
ഇളം നീല ആകാശക്കുടയുടെ കീഴിൽ പച്ചപുതച്ച വിശാലമായ വയലിന്റെ ഒത്ത നടുക്കുള്ള വലിയൊരു ആൽമരത്തറയിലിരുന്ന്, കാറ്റിൽ ഇളകിയാടി സദാ ചിരിക്കുന്ന ആലിലകളുടെ സംഗീതം മാത്രം കേട്ട് വെറുതെയിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്...

വാഴാലിക്കാവിലെ ആൽമരച്ചോട്ടിൽ അങ്ങനെ എത്രനേരമിരുന്നുവെന്ന് എനിക്കുമറിയില്ല. നിളയുടെ തീരത്തെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വള്ളുവനാടൻ ഗ്രാമഭംഗി. തിരികെ പോരുമ്പോൾ കണ്ണിനും മനസ്സിനും പുതിയൊരു ഉണർവും ഉന്മേഷവും പാഥേയമായി തരും വാഴാലിക്കാവ്. ഒരു വശം കാട്, മറുവശം നിളാനദി, നടുവിലായി പച്ചവിരിച്ച് വയൽ, വയലിനുനടുവിലായി ഒരു ആൽമരവും അതിനോട് ചേർന്ന് ഒരു കൂത്തുമാടവും. ഒരു ചിത്രത്തിൽ വരച്ചിട്ടുപോലെ കളങ്കമേശാത്ത ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന ഇടമായതു കൊണ്ടാവാം ഒരുപാടൊരുപാട് മലയാള സിനിമകൾക്ക് ഈ സ്ഥലം ലൊക്കേഷനായത്.
വാഴാലിക്കാവ് കാണാൻ കൂട്ടുകിട്ടിയത് രണ്ട് വിശിഷ്ടവ്യക്തികളെയാണ്. കളമെഴുത്തുപാട്ട് കലാകാരനായ കലമണ്ഡലം ഹരിദാസ് കുറുപ്പിനെയും, തോൽപ്പാവക്കുത്ത് എന്ന കലാരൂപത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന സംഗീത് ശങ്കറിനെയും,.ഹരിദാസ് കുറുപ്പ് യൂറോപ്പിലും അമേരിക്കയിലുമടക്കം ഒട്ടനവധി രാജ്യങ്ങളിൽ കളമെഴുത്തുപാട്ട് അവതരിപ്പിച്ചിട്ടുണ്ട്. കാലാകാലങ്ങളായി കുറച്ചൊക്കെവയൽ നികത്തിയിട്ടുണ്ടെങ്കിലും വാഴാലിക്കാവിന്റെ ഭംഗിക്ക് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല. " എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ജനങ്ങളിൽ ബഹുഭൂരിപക്ഷവും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. കാവും പരിസരവും എല്ലാവരും ഇപ്പോഴും ഭക്തിയോടും ബഹുമാനത്തോടും കൂടിയാണ് കാണുന്നത്.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് ഒമ്പതുകിലോമീറ്റർ മാറിയാണ് വാഴാലിക്കാവ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്തുവരെ വാഹനം പോവുമെങ്കിലും വയൽ തുടങ്ങുന്നതുമുതൽ ക്ഷേത്രം വരെ നടക്കുന്നതാണ് നല്ലത്. ഇളംകാറ്റേറ്റ് വിശാലമായ വയലിനു നടുക്ക് വരച്ചുവച്ചതുപോലെയുള്ള പാതയിലൂടെയുള്ള നടത്തം ഒരു അനുഭവം തന്നെയാണ്. ഓരോ ഋതുവിലും വ്യത്യസ്തമായ കാഴ്ചാനുഭവങ്ങളാണ് വാഴാലിക്കാവ് തരുന്നത്. ഋതുക്കൾക്കനുസരിച്ച് വാഴാലിക്കാവിന്റെ പരിസരങ്ങൾക്കും നിറങ്ങൾ മാറിക്കൊണ്ടിരിക്കും.
ക്ഷേത്രത്തിനഭിമുഖമായുള്ള കൂത്തുമാടം തന്നെയാണ് വാഴാലിക്കാവിലെ മുഖമുദ്ര. ദേവിക്കു പാവക്കൂത്തുകാണാൻ വേണ്ടിയാണത്രേ കൂത്തുമാടങ്ങൾ ക്ഷേത്രത്തിനഭിമുഖമായി നിർമിക്കുന്നത്. വൃശ്ചികമാസത്തിൽ തന്നെ ഇവിടെ കളമെഴുത്തുപാട്ടുതുടങ്ങും. കുംഭത്തിലെ അശ്വതി നാളിലാണ് വേല. വേലയുടെ ഏഴ് ദിവസം മുമ്പുതന്നെ കൂത്തുമാടങ്ങളിൽ ശ്രീരാമനും ലക്ഷ്മണനും സീതയും രാവണനും ശൂർപ്പണഖയുമെല്ലാം തോല്പാവകളായി ആടാൻ തുടങ്ങും.
കൂത്തുമാടത്തിന് മുന്നിൽ വലിച്ചുകെട്ടിയ തുണി (ആയപ്പുടവ)യുടെ പുറകിൽ വിളക്കുകൾ കത്തിച്ചുവെക്കും. ഈ വിളക്കുകൾക്കു മുന്നിലായി വലിച്ചുകെട്ടിയ തുണിയുടെ തൊട്ടുപുറകിൽ തോൽപ്പാവകളെ ചലിപ്പിച്ചാണ് കൂത്ത് നടത്തുന്നത്. ചെന്തമിഴും മലയാളവും കലർന്ന ഭാഷയിൽ അവതരിപ്പിക്കുന്ന കമ്പരാമായണ കഥകളാണ് തോൽപ്പാവക്കൂത്തിലെ ഇതിവൃത്തം. മൊബൈൽ സക്രീനുകൾ എല്ലാ കാഴ്ചകളെയും മൂടിവെച്ചിരിക്കുന്ന ഇക്കാലത്ത് കൂത്തുകാണാനെത്തുന്നവരുടെ എണ്ണം കുറഞ്ഞുപോയിട്ടുള്ളത് സ്വാഭാവികം മാത്രം. കൂത്തുനടത്തുന്ന ആചാര്യനെ പുലവർ എന്നാണ് വിളിക്കുന്നത്. വാഴാലിക്കാവിൽ ഇപ്പോൾ കൂത്തുനടത്തുന്നത് വിശ്വനാഥ പുലവരാണ്.
തോൽപ്പാവകൾ പണ്ടു കാലത്ത് മാൻ തോലിലാണത്രേ നിർമിച്ചിരുന്നത്. ഇപ്പോൾ കാളത്തോലിലാണ് പ്രധാനമായും പാവനിർമ്മാണം. ഉണക്കിയെടുത്ത കാളത്തോലിൽ രൂപങ്ങൾ വരച്ച് വെട്ടിയെടുക്കുന്നു. ഇതിൽ പ്രകാശം കടത്തിവിടാൻ വേണ്ടി വിവിധ രൂപത്തിലുള്ള ദ്വാരങ്ങൾ ഇടുന്നു. ദ്വാരങ്ങളുടെ രൂപത്തിനനുസരിച്ച് വിവിധ തരം ഉളികളാണ് ഇതിനുപയോഗിക്കുന്നത്. വീരാളിപ്പട്ട്, നെന്മണിക്കൊത്ത്, ചന്ദ്രക്കല, സൂര്യക്കൊത്ത് തുടങ്ങി വിവിധ രൂപത്തിലുള്ള ഉളികൾ. ഇതിനുശേഷം പാവകൾക്ക് പ്രകൃതിദത്തമായ വർണങ്ങൾ കൊടുത്ത് ഭംഗിയാക്കും. കൂത്തുനടക്കുമ്പോൾ സ്ക്രീനിനുള്ളിലൂടെ പാവകളുടെ നിറങ്ങളും ചെറുതായി കാഴ്ചക്കാരന് കാണാൻ സാധിക്കും. അതുപോലെ തന്നെ രാത്രികാലങ്ങളിൽ കൂത്തുനടത്തുന്നവർക്ക് പാവയെ തിരിച്ചറിയാനും ഈ നിറങ്ങൾ സഹായകമാകും. എല്ലാ പണികളും കഴിഞ്ഞ് ഏറ്റവും ഒടുവിലാണ് പാവയുടെ കണ്ണ് കൊത്തിയെടുക്കുന്നത്. ചിത്ര -ശില്പ കലകളിൽ ഏറ്റവും അവസാനമാണ് സാധാരണയായി കണ്ണുകൾ വരയ്ക്കുന്നത്. കണ്ണുവന്നുകഴിഞ്ഞാൽ പാവയ്ക്ക് ദൈവിക പരിവേഷമായി, അല്ലെങ്കിൽ ജീവൻ വന്നു എന്നാണ് സങ്കല്പം. കൂത്തുതുടങ്ങുന്നതിന് മുമ്പ് പാവകളെ പുണ്യാഹം തളിച്ച് ശുദ്ധമാക്കുന്ന പതിവും ഉണ്ട്.
നിളയുടെ തീരങ്ങൾ കലയുടെയും കലാകാരന്മാരുടെയും കൂടി തീരങ്ങളാണല്ലോ.. നിളയിലൂടെ ഒഴുകിവന്നൊരു കലാരൂപമായി തോൽപ്പാവക്കൂത്തിനെ വിശേഷിപ്പിക്കാം. നിളയുടെ കൈവഴികൾ മുതൽ തിരൂർ ഭയങ്കാവ് വരെയുള്ള ഏതാണ്ട് എൺപത്തഞ്ചോളം ക്ഷേത്രങ്ങളിലാണ് ഇത് അവതരിപ്പിക്കുന്നത്.
വാഴാലിക്കാവ് ഇന്നൊരു "ഷൂട്ടിംഗ് പോയിന്റ്' കൂടിയാണ്. സിനിമകൾക്കു പുറമെ മ്യൂസിക് ആൽബങ്ങൾക്കും വിവാഹഷൂട്ടുകൾക്കുമൊക്കെ വാഴാലിക്കാവ് ലൊക്കേഷനാണ്.

കൂത്തുമാടത്തിന് പുറകിലായി നിളയിലേക്കുള്ള വീതിയേറിയ പടവുകളിൽ ഏതോ ചിത്രകാരൻ വരച്ച വലിയ ചിത്രത്തിനരികെ നീണ്ട വടികളുമായി ഇരിക്കുന്ന മൂന്നുപേരെ കണ്ടു. ഒരു വൃദ്ധനും രണ്ടു മധ്യവയസ്കരും, സംസാരിച്ചപ്പോൾ കൗതുകകരമായ ഒരു കാര്യമാണ് അറിയാൻ കഴിഞ്ഞത്. മൂന്നുപേരും കന്നുകാലികളെ മേയ്ക്കാൻ വന്നവരാണ്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് പുഴ പിൻവാങ്ങി പച്ചപ്പുകയറിയ നിളയുടെ മണൽ പരപ്പിൽ മേയുന്ന ആടുമാടുകളെ കണ്ടത്. നിളയറിവുകളെക്കുറിച്ചും കുംഭമാസത്തിൽ വരാനിരിക്കുന്ന വേലയെക്കുറിച്ചും മൂന്നുപേരും വാചാലരായി.
ഭാരതപ്പുഴ ഇന്ന് തീരെ മെലിഞ്ഞുതുടങ്ങിയിരിക്കുന്നു. മുമ്പ് ഗ്രാമത്തിലെ എല്ലാവരും കുളിക്കാനും അലക്കാനും വന്നിരുന്ന സ്ഥലമാണ് ആ കടവ്. എല്ലാവർക്കും പരസ്പരം നന്നായി അറിയാമായിരുന്നു. ഗ്രാമത്തിലെ എല്ലാ വിശേഷങ്ങളും അവിടെ വച്ച് പങ്കുവെക്കപ്പെട്ടിരുന്നു.
മകരക്കൊയ്ത്ത്ത് കഴിയുന്നതോടു കൂടി നാട്ടിനാകെ ഉത്സച്ഛായ പടരും. ചുറ്റുവട്ടത്തുള്ള ദേശങ്ങളിൽ നിന്നൊക്കെ വാഴാലിക്കാവിലേക്ക് പൂരം വരും. വീടു വീടാന്തരം പൂതൻ തിറകൾ കയറിയിറങ്ങും, നായാടികൾ വരും. ജോലിസംബന്ധമായി മറ്റു നാടുകളിലേക്കു പോയ വരും, മറ്റു ദേശങ്ങളിലേക്ക് വിവാഹം ചെയ്തു പോയ സ്ത്രീകളും കുടുംബത്തോടൊപ്പം വീടുകളിൽ വരും. പരീക്ഷാകാലമായതിനാൽ കുട്ടികളാണ് ശരിക്കും പെട്ടുപോവുക, മനസ്സിലും നാട്ടിലും ഉത്സവഛായ നിറഞ്ഞു നിൽക്കുമ്പോൾ എങ്ങനെ യാണ് അവർക്ക് പഠിക്കാനാവുക?
രണ്ടു ഭഗവതിമാർ അമ്മ -മകൾ സങ്കൽപത്തിലാണ് ഇവിടെ ഉള്ളത്. വാഴാലി ഭഗവതി അമ്മയും നാവുമ്പക്കാവിലമ്മ (നവകുറുംബക്കാവിലമ്മ) മകൾ എന്നുള്ള സങ്കല്പത്തിലുമാണ് ഉള്ളത്.
സംസാരിച്ചിരിക്കുമ്പോഴാണ് നഷ്ടപ്പെട്ട മോതിരം തിരഞ്ഞ് അടുത്തിടെ വിവാഹിതരായ ദമ്പതിമാർ വന്നത്. കുറച്ചു മുമ്പ് ഫോട്ടോ എടുക്കാനായി വന്നവരായിരുന്നത്രേ. തിരിച്ചു പോവുമ്പോഴാണ് മോതിരം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. മറ്റൊന്നും ആലോചിക്കാതെ കാലി മേക്കാനിരുന്ന മൂന്നുപേരും അവരോടൊപ്പം മോതിരം തിരയാനിറങ്ങി, കൂടെ ഞങ്ങളും. ഏറെനേരം തിരഞ്ഞങ്കിലും മോതിരം കണ്ടത്താനായില്ല. “ദേവിയോട് പ്രാർത്ഥിച്ച് അമ്പലത്തിൽ ഫോൺ നമ്പർ കൊടുത്തിട്ടു പോയാൽ മതി. കിട്ടിയവര് എന്തായാലും തിരിച്ചേൽപിക്കും ഇതൊന്നും ആരു എടുക്കില്ല'' വൃദ്ധൻ അവരെ ആശ്വസിപ്പിച്ച് യാത്രയാക്കി. ഒരു നാട്ടുമ്പുറത്തുകാരന്റെ നന്മയും വിശ്വാസവും ആ വൃദ്ധന്റെ വാക്കുകളിൽ തെളിഞ്ഞുനിൽപ്പുണ്ടായിരുന്നു. നിളയുടെ മറുകരയിൽ ഒരു മലയ്ക്കപ്പുറം ഏതോ തീവണ്ടി ഉച്ചത്തിൽ കൂകി അതിവേഗം കുതിച്ചു നീങ്ങു ന്നുണ്ടായിരുന്നു...
Vazhalikkavu is an unbelievably picturesque destination in Painkulam, Thrissur district. The Koothumadam, where Tholpavakoothu, a type of puppetry show is performed, is the major attraction here. The Sweeping green paddy fields, and the weather-beaten banyan tree on the shores of nearby Bharathapuzha river is something you just can't miss!
Getting there
By Road: IBuses are available from Shoranur to Painkulam.
By Rail: Shoranur is the nearest railway station (9kms).
(മാതൃഭൂമി യാത്ര 2022 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: vazhanikkavu travel, bharathappuzha, palakkad travel, village walk
Published: 01 Apr 2022, 04:52 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented