി. എന്നിരുന്നിട്ടും മുന്നേ പൊങ്കാലപ്പാറയിലെത്തിയ ആദിവാസികളുടെ സംഘം ഞങ്ങളെ കാത്തുനിന്ന് പായസവും പഴങ്ങളുമൊക്കെ നല്‍കിയിട്ടാണ് താഴേയ്ക്കിറങ്ങിയത്. തളര്‍ന്നവശരായി പൊങ്കാലപ്പാറയിലിരുന്ന് കൂടെ കൊണ്ടുവന്ന ഭക്ഷണ സാധനങ്ങള്‍ കഴിക്കുമ്പോഴേയ്ക്കും ഇടിയോടുകൂടിയ മഴ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഹുങ്കാരത്തോടെ വീശിയടിക്കുന്ന കാറ്റിനോടൊപ്പം പെയ്തും ഇടയ്ക്ക് നിലച്ചും അത് ഞങ്ങളെ വട്ടം കറക്കി. ശരിക്കും പൊങ്കാലപ്പാറയിലെത്തിക്കഴിഞ്ഞാണ് മഴ തുടങ്ങിയതെന്നതുതന്നെ വലിയ ഒരാശ്വാസമായിരുന്നു.

അല്ലെങ്കില്‍ പര്‍വ്വതാരോഹണവും അവരോഹണവും ഒരുപോലെ ദുഷ്‌കരവും അപകടം നിറഞ്ഞതുമാകുമായിരുന്നല്ലോ. മഴകാരണം വളരെ സൂക്ഷിച്ചായിരുന്നു പിന്നീടുള്ള ഇറക്കം. അതുകൊണ്ടുതന്നെ വൈകിട്ട് അഞ്ച് മണിയോടുകൂടിയാണ് അതിരുമല ക്യാമ്പില്‍ ഞങ്ങള്‍ തിരിച്ചെത്തിയത്. തീര്‍ത്തും തെളിഞ്ഞ പ്രഭാതമാണ് പിറ്റേന്ന് എതിരേറ്റത്. തലേ ദിവസത്തെ മഴമേഘങ്ങളെ പാടെ ഒഴിവാക്കി നനുത്ത വെയിലില്‍ തിളങ്ങി നില്‍ക്കുന്ന അഗസ്ത്യനെ എത്ര കണ്ടിട്ടും മതിവരുന്നില്ല. എന്നിരുന്നാലും ഭാണ്ഡം മുറുക്കാതെ നിവൃത്തിയില്ലല്ലോ. മഴയ്ക്കുശേഷമുള്ള മടക്കയാത്രയില്‍ കാടിനുള്ളില്‍ അതുവരെ കാണാത്ത ഒരു പ്രത്യേകതയും കാണാനായിയെന്നത് പറയാതെ വയ്യ. വനാന്തരങ്ങളിലെ വരണ്ടുണങ്ങിക്കിടന്ന നീര്‍ച്ചാലുകള്‍ക്കാകെ പുതുജീവന്‍ കൈവന്നിരിക്കുന്നു! ഒപ്പം അടിത്തട്ടിലെ 'വളമണ്ണില്‍' (humus) ഉറങ്ങിക്കിടന്നിരുന്ന ചോരകുടിയന്മാരായ നൂറുകണക്കിന് അട്ടകള്‍ക്കും! 

 

placeholder
placeholder
placeholder
placeholder
placeholder
+2